എഡിറ്റര്‍
എഡിറ്റര്‍
കേന്ദ്ര സംസ്ഥാനസര്‍ക്കാരുകള്‍ക്ക് ഭീമഹരജി; ഒപ്പുശേഖരണത്തിന് തുടക്കമിട്ട് റിയാദ് ജനാധിപത്യ മതേതരവേദി
എഡിറ്റര്‍
Tuesday 1st August 2017 9:57am

റിയാദ്: കാലാകാലങ്ങളായി ഇന്ത്യപുലര്‍ത്തിപ്പോന്നിരുന്ന ജനാധിപത്യമതേതര മൂല്യങ്ങള്‍ക്ക് കടകവിരുദ്ധമായ സംഭവവികാസങ്ങളാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വര്‍ദ്ധിച്ചതോതില്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലും നടന്നുകൊണ്ടിരിക്കുന്നത്.

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കും മൗലികാവകാശങ്ങള്‍ക്കും വിരുദ്ധമായി, നീതിന്യായ സംവിധാനങ്ങളെയാകെ വെല്ലുവിളിച്ചുകൊണ്ട് ആള്‍ക്കൂട്ടങ്ങള്‍ നിസ്സഹായരായ സാധാരണമനുഷ്യരെ മതത്തിന്റെയും ജാതിയുടെയും വേഷത്തിന്റെയും ഭക്ഷണത്തിന്റെയും പേരില്‍ ആക്രമണത്തിന് വിധേയരാകുന്ന സംഭവങ്ങള്‍ (Lynching) നിത്യേനയെന്ന തരത്തില്‍ നടന്നുകൊണ്ടിരിക്കുന്നു.

ഇതിനെ ഫലപ്രദമായ രീതിയില്‍ തടയാനോ അക്രമകാരികള്‍ക്കെതിരെ സത്വര നടപടിയെടുക്കാനോ അവരെ സമയബന്ധിതമായി നീതിന്യായവ്യവസ്ഥക്ക് മുന്നില്‍ കൊണ്ടുവന്ന് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കാനോപീഡിപ്പിക്കപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം വാങ്ങിക്കൊടുക്കാനോ അവരുടെ കുടുംബങ്ങളെ പുനരധിവസിപ്പിക്കാനോ നിലവിലുള്ള നിയമസംവിധാനങ്ങള്‍ക്ക് കഴിയുന്നില്ല.

നീതിനിര്‍വഹണ സംവിധാനത്തിന്റെ തകര്‍ച്ചയും ഭരണാധികാരികളുടെ ഉദാസീനതയും രാജ്യത്തെ മുസ്ലിങ്ങളുടെയും ദളിതുകളുടെയും ന്യൂനപക്ഷങ്ങളുടെയും ജീവിതങ്ങള്‍ അരക്ഷിതമായിക്കൊണ്ടിരിക്കുന്ന ഈ അവസ്ഥയോട് ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും ആശങ്കാകുലരാണ്.

നഷ്ടപ്പെടുന്ന മഹത്തായ നമ്മുടെ ഭരണഘടന തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് രാജ്യത്തിന്റെ പലഭാഗങ്ങളിലും ജനാധിപത്യ-മതേതര വിശ്വാസികള്‍ പ്രക്ഷോഭം നടത്തിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തു നടക്കുന്ന ഇത്തരം പ്രക്ഷോഭപരിപാടികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള വിദേശ ഇന്ത്യാക്കാര്‍ ജനാധിപത്യ മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സമ്മേളനങ്ങള്‍ നിരന്തരമായി നടത്തിക്കൊണ്ടിരിക്കുകയാണ്.

അതിന്റെ ഭാഗമായി സൗദി അറേബിയയുടെ തലസ്ഥാന നഗരമായ റിയാദിലും ജനാധിപത്യ മതേതര വിശ്വാസികളായ മലയാളികള്‍ ഒത്തുചേരുകയും ഇക്കഴിഞ്ഞ ജൂലായ് 8-നു ഒരു ഐക്യദാര്‍ഢ്യ സമ്മേളനം (#Not In My Name) നടത്തുകയും ചെയ്തു. സംഘടനാപരമായും വ്യക്തിപരമായും നിരവധിപേര്‍ പ്രസ്തുത സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

ജൂലായ് 8-ന്റെ സമ്മേളനത്തിന്റെ തുടര്‍ച്ചയെന്ന നിലയില്‍, അന്നത്തെ യോഗത്തില്‍ സഹകരിച്ചവര്‍ ഒത്തുചേര്‍ന്ന് ഒരു സംഘടനാരൂപം ഉണ്ടാക്കുകയും ഇന്‍ഡ്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യ മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതരത്തിലുള്ള തുടര്‍പരിപാടികള്‍ റിയാദിലും സൗദിയിലെ മറ്റു നഗരങ്ങളിലും നടത്താനും തീരുമാനിച്ചു.

നീതിന്യായവ്യവസ്ഥകള്‍ അട്ടിമറിച്ചുകൊണ്ട് ആള്‍ക്കൂട്ടം ദുര്‍ബ്ബലരായ മനുഷ്യരെ ശാരീരികമായി ആക്രമിക്കുന്ന ലിഞ്ചിങ് (Lynching) തടയുന്നതിന് ഫലപ്രദമായ വ്യവസ്ഥകള്‍ നിലവിലുള്ള ക്രിമിനല്‍ നിയമങ്ങളില്‍ (IPC and CrPC) ഇല്ലാത്ത സാഹചര്യത്തില്‍ അന്വേഷണോദ്യോഗസ്ഥര്‍ക്ക് ശരിയായ രീതിയില്‍ ലിഞ്ചിങ് തടയുന്നതിനോ അക്രമണകാരികള്‍ക്കെതിരെ സത്വര നടപടികള്‍ സ്വീകരിച്ചുകൊണ്ട് അവര്‍ക്ക് അര്‍ഹമായ ശിക്ഷാനടപടികള്‍ സമയബന്ധിതമായി വാങ്ങിക്കൊടുക്കുന്നതിനോ കഴിയാത്ത ഒരു സാഹചര്യമാണ് ഇന്നുള്ളത്. അതിനാല്‍ എത്രയും പെട്ടെന്ന് രാജ്യമാകെ വ്യാപ്തിയുള്ള തരത്തിലുള്ള ഒരു ആന്റി-ലിഞ്ചിങ് നിയമം പാര്‍ലമെന്റില്‍ പാസ്സാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവരണമെന്ന ഒരു നിര്‍ദ്ദേശം രാജ്യത്തെ ആന്റി-ലിഞ്ചിങ് പ്രക്ഷോഭകാരികള്‍ മുന്നോട്ടുവക്കുകയും ഒരു കരട് നിയമം പുറത്തുവിടുകയും ചെയ്തിട്ടുണ്ട്.

ലിഞ്ചിങ് മുന്‍കൂട്ടി തടയുന്നതിനും അഥവാ നടന്നുകഴിഞ്ഞാല്‍ തന്നെ അക്രമണകാരികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കര്‍ശനമായ നടപടികള്‍ സ്വീകരിക്കുന്നതിനും വിപുലമായ അധികാരങ്ങള്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും ജില്ലാ ഭരണകൂടത്തിനും കൊടുക്കുന്ന വ്യവസ്ഥകള്‍ ആന്റി-ലിഞ്ചിങ് നിയമം വിഭാവനം ചെയ്യുന്നുണ്ട്. കൂടാതെ ലിഞ്ചിങ് കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് ജില്ലാ കോടതികള്‍ക്ക് തുല്യമായ പ്രത്യേക കോടതികള്‍, 3 വര്‍ഷം മുതല്‍ ജീവപര്യന്തം വരെയുള്ള കടുത്ത ശിക്ഷാനടപടികള്‍, പീഡിതര്‍ക്ക് സൗജന്യ നിയമസഹായം ചുരുങ്ങിയത് 25 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം തുടങ്ങിയ സവിശേഷതകളും കരട് നിയമത്തിലുണ്ട്.

ഇന്ത്യയിലെ ആന്റി ലിഞ്ചിങ് പ്രക്ഷോഭങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതിന്റെ ഭാഗമായി റിയാദിലെ ജനാധിപത്യ-മതേതര കൂട്ടായ്മ മുന്‍ഗണനാടിസ്ഥാനത്തില്‍ പ്രസ്തുത നിയമം പാര്‍ലമെന്റ് പാസ്സാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഒരു ഭീമ ഹര്‍ജി തയ്യാറാക്കി കേരള-കേന്ദ്ര സര്‍ക്കാരുകള്‍ക്ക് കൊടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഒന്നര മാസത്തിനുള്ളില്‍ ഏറ്റവും ചുരുങ്ങിയത് പതിനായിരം ഒപ്പെങ്കിലും ശേഖരിച്ചുകൊണ്ടുള്ള ഹര്‍ജി സമര്‍പ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ ഔപചാരികമായ ഉദ്ഘാടനം ഈ വരുന്ന ഞായറാഴ്ച (ആഗസ്റ്റ്6-ന്) റിയാദിലെ ഷിഫ അല്‍ ജസീറ ആഡിറ്റോറിയത്തില്‍ വച്ച് നിര്‍വഹിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

പുറമെ ജനാധിപത്യമതേതര സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുവേണ്ടി ഇന്ത്യയില്‍ നടക്കുന്ന പ്രക്ഷോഭപരിപാടികള്‍ക്ക് ധാര്‍മ്മിക പിന്തുണ കൊടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ജനാധിപത്യ-മതേതരവേദി വരുംനാളുകളില്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചതായി റിയാദ് ജനാധിപത്യ – മതേതരവേദി പ്രസിഡന്റ് ആര്‍. മുരളീധരന്‍, നിബു മുണ്ടിയാപ്പള്ളി (ജനറല്‍ സെക്രട്ടറി ) മന്‍സൂര്‍ (ട്രെഷറര്‍) തുടങ്ങിയവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

Advertisement