റിയാസ് മൗലവി വധം: ഈ മാസം അഞ്ചിന് തുടങ്ങാനിരുന്ന കേസിന്റെ വിചാരണ കോടതി സ്റ്റേ ചെയ്തു
Kerala
റിയാസ് മൗലവി വധം: ഈ മാസം അഞ്ചിന് തുടങ്ങാനിരുന്ന കേസിന്റെ വിചാരണ കോടതി സ്റ്റേ ചെയ്തു
ന്യൂസ് ഡെസ്‌ക്
Saturday, 3rd March 2018, 1:15 am

കാസര്‍കോട്: റിയാസ് മൗലവിയെ അതിക്രൂരമായി കഴുത്തറുത്ത് കൊന്ന കേസില്‍ ഈ മാസം അഞ്ചിന് തുടങ്ങാനിരുന്ന വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു. പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തണമെന്നാവശ്യപ്പെട്ട് ഭാര്യ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചതിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി. കാസര്‍കോട് ജില്ലാ കോടതിയില്‍ ഈമാസം അഞ്ചിന് തുടങ്ങാനിരുന്ന കേസിന്റെ വിചാരണയാണ് കോടതി സ്റ്റേ ചെയ്തത്.

യു.എ.പി.എ ചുമത്തണമെന്നാവശ്യപ്പെട്ട് റിയാസ് മൗലവിയുടെ ഭാര്യ കര്‍ണാടക കുടക് ജില്ല ഹൊഡബയിലെ എം.ഇ സെയ്ദ ജില്ലാ സെഷന്‍ കോടതിയില്‍ നല്‍കിയ ഹര്‍ജി കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. തുടര്‍ന്ന്് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസില്‍ വിചാരണ അഞ്ചിന് ആരംഭിക്കാനിരിക്കെയാണ് ഹരജി സമര്‍പ്പിച്ചത്.

2010 മുതല്‍ 17 വരെയുള്ള കാലയളവില്‍ ചൂരി പ്രദേശത്ത് നാലോളം മുസ്്‌ലിം യുവാക്കള്‍ കൊല്ലപ്പെട്ടതായും ഭയംസൃഷ്ടിച്ച് മുതലെടുപ്പ് നടത്തുകയായിരുന്നു ലക്ഷ്യമെന്നും ഇത്തരം കൊലപാതക കേസുകള്‍ക്ക് അറുതിവരുത്താന്‍ പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തണമെന്നും ഹരജിക്കാരിക്ക് വേണ്ടി ഹാജരായ അഡ്വ. സി. ഷുക്കൂര്‍ ജില്ലാ കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ യു.എ.പി.എ ചുമത്താന്‍ ജില്ലാ കോടതിക്ക് അധികാരമില്ലെന്നും ഹരജിക്കാര്‍ക്ക് മേല്‍കോടതിയെ സമീപിക്കാമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി.വി ജയരാജന്‍ കോടതിയെ ബോധിപ്പിക്കുകയായിരുന്നു. പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്താന്‍ പാടില്ലെന്ന് പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഡ്വ. സുനില്‍ കുമാറും വാദിച്ചിരുന്നു.

2017 മാര്‍ച്ച് 21ന് രാത്രിയാണ് റിയാസ് മൗലവിയെ ചൂരി പള്ളിയോട് ചേര്‍ന്നുള്ള മുറിയില്‍ അതിക്രമിച്ചുകയറി മൂന്നോളം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കഴുത്തറുത്തു കൊലപ്പെടുത്തിയത്. കേസിലെ മൂന്നു പ്രതികളും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഇവര്‍ക്കെതിരെ യു.എ.പി.എ ചുമത്തണമെന്നാവശ്യപ്പെട്ട് മുസ്്‌ലിം ലീഗ് അടക്കമുള്ള നിരവധി സംഘടനകള്‍ നേരത്തെ രംഗത്തു വന്നിരുന്നു.