ആദ്യഘട്ട ലേലത്തില്‍ രോഹന്‍ കുന്നുമ്മല്‍ ക്ലീന്‍ ബൗള്‍ഡ്
IPL
ആദ്യഘട്ട ലേലത്തില്‍ രോഹന്‍ കുന്നുമ്മല്‍ ക്ലീന്‍ ബൗള്‍ഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 23rd December 2022, 6:32 pm

ഐ.പി.എല്‍ 2023ന് മുമ്പായി കൊച്ചിയില്‍ വെച്ച് നടക്കുന്ന മിനി ലേലത്തിലേക്കാണ് ക്രിക്കറ്റ് ആരാധകരുടെ മുഴുവന്‍ കണ്ണുകളും.

ഐ.പി.എല്‍ ലേലത്തില്‍ ഏറെ പ്രതീക്ഷയുണ്ടായിരുന്ന മലയാളി താരമാണ് ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിനായി മിന്നും ഫോമിലുള്ള കോഴിക്കോട്ടുകാരന്‍ കൂടിയായ രോഹന്‍ എസ്. കുന്നുമ്മല്‍.

20 ലക്ഷം രൂപയായിരുന്നു രോഹന്‍ കുന്നുമ്മലിന്റെ അടിസ്ഥാന വില. രാജസ്ഥാന്‍ റോയല്‍സടക്കം മൂന്ന് ഫ്രാഞ്ചൈസികളില്‍ താരം ട്രയല്‍സില്‍ പങ്കെടുത്തിരുന്നു.

ആഭ്യന്തര ക്രിക്കറ്റില്‍ ഈ സീസണില്‍ മികച്ച പ്രകടനമാണ് രോഹന്‍ പുറത്തെടുത്തത്. എന്നാല്‍ അതൊന്നും ഒരു ഐ.പി.എല്‍ ടീമും പരിഗണിച്ചില്ല.

രോഹനെ മിനി താര ലേലത്തിന്റെ ആദ്യ ഘട്ടത്തില്‍ ടീമുകളാരും സ്വന്തമാക്കിയില്ല. ലിസ്റ്റിലെ 33ാം താരമായിരുന്നു രോഹന്‍.

മലയാളി താരത്തിന്റെ നിലവിലെ ഫോം പരിഗണിച്ച് ലേലത്തില്‍ ചില അത്ഭുതങ്ങളുണ്ടായേക്കുമെന്ന വിലയിരുത്തലുണ്ടായിരുന്നെങ്കിലും നിരാശപ്പെടാനായിരുന്നു രോഹന്റെ വിധി.

അതേസമയം, നിരവധി മലയാളി താരങ്ങളാണ് ലേലത്തിനുള്ളത്. ലിസ്റ്റില്‍ 54ാം സ്ഥാനത്തുള്ള പേസര്‍ കെ.എം. ആസിഫിന് 30 ലക്ഷമാണ് അടിസ്ഥാന വില. ചെന്നൈ സൂപ്പര്‍ കിങ്‌സിന് നിരവധി സീസണുകള്‍ കളിച്ചിട്ടുളള താരമാണ് ആസിഫ്.

കഴിഞ്ഞ തവണ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനൊപ്പമുണ്ടായിരുന്ന മുഹമ്മദ് അസറുദ്ദീനും 20 ലക്ഷമാണ് അടിസ്ഥാന വില. സ്പിന്നറായ എസ്. മിഥുന് 20 ലക്ഷം അടിസ്ഥാന വിലയുണ്ട്.

സീനിയര്‍ താരം സച്ചിന്‍ ബേബിയും പട്ടികയലുണ്ട്. 20 ലക്ഷം അടിസ്ഥാനവിലയുള്ള സച്ചിന്‍ രാജസ്ഥാന്‍ റോയല്‍സ്, ആര്‍.സി.ബി, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നിവര്‍ക്കായി കളിച്ചിട്ടുണ്ട്.

യുവതാരം ഷോണ്‍ റോജറാണ് ലേലത്തിലെ മറ്റൊരു ശ്രദ്ധാകേന്ദ്രം. 20 ലക്ഷമാണ് താരത്തിന്റെ അടിസ്ഥാനവില. വിഷ്ണു വിനോദിനും 20 ലക്ഷമാണ് അടിസ്ഥാന വില. ദല്‍ഹി കാപ്പിറ്റല്‍സ്, ഹൈദരാബാദ്, ആര്‍.സി.ബി എന്നിവര്‍ക്കായി കളിച്ചുള്ള പരിചയമുണ്ട് വിഷ്ണുവിന്.

ബേസില്‍ തമ്പിയും ഇത്തവണ ലേലത്തിനുണ്ട്. 20 ലക്ഷമാണ് അടിസ്ഥാനവില. മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്സ്, ഗുജറാത്ത് ലയണ്‍സ് എന്നിവര്‍ക്ക് വേണ്ടി ബേസില്‍ കളിച്ചിട്ടുണ്ട്.

ലിസ്റ്റില്‍ 267മതായി ലേലത്തിനെത്തുക വൈശാഖ് ചന്ദ്രനാണ്. ഈ ഓള്‍റൗണ്ടറുടെ അടിസ്ഥാന വില 20 ലക്ഷമാണ്. അബ്ദുള്‍ ബാസിത്തിനും 20 ലക്ഷം അടിസ്ഥാന വിലയുണ്ട്.

Content Highlight: Malayali Cricket Player Rohan Kunnummal Unsold in 1st Round IPL Auction