എഡിറ്റര്‍
എഡിറ്റര്‍
കൊളംബിയ ക്വാര്‍ട്ടറില്‍
എഡിറ്റര്‍
Sunday 29th June 2014 5:17am

colambia500റിയോ ഡി ജനീറോ: ആതിഥേയരായ ബ്രസീലിന് പിന്നാലെ അയല്‍ക്കാരായ കൊളംബിയയും ലോകക്കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. പ്രീക്വാര്‍ട്ടറില്‍ യുറോഗ്വായെ ഏകപക്ഷീയമായ രണ്ട് ഗോളിന് തകര്‍ത്താണ് കൊളംബിയ ചരിത്രത്തിലാദ്യമായി ലോകക്കപ്പിന്റെ ക്വാര്‍ട്ടറില്‍ ഇടം പിടിച്ചത്. യുവതാരം ജയിംസ് റോഡിഗ്രസാണ് കൊളംബിയക്കായി രണ്ട് ഗോളുകളും നേടിയത്. 

ഇതോടെ ടൂര്‍ണമെന്റിലെ റോഡിഗ്രസിന്റെ മൊത്തം ഗോള്‍ നേട്ടം അഞ്ചായി ഉയര്‍ന്നു. നാല് ഗോള്‍ വീതം നേടിയ മെസ്സിയെയും നെയ്മറെയും മുള്ളറെയും പിന്തള്ളി തനിച്ച് ടോപ് സ്‌കോററായിരിക്കുകയാണ് കൊളംബിയന്‍ താരം. സമാന ശൈലി പിന്തുടരുന്ന രണ്ട് ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ തമ്മിലുള്ള മത്സരത്തിനായിരുന്നു മാറക്കാന സ്റ്റേഡിയം വേദിയായത്. 

അതില്‍ ഒരു ടീമെന്ന നിലയില്‍ കൂടുതല്‍ ഒത്തിണക്കം കാണിച്ചത് കൊളംബിയയായിരുന്നു. ഒരു കൂട്ടം യുവ താരങ്ങളുടെ ഒത്തിണക്കത്തില്‍ മുന്നേറിയെത്തിയ ഹിഗ്വിറ്റയുടെ നാട്ടുകാര്‍ പ്രീക്വാര്‍ട്ടറിലും ആ മികവ് പുറത്തെടുത്തു. ആദ്യ പകുതിയുടെ ഇരുപത്തിയെട്ടാം മിനിറ്റിലായിരുന്നു റോഡിഗ്രസിന്റെ ആദ്യ ഗോള്‍. ടൂര്‍ണമെന്റിലെ ഏറ്റവും മനോഹരമായ ഗോളുകളിലൊന്നായിരുന്നു അത്. 

ആബേല്‍ അഗുലര്‍ ഉയര്‍ത്തി നല്‍കിയ പന്ത് പെനാല്‍റ്റി ബോക്‌സിന് തൊട്ട് മുമ്പില്‍ നിന്നിരുന്ന റോഡിഗ്രസിന് മുന്നിലേക്ക്. നെഞ്ച് കൊണ്ട് ബോള്‍ നിയന്ത്രിച്ച് നിലത്ത് വീഴും മുമ്പ് ഇടം കാലു കൊണ്ട് പോസ്റ്റ് ലക്ഷ്യമാക്കി റോഡിഗ്രസിന്റെ തകര്‍പ്പന്‍ വോളി. യുറോഗ്വായ് ഗോള്‍ കീപ്പര്‍ മുസലരെയെ കീഴ്‌പ്പെടുത്തി ബോള്‍ ക്രോസ് ബാറിന് തൊട്ടു താഴെ തട്ടി വലയില്‍ വിശ്രമിച്ചു. 

ഒരു ഗോള്‍ ലീഡോടെ കൊളംബിയ ആദ്യ പകുതി അവസാനിപ്പിച്ചു. രണ്ടാം പകുതിയിയുടെ അമ്പതാം മിനിറ്റിലാണ് റോഡിഗ്രസിന്റെ അടുത്ത ഗോള്‍ പിറന്നത്. ആദ്യ ഗോള്‍ വ്യക്തിഗത മികവ് കൊണ്ട് നേടിയതാണെങ്കില്‍ രണ്ടാമത്തേത് ടീം വര്‍ക്കിന്റെ ഉത്തമോദാഹരണമായിരുന്നു. യുറോഗ്വായ് ബോക്‌സിന് പുറത്ത് വച്ച് തട്ടി കളിച്ച പന്ത് ഇടത് വിങ്ങില്‍ പാബ്ലോ അര്‍മേരയുടെ കാലില്‍. 

പെനാല്‍റ്റി ബോക്‌സ് ലക്ഷ്യം വച്ച് അര്‍മേര നല്‍കിയ ക്രോസ് ഇടത് പോസ്റ്റിന് ചാരി പുറത്തേക്കെന്ന് തോന്നിച്ചു. പക്ഷെ പറന്നെത്തിയ കുഡാര്‍ഡോ പന്ത് ബോക്‌സിനുള്ളിലേക്ക് ഹെഡ് ചെയ്തിട്ടു. ഊഴം കാത്ത് നിന്ന റോഡിഗ്രസിന്റെ കാലില്‍. ഉ്ഗ്രനൊരു ഫിനിഷിങ്ങിലൂടെ റോഡിഗ്രസ് ടൂര്‍ണമെന്റിലെ തന്റെ ഗോള്‍ നേട്ടം അഞ്ചാക്കി ഉയര്‍ത്തി.

Advertisement