ചരിത്രത്തില്‍ റോബര്‍ട്ട് മുഗാബെ
Obituary
ചരിത്രത്തില്‍ റോബര്‍ട്ട് മുഗാബെ
അഭിനന്ദ് ബി.സി
Friday, 6th September 2019, 7:56 pm

അന്തരിച്ച മുന്‍ സിംബാംവെ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെക്ക് ചരിത്രത്തില്‍ രണ്ടു വ്യാഖ്യാനങ്ങളാണുണ്ടാകുക.1960-70 കാലഘട്ടങ്ങളില്‍ കറുത്തവര്‍ഗക്കാരുടെ അവകാശങ്ങള്‍ക്കായി പോരാടിയ മുഗാബെ പിന്നീട് വര്‍ഷങ്ങള്‍ക്കിപ്പുറം അധികാരമോഹിയായ സ്വേഛാധിപതിയായാണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്.

1980 ല്‍ സിംബാവെ പ്രസിഡന്റായി അധികാരത്തിലേറിയ മുഗാബെ പിന്നീട് 2017 ലാണ് അധികാരം വിട്ടൊഴിയുന്നത്. അതും മുഗാബെയുടെ രാജിക്കായി കനത്ത രാഷ്ട്രീയസമ്മര്‍ദ്ദം ഉയര്‍ന്നപ്പോള്‍.

1960 കളില്‍ ബ്രിട്ടീഷ് കോളനിവല്‍ക്കരണത്തിന്റെ അഴിമതികള്‍ക്കെതിരെ അഹോരാത്രം പോരാടിയ മുഗാബെയുടെ രാഷ്ട്രീയജീവിതം അവസാനിക്കുന്നതും അഴിമതിയുടെ പേരിലാണെന്നതാണ് വാസ്തവം. വന്‍തോതിലുള്ള അഴിമതിയും സ്വജനപക്ഷപാതവും അധികാരദുര്‍വിനിയോഗവും മുഗാബെയ്ക്കെതിരെ ജനരോഷമിരമ്പാന്‍ കാരണമായി.

 

1924 ഫെബ്രുവരി 21 ന് അന്നത്തെ ബ്രിട്ടീഷ് കോളനിയായ റൊദേഷ്യായില്‍ ജനിച്ച മുഗാബെ 1964 ല്‍ ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ അഴിമതിയാരോപണം ഉന്നയിച്ചതിന്റെ പേരില്‍ 10 വര്‍ഷത്തോളം ജയിലിലടയ്ക്കപ്പെട്ടു. സിംബാംവെയുടെ വിമോചനത്തിനായി തുടര്‍ന്നും ജനകീയസമരങ്ങള്‍ സംഘടിപ്പിച്ച മുഗാബെ വളരെ പെട്ടന്ന് ജനകീയനായി മാറി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

1973 ല്‍ ജയിലിരിക്കെത്തന്നെ സിംബാംവെ ആഫ്രിക്കന്‍ നാഷണല്‍ യൂണിയന്‍ പ്രസിഡന്റായി. ഈ സംഘടനയുടെ സ്ഥാപകനേതാക്കളിലൊരാള്‍ കൂടിയായിരുന്നു മുഗാബെ.

പിന്നീട് സിംബാവെ സ്വതന്ത്രമായപ്പോള്‍ തങ്ങളെ നയിക്കാന്‍ ജനങ്ങള്‍ പ്രസിഡന്റായി തെരെഞ്ഞെടുത്തതും മുഗാബെയായിരുന്നു. അങ്ങനെ 1980 ലാണ് സിംബാവെയുടെ അധികാരിയായി റോബര്‍ട്ട് മുഗാബെ എത്തുന്നത്. കറുത്തവര്‍ഗക്കാരുടെ അവകാശങ്ങള്‍ക്കായി നിലകൊണ്ട മുഗാബെ പിന്നീട് സിംബാവെയിലെ ന്യൂനപക്ഷമായ വെളുത്തവര്‍ഗക്കാരെ രാജ്യത്ത് നിന്ന് പുറത്താക്കാനുള്ള നടപടികളിലേക്കു തിരിയുക വരെയുണ്ടായി.

 

പിന്നീട് ഇദ്ദേഹത്തിന്റെ ഭരണത്തില്‍ രാജ്യം രൂക്ഷമായ സാമ്പത്തിക തകര്‍ച്ചയിലേക്കാണ് നീങ്ങിയത്. പട്ടാളത്തെ തന്റെ ചൊല്‍പ്പടിക്കു നിര്‍ത്താനും മുഗാബെക്ക് കഴിഞ്ഞു. വലിയരാഷ്ട്രീയ പ്രതിസന്ധിഘട്ടങ്ങളിലൊന്നും അധികാരം വിട്ടൊഴിയാന്‍ മുഗാബെ തയ്യാറായില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ദൈവത്തിനുമാത്രമേ തന്നെ സ്ഥാനഭ്രഷ്ടനാക്കാന്‍ പറ്റൂ എന്നാണ് ഒരുവേള അദ്ദേഹം പറഞ്ഞത്. തുടര്‍ന്നിങ്ങോട്ട് അഴിമതിയാരോപണങ്ങളുടെ കുത്തൊഴുക്കാണ് മുഗാബെയ്ക്കും കുടുംബത്തിനു നേരെ വന്നത്. ഒടുവില്‍ 2017 പട്ടാള അട്ടിമറിയിലൂടെയാണ് റോബര്‍ട്ട മുഗാബെ അധികാരത്തില്‍ നിന്നും പുറത്താകുന്നത്. ഏറെക്കാലമായി വാര്‍ധക്യസഹജമായ രോഗങ്ങളാല്‍ ചികിത്സയിലായിരുന്നു മുഗാബെ . 95 കാരനായ ഈ നേതാവിന്റെ മരണത്തോടെ 37 വര്‍ഷം അധികാരത്തിലിരുന്ന സംഭവ ബഹുലമായ ജീവിതത്തിനാണ് അന്ത്യമായിരിക്കുന്നത്.

അഭിനന്ദ് ബി.സി
ഡൂള്‍ന്യൂസ് സബ്എഡിറ്റര്‍ ട്രെയ്‌നി, വടകര എസ്.എന്‍ കോളേജില്‍ നിന്ന് ബിരുദം. കോഴിക്കോട് പ്രസ്‌ക്ലബ്ബില്‍ നിന്ന് ജേര്‍ണലിസത്തില്‍ നിന്ന് പി.ജി ഡിപ്ലോമ.