റെന്‍സ ഇഖ്ബാല്‍
റെന്‍സ ഇഖ്ബാല്‍
Human Rights
സംസ്ഥാനത്തെ ജയിലുകളില്‍ വിചാരണത്തടവുകാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്: തിങ്ങി പാര്‍ക്കുന്ന അവസ്ഥയെന്ന് കണക്കുകള്‍
റെന്‍സ ഇഖ്ബാല്‍
Tuesday 12th December 2017 10:10am

സംസ്ഥാനത്തെ ജയിലുകളില്‍ വര്‍ഷങ്ങളായി വിചാരണ കാത്തുകിടക്കുന്ന തടവുകാരുടെ എണ്ണം വര്‍ധിക്കുന്നു. ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ 2015ലെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ ജയിലില്‍ കഴിയുന്ന തടവുകാരില്‍ 62.3 ശതമാനവും വിചാരണത്തടവുകാരാണ്.

സംസ്ഥാനത്തെ ജയിലുകളിലെല്ലാം കൂടി 6190 പേരെ പാര്‍പ്പിക്കാനുള്ള സൗകര്യമാണുള്ളത്. എന്നാല്‍ ഇവിടെ ആകെ 7325 പേരുണ്ട്. ഇവരില്‍ ശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കിടക്കുന്നത് 2758 പേര്‍ മാത്രമാണ്. ബാക്കി വരുന്ന 4567 പേരും വിചാരണത്തടവുകാരാണെന്നാണ് ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

സംസ്ഥാനത്ത ആകെയുള്ള 54 ജയിലുകളില്‍ ശേഷിയില്‍ കൂടുതല്‍ തടവുകാരെ പാര്‍പ്പിച്ചു വരുന്നുണ്ട്. ഇവരില്‍ ശിക്ഷ ലഭിച്ചവരേക്കാള്‍ കൂടുതലായി വിചാരണത്തടവുകാരാണുള്ളത്. രാജ്യത്തെ വിചാരണ തടവുകാരില്‍ ഭൂരിഭാഗവും മുപ്പതിനും അന്‍പതിനും ഇടയില്‍ പ്രായം ഉള്ളവരാണ്. 1853 പേര്‍ മുപ്പതു വയസ്സിനു താഴെയും, 709 പേര്‍ അമ്പതു വയസ്സിനു മുകളിലും. ജീവിതത്തിലെ നിര്‍ണ്ണായകമായ ഒരു കാലഘട്ടമാണ് നീതിന്യായ വ്യവസ്ഥയുടെ കരുണയും കാത്ത് ഇവര്‍ കിടക്കുന്നത്.

ഒരു കുറ്റകൃത്യത്തിന്റ പേരില്‍ പൊലീസ് അറസ്റ്റ് ചെയ്ത് ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിചാരണയ്ക്കായി കാത്തുകിടക്കുന്നവരാണ് വിചാരണത്തടവുകാര്‍. വിചാരണത്തടവുകാര്‍ കുറ്റവാളികളല്ല. കുറ്റാരോപിതര്‍ മാത്രമാണ്. അവരുടെ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുന്നത് കടുത്ത നിയമലംഘനമാണ്.

ആംനസ്റ്റി ഇന്റര്‍നാഷണല്‍ നടത്തിയ പഠനം പ്രകാരം ഇന്ത്യയിലെ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ പേരില്‍ മൂന്ന് ലക്ഷത്തോളം പേര്‍ രാജ്യത്തെ ജയിലുകളില്‍ വിചാരണ കാത്തു കിടക്കുകയാണ്.

കുറ്റം തെളിയിക്കപ്പെടാത്ത അവസ്ഥയില്‍ പലപ്പോഴും നിരപരാധികള്‍ അര്‍ഹിക്കാത്ത ശിക്ഷ അനുഭവിക്കുകയാണ്. മറ്റേതൊരു ജനാധിപത്യരാജ്യത്തിലേതിനേക്കാളും അധികമാണ് ഇന്ത്യയിലെ വിചാരണ തടവുകാരുടെ എണ്ണം. രാജ്യത്തെ തന്നെ ഏറ്റവും അവഗണിക്കപ്പെട്ട പ്രശ്‌നങ്ങളില്‍ ഒന്നാണ് ഇതെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറയുന്നു.

രാജ്യത്തെ ജയിലുകളില്‍ 2005 നും 2015 നും ഇടയിലുള്ള വിചാരണ തടവുകാരുടെ അനുപാതം.

ഇതില്‍ 53 ശതമാനവും മുസ്ലിം, ദളിത്, ആദിവാസി എന്ന ന്യുനപക്ഷ വിഭാഗങ്ങളില്‍ നിന്നാണ്.

ഇന്ത്യന്‍ ഭരണഘടനയിലെ 21-ാം വകുപ്പ് ഏല്ലാ പൗരന്മാര്‍ക്കും അന്തസ്സോടെ ജീവിക്കാനുള്ള അവകാശം ഉറപ്പുനല്‍കുന്നു. തടവുകാരനെ സംബന്ധിച്ചിടത്തോളം ഇത് മാറ്റമില്ലാതെ നില്‍ക്കുന്നുവെന്ന് 1987ല്‍ സുപ്രീംകോടതി ജഡ്ജിയായിരുന്ന വി.ആര്‍ കൃഷ്ണയ്യര്‍ പറഞ്ഞിരുന്നു.

60 ദിവസത്തിനുശേഷമോ 90 ദിവസത്തിനുശേഷമോ വിചാരണത്തടവുകാരെ വീണ്ടും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ്‌ചെയ്തുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നതിനു മുമ്പ് പ്രതിക്ക് ജാമ്യം ലഭിക്കാന്‍ അവകാശമുണ്ടെന്ന് അവരെ അറിയിക്കുകയും അവര്‍ക്കു സൗജന്യ നിയമസഹായത്തിനുള്ള വ്യവസ്ഥ ഉറപ്പാക്കുകയും ചെയ്യേണ്ടത് മജിസ്‌ട്രേട്ടിന്റെ ഉത്തരവാദിത്തമാണ്.

ഇന്ത്യന്‍ ക്രിമിനല്‍ നടപടിക്രമത്തിലെ 436എ വകുപ്പുപ്രകാരം പ്രതികള്‍ അവരുടെ ശിക്ഷാകാലയളവിന്റെ പകുതിസമയം വിചാരണത്തടവുകാരായി കഴിഞ്ഞിട്ടുണ്ടെങ്കില്‍ അവര്‍ക്ക് ജാമ്യം നല്‍കേണ്ടതാണെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ക്രൈം പ്രോസീജിയര്‍ കോഡ് CrPC 436A വകുപ്പുപ്രകാരം വിചാരണത്തടവുകാരെ മോചിപ്പിക്കണമെന്ന് 2014 സെപ്തംബറില്‍ സുപ്രീംകോടതി എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. വിചാരണ തടവുകാര്‍ക്കു വേണ്ടി സര്‍ക്കാര്‍, നീതിന്യായ വകുപ്പ് എന്നിവര്‍ ഒത്തൊരുമിച്ചു ഉത്തരവാദിത്തം ഏറ്റെടുത്ത് നിയമനടപടികള്‍ ശരിയായ രീതിയില്‍ നടക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് കേന്ദ്ര നിയമ മന്ത്രി രവി ശങ്കര്‍ പ്രസാദ് നിര്‍ദ്ദേശിച്ചിരുന്നു.

വധശിക്ഷ വിരുദ്ധ സമിതി കണ്‍വീനര്‍ കെ.ഗിരീഷ് കുമാറിന്റെ അഭിപ്രായത്തില്‍ ‘സാമ്പത്തികമായിട്ടും സാമൂഹികമായിട്ടും പാര്‍ശവത്ക്കരിക്കപ്പെട്ട വിഭാഗങ്ങളില്‍ നിന്നുള്ള തടവുകാരാണ് ഇത്തരത്തില്‍ വിചാരണത്തടവുകാരായി കഴിയുന്നവരില്‍ കൂടുതലും. നിയമസഹായം സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാവണമെന്ന് ചട്ടം ഉണ്ടെങ്കിലും അത് ശരിയായ രീതിയില്‍ നടക്കുന്നില്ല.

വിചാരണ തടാവുകാരില്‍ ഒരു വലിയ വിഭാഗത്തിന് ജാമ്യം എടുക്കാന്‍ ആളുണ്ടാവില്ല, നല്ല വക്കീലിനെ വെക്കാനുള്ള സാമ്പത്തികം ഉണ്ടാകില്ല, ഉള്ള വക്കീല്‍ നന്നായിട്ടു വാദിക്കുന്നുണ്ടാകില്ല, അങ്ങനെ നല്ല രീതിയിലുള്ള ഇടപെടല്‍ അവര്‍ക്ക് വേണ്ടി ആരും നടത്തുന്നുണ്ടാകില്ല. ‘ ഇതൊക്കെയാണ് വിചാരണത്തടവുകാരുടെ എണ്ണം വര്‍ധിക്കാന്‍ കാരണം.

അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് (പ്രിവന്‍ഷന്‍) ആക്ട് 1967 പ്രകാരം അറസ്റ്റിലായ അനേകം പേര്‍ രാജ്യത്തെ വിവിധ ജയിലുകളില്‍ തങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍ വിചാരണ കാത്തു കിടക്കുകയാണ്. ഭരണഘടന എല്ലാ പൗരനും ഉറപ്പു നല്‍കുന്ന സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്യത്തിനുമുള്ള അവകാശം, സമാധാനപരമായും നിരായുധരായും ഒത്തു ചേരാനുള്ള അവകാശം, സംഘടിക്കാനുള്ള അവകാശം എന്നിവയ്ക്കുമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള അധികാരം ഈ നിയമം നല്‍കുന്നു.

സാധാരണ ഗതിയില്‍ 90 ദിവസമാണ് പ്രാഥമിക തടങ്കലില്‍ വയ്ക്കാനുള്ള കാലയളവ് എന്നാല്‍ യു.എ.പി.എയുടെ 43ഡി(2) വകുപ്പുപ്രകാരം അത് 180 ദിവസമാണ്. കുറ്റം ആരോപിക്കപ്പെട്ടവനെ നിരപരാധിയായാണ് രാജ്യത്തെ നിയമം കണക്കാക്കുന്നത്.

കുറ്റം തെളിയിക്കേണ്ട ചുമതല പ്രോസിക്യൂഷനാണ്. എന്നാല്‍ യു.എ.പി.എ പ്രകാരം കുറ്റാരോപിതന്‍ തന്നെ തന്റെ നിരപരാധിത്വം തെളിയിക്കണം. വമ്പിച്ച മനുഷ്യാവകാശ ലംഘനമാണ് ഇവിടെ നടക്കുന്നതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

യു.എ.പി.എ.യുടെ 43ഡി(5) പ്രകാരം പബ്ളിക് പ്രൊസിക്യൂട്ടര്‍ അനുവദിക്കാത്തിടത്തോളം പ്രതിക്ക് ജാമ്യം ലഭിക്കുക സാധ്യമല്ല. 2016ല്‍ ഗൗരി എന്ന ആദിവാസിയും വികലാംഗനായ ദളിത് ജോയ് മാര്‍ക്കോസും ഈ നിയമത്തന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടത് പോസ്റ്റര്‍ ഒട്ടിച്ചു എന്ന കുറ്റത്തിനാണ്.

സംസ്ഥാനത്തു യു.എ.പി.എ. പ്രകാരം രജിസ്റ്റര്‍ ചെയ്ത 162 കേസുകളില്‍ 42 എണ്ണം നിലനില്‍ക്കില്ലെന്ന് ഡി.ജി.പി. ലോക്നാഥ് ബെഹ്റയുടെ നേതൃത്വത്തിലുള്ള സമിതി കഴിഞ്ഞ ഏപ്രിലില്‍ കണ്ടെത്തിയിരുന്നു.

യു.എ.പി.എ നിയമപ്രകാരം തടവിലായവരുടെ കഥ പറയുന്ന ‘എ ഡോക്യുമെന്ററി എബൗട്ട് ഡിസപ്പിയറന്‍സ്’ എന്ന ഡോക്യുമെന്ററിയുടെ നിര്‍മാതാവ് ഹാഷിര്‍ പറയുന്നത് ‘ഏറ്റവും കൂടുതല്‍ യു.എ.പി.എ പ്രകാരം ജയിലിലടക്കപ്പെട്ട വിഭാഗമായ ( കേരളത്തിലെന്നല്ല, ഇന്ത്യയിലായാലും) നമുക്ക് പറയാവുന്ന ഒരു സമുദായം മുസ്ലിം സമുദായമാണ്. ആ സമുദായത്തെ ക്കുറിച്ചുള്ള ഒരു വിവരണം എന്ന നിലക്കാണ് നമ്മള്‍ ഈ വര്‍ക്കിനെ കാണുന്നത്.’ 2008ലെ ബാംഗ്ലൂര്‍ സ്ഫോടനത്തിന്റെ പേരില്‍ തടവിലായ സക്കറിയയാണ് ഇതിലെ ഒരു കേന്ദ്ര കഥാപാത്രം.

‘സക്കരിയയെപോലെയുള്ള ഒരു പത്തൊമ്പത് വയസ്സായ ചെറുപ്പക്കാരന്‍ ജയിലിലടക്കപ്പെടുമ്പോള്‍ നമ്മള്‍ 2009ല്‍ നിശബ്ദരായിപ്പോയി. സക്കരിയ യഥാര്‍ത്ഥത്തില്‍ മിസ്സിങ്ങ് ആയ ഒരു ചെറുപ്പക്കാരന്‍ അല്ല. കര്‍ണാടകയില്‍ നിന്ന് വന്ന ഒരു കൂട്ടം പൊലീസുകാര്‍ ബലം പ്രയോഗിച്ച് മനപ്പൂര്‍വം ഇവിടെനിന്ന് പിടിച്ചുകൊണ്ടുപോവുകയാണ് ചെയ്തത്. എന്റെ വീടിനടുത്തു നിന്ന് കേവലം 20 കിലോമീറ്ററിനപ്പുറം വസിക്കുന്ന , എന്റെ അതെ പ്രായത്തിലുള്ള സക്കരിയ എന്ന ചെറുപ്പക്കാരനോട് കാണിക്കുന്ന അനീതിയും അപരാധവും നമ്മളില്‍ ഉണ്ടാക്കുന്ന സമര്‍ദ്ദം വളരെ വലുതാണ്.

ഇപ്പോള്‍ ജയിലില്‍ കിടക്കുന്നവരുടെ വാക്കുകള്‍ പരിശോധിച്ചാല്‍ നമുക്ക് മനസ്സിലാവും. തങ്ങളത് ചെയ്തു എന്ന് പറഞ്ഞാല്‍ അല്ലെങ്കില്‍ സമുദായത്തെ ഒറ്റിക്കൊടുത്താല്‍ അവര്‍ക്ക് ഒരുപാട് ഓഫറുകള്‍ നല്‍കാന്‍ ഒരുപാട് ആളുകളുണ്ട്. കേവലം ഒരു യെസ് കൊണ്ട് നാലോ അഞ്ചോ വര്‍ഷം കൊണ്ട് ശിക്ഷ അനുഭവിച്ചു പുറത്ത് വരാമായിരുന്നിട്ടും ഇല്ല എന്ന് ഉറക്കെ പ്രഖ്യപിച്ചു കൊണ്ട് എട്ടും പത്തും കൊല്ലങ്ങളായി ജയിലുകളില്‍ കഴിയുന്നവരെ അഭിസംബോധന ചെയ്യുകയും അവരെ പ്രണാമം ചെയ്യുകയും ചെയ്യേണ്ട ബാധ്യത നമുക്കുണ്ടെന്ന് നാം മനസ്സിലാക്കണം.

കാരണം അവര്‍ ഒരിക്കലും സമുദായത്തെ ഒറ്റിക്കൊടുത്തിട്ടില്ല. ഒരു യെസ് പറഞ്ഞാല്‍ കിട്ടാവുന്ന വലിയ വലിയ ഓഫറുകളെ നിരാകാരിച്ചുകൊണ്ട് സത്യം മാത്രം വിജയിക്കണം എന്നുള്ള ഉറച്ച വിശ്വാസത്തിന്റെ പുറത്ത് ഇവര്‍ പോരാടിക്കൊണ്ടിരിക്കുകയാണ്. അതവരുടെ വിശ്വാസത്തിന്റെ ഭാഗമാണ്.’ ജനങ്ങളെ സംരക്ഷിക്കേണ്ട നിയമം അതിനു നേര്‍വിപരീതം ചെയ്യുന്നതാണ് നമ്മള്‍ ഇവിടെ കാണുന്നത്. സക്കറിയ ഇന്നും ജയിലില്‍ വിചാരണ കാത്തു കിടക്കുന്നു. ആ യുവാവിന്റെ ജീവിതത്തിലെ നീണ്ട കാലഘട്ടം അഴിയെണ്ണി തീരുമ്പോള്‍ രാജ്യത്തെ ജനാധിപത്യ മൂല്യങ്ങളാണ് ചോദ്യം ചെയ്യപ്പെടുന്നത്.’ എന്നും അദ്ദേഹം പറയുന്നു.

അസിം പ്രേംജി യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ ഡോ. സുധീര്‍ കൃഷ്ണസ്വാമിയുടെ അഭിപ്രായത്തില്‍ വിചാരണ തടവുകാരുടെ ഉയര്‍ന്ന അനുപാതം നീതിന്യായ വ്യവസ്ഥക്കു വിജയകരമായി കുറ്റവാളികളെ ശിക്ഷിക്കാനും, രാജ്യത്തെ സമാധാനവും സുരക്ഷയും ഉറപ്പു വരുത്താനും സാധിക്കാത്തതിന്റെ പ്രതിഫലനമാണ്.

Image result for repeal uapa

അന്വേഷണത്തിലും നിയമനിര്‍വ്വഹണത്തിലും ക്രമാനുഗത മാറ്റങ്ങള്‍ കൊണ്ടുവരുന്നതിലൂടെ മാത്രമേ ഇതിനൊരു പരിഹാരം കാണാനാവൂ എന്നാണ് അദ്ദേഹം പറയുന്നത്.

വിചാരണ തടവുകാരില്‍ ഒരു ചെറിയ ശതമാനം മാത്രമെ 436 എയുടെ സ്വാധീനത്തില്‍ വരുന്നുള്ളു. നിലവിലുള്ള നിയമവ്യവസ്ഥ പ്രകാരം ഏറെ കാലം തടവുകാര്‍ വിചാരണ കാത്തു കിടക്കുന്നു. വിചാരണ തടവുകാരുടെ എണ്ണം കുറയ്ക്കണമെങ്കില്‍ ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്യുന്നതിലും, സര്‍ക്കാര്‍ ചിലവില്‍ വക്കീലുകളെ ഏര്‍പെടുത്തുന്നതിലും പുതിയ നിയമ നടപടികള്‍ കൊണ്ടുവരേണ്ടതുണ്ടെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്.

നീതിന്യായ വ്യവസ്ഥയുടെ അപാകതകള്‍ മൂലമാണ് വിചാരണത്തടവുകാരുടെ എണ്ണം കൂടി വരുന്നത്. വ്യവസ്ഥാപിതമായ സ്ഥാപന പരിഷ്‌കാരങ്ങളിലൂടെ മാത്രമേ ശാശ്വതമായ ഒരു പരിഹാരം കാണാനാവൂ.

റെന്‍സ ഇഖ്ബാല്‍
Advertisement