പാകിസ്ഥാനെയും ശ്രീലങ്കയെയും അഫ്ഗാനെയും ഒരുമിച്ച് പഞ്ഞിക്കിട്ടു; അന്നത്തെ അതേ സ്വാഗില്‍ ഉത്തപ്പയും ഗംഭീറും
Sports News
പാകിസ്ഥാനെയും ശ്രീലങ്കയെയും അഫ്ഗാനെയും ഒരുമിച്ച് പഞ്ഞിക്കിട്ടു; അന്നത്തെ അതേ സ്വാഗില്‍ ഉത്തപ്പയും ഗംഭീറും
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 15th March 2023, 5:26 pm

എന്തിനാണ് ഇവര്‍ വിരമിച്ചത്, ഇനിയും ഇന്ത്യന്‍ ടീമില്‍ തുടരാമായിരുന്നില്ലേ എന്ന് ഓരോ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ കൊണ്ടും ചോദിപ്പിക്കുന്ന പ്രകടനമായിരുന്നു കഴിഞ്ഞ ദിവസം ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റില്‍ കണ്ടത്. ഇന്ത്യ മഹാരാജാസിനായി റോബിന്‍ ഉത്തപ്പയും ഗൗതം ഗംഭീറും കൊടുങ്കാറ്റായപ്പോള്‍ എതിരാളികളായ ഏഷ്യ ലയണ്‍സിന് പരാജയം സമ്മതിക്കാനല്ലാതെ മറ്റൊരു വഴിയും ഉണ്ടായിരുന്നില്ല.

പാകിസ്ഥാന്‍, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ ടീമുകളിലെ ഇതിഹാസ താരങ്ങളുടെ കളക്ടീവ് യൂണിറ്റായ ഏഷ്യ ലയണ്‍സിനെ പരാജയപ്പെടുത്തിയായിരുന്നു മഹാരാജാസ് കളം നിറഞ്ഞാടിയത്.

ഷോയ്ബ് അക്തറും സൊഹൈല്‍ തന്‍വീറും തിസര പെരേരയും അടങ്ങുന്ന ലെജന്‍ഡറി താരങ്ങളോട് ഒരു ബഹുമാനവും കാണിക്കാതെയായിരുന്നു റോബിന്‍ ഉത്തപ്പയും ഗൗതം ഗംഭീറും റണ്ണടിച്ചുകൂട്ടിയത്. ഒന്നിന് പിറകെ ഒന്നെന്ന നിലയില്‍ പന്ത് ബൗണ്ടറി കടക്കുന്നത് നോക്കി നില്‍ക്കാന്‍ മാത്രമായിരുന്നു ലയണ്‍സിന്റെ കരുത്തന്‍മാര്‍ക്കായത്.

ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനയച്ച മഹാരാജാസ് നായകന്‍ ഗൗതം ഗംഭീറിന്റെ തീരുമാനം തെറ്റുന്ന കാഴ്ചയായിരുന്നു ആദ്യ വിക്കറ്റില്‍ കണ്ടത്. അടക്കി നിര്‍ത്താന്‍ സാധിക്കാത്ത സിംഹളവീര്യത്തിന്റെ പോരാട്ടവീര്യം പുറത്തെടുത്ത് ഉപുല്‍ തരംഗയും തിലകരത്‌നെ ദില്‍ഷനും കത്തിക്കയറി.

ആദ്യ വിക്കറ്റില്‍ 73 റണ്‍സാണ് ഇരുവരും ചേര്‍ന്ന് സ്വന്തമാക്കിയത്. 27 പന്തില്‍ നിന്നും 32 റണ്‍സ് നേടിയ ദില്‍ഷനെ പുറത്താക്കി സ്റ്റുവര്‍ട്ട് ബിന്നിയാണ് കൂട്ടുകെട്ട് പൊളിച്ചത്.

എന്നാല്‍ വണ്‍ ഡൗണായെത്തിയ മുഹമ്മദ് ഹഫീസിനും നാലാമന്‍ ക്യാപ്റ്റന്‍ മിസ്ബ ഉള്‍ ഹഖിനും ഒന്നും ചെയ്യാന്‍ സാധിക്കാതെ പോയി. ഹഫീസ് രണ്ട് റണ്‍സ് നേടി പുറത്തായപ്പോള്‍ മിസ്ബ സില്‍വര്‍ ഡക്കായി മടങ്ങി.

പിന്നാലെയെത്തിയ അഫ്ഗാനിസ്ഥാന്‍ ലെജന്‍ഡ് അസ്ഗര്‍ അഫ്ഗാന്‍ 15 റണ്‍സ് നേടിയപ്പോള്‍ അബ്ദുള്‍ റസാഖ് 17 പന്തില്‍ നിന്നും പുറത്താകാതെ 27 റണ്‍സ് നേടി.

ഒരു വശത്ത് വിക്കറ്റ് വീഴുമ്പോഴും മറുവശത്ത് പാറ പോലെ ഉറച്ചുനിന്ന തരംഗയാണ് ലയണ്‍സിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 48 പന്തില്‍ നിന്നും ഏഴ് ബൗണ്ടറിയും രണ്ട് സിക്‌സറുമായി 69 റണ്‍സാണ് താരം നേടിയത്.

ഒടുവില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റിന് 157 എന്ന നിലയില്‍ ലയണ്‍സ് പോരാട്ടം അവസാനിപ്പിച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മഹാരാജാസിന് പെട്ടെന്ന് കളി തീര്‍ക്കണം എന്ന മനോഭാവമായിരുന്നു. മുമ്പില്‍ കിട്ടിയ ലെജന്‍ഡറി ബൗളര്‍മാരെയെല്ലാം ഉത്തപ്പയും ഗംഭീറും ചേര്‍ന്ന് മാറി മാറി പഞ്ഞിക്കിട്ടു.

39 പന്തില്‍ നിന്നും 11 ഫോറും അഞ്ച് സിക്‌സറുമായി ഉത്തപ്പ പുറത്താകാതെ 88 റണ്‍സ് നേടിയപ്പോള്‍ 36 പന്തില്‍ നിന്നും 12 ബൗണ്ടറിയുമായി പുറത്താകാതെ 61 റണ്‍സായിരുന്നു ഗംഭീര്‍ അടിച്ചെടുത്തത്. എക്‌സ്ട്രാസ് ഇനത്തില്‍ പത്ത് റണ്‍സ് കൂടി മഹരാജാസിന്റെ അക്കൗണ്ടിലെത്തിയപ്പോള്‍ 12.3 ഓവറില്‍ മഹാരാജാസ് മത്സരം പിടിച്ചടക്കി.

ടൂര്‍ണമെന്റില്‍ മഹാരാജാസിന്റെ ആദ്യ വിജയമാണിത്. നിലവില്‍ മൂന്ന് മത്സരത്തില്‍ നിന്നും ഒരു ജയം സ്വന്തമാക്കിയ മഹാരാജാസ് രണ്ടാം സ്ഥാനത്താണ്. മൂന്നില്‍ രണ്ട് വിജയവുമായി ഏഷ്യ ലയണ്‍സ് ഒന്നാമതും രണ്ട് മത്സരം കളിച്ച് ഒരു ജയം സ്വന്തമായുള്ള വേള്‍ഡ് ജയന്റ്‌സ് മൂന്നാമതുമാണ്.

 

Content Highlight: Robin Uthappa and Gautam Gambhir leads India Maharajas to victory in LLC