എഡിറ്റര്‍
എഡിറ്റര്‍
വധേര ഭൂമി ഇടപാട്; അന്വേഷണത്തിന് ഉത്തരവിട്ട ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി
എഡിറ്റര്‍
Tuesday 16th October 2012 9:15am

ഹരിയാന: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വധേരയുടെ ഭൂമിയിടപാടിനെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ട ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി.

ഹരിയാന ഭൂമി രജിസ്റ്റര്‍ വകുപ്പിലെ ഉദ്യോഗസ്ഥനായ അശോക് ഖേംകയെയാണ് സ്ഥലം മാറ്റിയത്. ഹരിയാന സീഡ്‌സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ മാനേജിങ് ഡയറക്ടറായിട്ടാണ് ഖേംകയെ മാറ്റിയത്.

വധേര- ഡി.എല്‍.എഫ് ഇടപാടിനെ കുറിച്ച് അഴിമതി വിരുദ്ധ ഇന്ത്യ നേതാവ് അരവിന്ദ് കെജ്‌രിവാള്‍ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നായിരുന്നു ഖേംക അന്വേഷണത്തിന് ഉത്തരവിട്ടത്.

അന്വേഷണം ആരംഭിച്ച ഉടന്‍ തന്നെ ഇദ്ദേഹത്തെ സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവ് ഇറക്കുകയായിരുന്നു. ഒക്ടോബര്‍ 11നാണ് ഇദ്ദേഹത്തിന് സ്ഥലം മാറ്റ ഉത്തരവ് ലഭിക്കുന്നത്. ഇതിന് മൂന്ന് ദിവസം മുന്‍പായിരുന്നു അന്വേഷണത്തിന് ഉത്തരവിട്ടത്.

റിയല്‍ എസ്‌റ്റേറ്റ് വ്യവസായികളായ ഡി.എല്‍.എഫ്, റോബര്‍ട്ട് വധേരയ്ക്ക് 65 കോടി രൂപ ഈടില്ലാതെ പലിശരഹിത വായ്പയായി നല്‍കിയെന്നായിരുന്നു കെജ്‌രിവാള്‍ ആരോപിച്ചത്.

തുടര്‍ന്ന് ഈ തുക ഉപയോഗിച്ച് അദ്ദേഹം ഹരിയാനയിലും ദല്‍ഹിയിലും ഭൂമി വാങ്ങിക്കൂട്ടി. ഇതിനായി അദ്ദേഹം സ്വാധീനം ചെലുത്തി. ഇത്തരത്തില്‍ വാങ്ങിയ ഭൂമി വധേര ഡി.എല്‍.എഫിന് ഉയര്‍ന്ന വിലയ്ക്ക് കൈമാറിയെന്നും കെജ്‌രിവാള്‍ ആരോപിച്ചിരുന്നു.

വധേരയുടെ സ്‌കൈ ലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് ഡി.എല്‍.എഫിന് നല്‍കിയ 3.53 ഏക്കര്‍ ഭൂമിയുടെ കൈമാറ്റം റദ്ദാക്കാനും ഖേംക നിര്‍ദേശിച്ചിരുന്നു. ഇടപാടില്‍ പ്രഥമദൃഷ്ട്യാ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി.

1991 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ഖേംക കേവലം 50 ദിവസം മാത്രമാണ് രജിസ്‌ട്രേഷന്‍ വകുപ്പിലിരുന്നത്. അഴിമതിക്കും അവിശുദ്ധ ഇടപാടുകള്‍ക്കുമെതിരേ കര്‍ശന നടപടികള്‍ സ്വീകരിച്ചിരുന്ന ഇദ്ദേഹത്തിനെ നാല്‍പത്തിമൂന്നാം തവണയാണ് സ്ഥലം മാറ്റുന്നത്. നേരത്തെ തന്റെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും ഭീഷണിയുണ്ടെന്നും ഖേംക പറഞ്ഞിരുന്നു.

Advertisement