എഡിറ്റര്‍
എഡിറ്റര്‍
‘ഏകീകൃത സിവില്‍ നിയമം എന്ത്, എന്തിന്’ റിഫ ചര്‍ച്ച നടത്തി
എഡിറ്റര്‍
Wednesday 9th November 2016 1:00pm

rifa34

റിയാദ് : റിയാദ് ഇന്ത്യന്‍ ഫ്രണ്ട്ഷിപ് അസ്സോസിയേഷന്റെ (റിഫ) ആഭിമുഖ്യത്തില്‍ ‘ഏകീകൃത സിവില്‍ നിയമം എന്ത്, എന്തിന്’ എന്ന വിഷയത്തെ ആസ്പദമാക്കി ചര്‍ച്ച സംഘടിപ്പിച്ചു.

റിഫ പ്രസിഡന്റ്റ് ജിമ്മി പോള്‍സണ്‍ ചര്‍ച്ച ഉദ്ഘാടനം ചെയ്തു. പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകന്‍ ജയചന്ദ്രന്‍ നെരുവംബ്രം വിഷയം അവതരിപ്പിച്ചു. ആര്‍ മുരളീധരന്‍ മോഡറേറ്ററായിരുന്നു.

നിലവിലുള്ള മതാധിഷ്ടിത സിവില്‍ നിയമങ്ങളില്‍  ലിംഗസമത്വവും തുല്യനീതിയും ഉറപ്പാക്കാന്‍ കഴിയുന്നില്ലെന്ന് വിഷയമവതരിപ്പിച്ചുകൊണ്ടു ജയചന്ദ്രന്‍ നെരുവംബ്രം പറഞ്ഞു.

അതുകൊണ്ട്  ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും അടിസ്ഥാനത്തില്‍  ഏറ്റവും പുതിയ കാലത്തെ അഭിമുഖീകരിക്കാന്‍ പര്യാപ്തമായ  തരത്തില്‍ സിവില്‍ നിയമങ്ങളില്‍  കാലോചിതമായ പരിഷ്‌കരണങ്ങള്‍ വരുത്തി ഏകീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് വിഷയം അവതരിപ്പിച്ചുകൊണ്ട് ജയചന്ദ്രന്‍ അഭിപ്രായപ്പെട്ടു.

ബ്രിട്ടീഷ് കാലഘട്ടത്തില്‍ ഇസ്‌ലാമിക സിവില്‍ നിയമങ്ങള്‍ ക്രോഢീ കരിച്ചപ്പോള്‍ ചില അപാകതകള്‍ പറ്റിയിട്ടുണ്ടെന്നും അവ പരിഹരിക്കപ്പെടേണ്ടതാണെന്നും അഡ്വ. കെ ജെ  റെജി പറഞ്ഞു.

ഭരണഘടനയുടെ നിര്‍ദേശകതത്വങ്ങളുടെ അടിസ്ഥാനത്തില്‍ എല്ലാ മതങ്ങളിലുമുള്ള ലിംഗനീതിപരമായ അപാകതകള്‍ നീക്കി പൊതു സിവില്‍ നിയം നാട്ടില്‍ നടപ്പാക്കണമെന്ന് ദീപക് ( സമന്വയ റിയാദ്) പറഞ്ഞു.

ആര്‍.എസ്.എസ്സിന്റെ പ്രഖ്യാപിത രാഷ്ട്രീയ അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നിയമ കമ്മീഷനെക്കൊണ്ട് ചോദ്യാവലി പുറപ്പെടുവിച്ചതെന്ന് സുധീര്‍ കുമ്മിള്‍ (നവോദയ റിയാദ്) ആരോപിച്ചു.

വൈവിധ്യങ്ങള്‍ നിലനില്‍ക്കുന്ന രാജ്യത്ത് സിവില്‍ നിയമങ്ങളുടെ ഏകീകരണം ഒരു മുന്‍ഗണനാവിഷയമല്ലന്നും മതസംഘടനകളെക്കൂടി വിശ്വാസത്തിലെടുത്തുകൊണ്ടു സമവായത്തില്‍ കൂടി  സാവധാനം ചെയ്യേണ്ടതാണെന്നും സുധീര്‍ പറഞ്ഞു.

സംസ്ഥാന നിയമസഭകളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടുകൊണ്ട് സാമുദായിക ധ്രുവീകരണമുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനാനുള്ള ബി ജെ പി യുടെ ശ്രമമാണ് ഇപ്പോഴത്തെ പൊതു സിവില്‍ കോഡ് വിവാദങ്ങള്‍ക്ക് പിന്നിലുള്ളതെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇതൊരു മുന്‍ഗണനാവിഷയമല്ലെന്നും തനിമ പ്രതിനിധി അഡ്വ. ഷാനവാസ് പറഞ്ഞു.

പൊതുസിവില്‍ നിയമം മതസ്വാതന്ത്ര്യത്തിനെതിരും ഭരണഘടനയുടെ  മൗലികാവകാശങ്ങളുടെ  നിഷേധവുമാണെന്നും അതിനാല്‍തന്നെ  നടപ്പിലാക്കാന്‍ കഴിയില്ലെന്ന് ബി ജെ പിക്കുതന്നെ നന്നായറിയാമെന്നും ഇപ്പോഴത്തെ കോലാഹലങ്ങള്‍ വെറും രാഷ്ട്രീയനാടകങ്ങളാണെന്നും അബ്ദുള്ള വല്ലാഞ്ചിറ (ഒ ഐ സി സി) പറഞ്ഞു.

എല്ലാ മതവിഭാഗങ്ങളുടെയും സിവില്‍ നിയമങ്ങളില്‍ നിന്നുമുള്ള  പുരോഗമനപരമായ ആശയങ്ങള്‍ ഉള്‍പ്പെടുത്തി പൊതുനിയമം കൊണ്ടുവരേണ്ടതാണെന്നു സക്കീര്‍ വടക്കുംതല (ന്യൂ ഏജ് സാംസ്‌കാരികവേദി) പറഞ്ഞു.

ലിംഗസമത്വത്തിനു മുന്‍ഗണന കൊടുത്തുകൊണ്ടുള്ള പൊതു സിവില്‍ നിയമം നടപ്പിലാക്കേണ്ടതാണെന്നു അഡ്വ സീമ രാജേഷ് (സമന്വയ) പറഞ്ഞു.

പൊതു സിവില്‍ നിയമം ഇപ്പോള്‍ ചര്‍ച്ചക്കെടുക്കേണ്ട  ഒരു മുന്‍ഗണനാവിഷയമേയല്ലെന്ന് മാധ്യമം ബ്യുറോ ചീഫ് ഇമാനു റഹ്മാന്‍ പറഞ്ഞു. ഏകശിലാമുഖമായ ഒരു നിയമം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ്  പൊതു സിവില്‍ നിയമത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ കൂടി  ബി ജെ പി  ലക്ഷ്യമാക്കുന്നതെന്ന് ഫിറോസ് (യൂത്ത് ഇന്ത്യ) പറഞ്ഞു.

ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ച ഫൈസല്‍ കൊണ്ടോട്ടി, മന്‍മോഹന്‍, വിജയകുമാര്‍, ഹരികൃഷ്ണന്‍, ജിമ്മി പോള്‍സണ്‍ എന്നിവരും പൊതു സിവില്‍ നിയമം നടപ്പിലാക്കണമെന്ന് വാദിച്ചു. അഹമ്മദ് മേലാറ്റൂരും ചര്‍ച്ചയില്‍ പങ്കെടുത്തു. പ്രോഗ്രാം കണ്‍വീനര്‍ നിബു വര്‍ഗീസ് സ്വാഗതവും സെക്രട്ടറി കെ പി ഹരികൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Advertisement