സ്പോര്‍ട്സ് ഡെസ്‌ക്
സ്പോര്‍ട്സ് ഡെസ്‌ക്
ISL
‘വിനീതിനു പിറകേ റിനോയും?’; മലയാളി സൂപ്പര്‍ താരം ബ്ലാസ്റ്റേഴ്‌സ് വിട്ടേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday 16th March 2018 10:14am

കൊച്ചി: ഐ.എസ്.എല്‍ നാലാം സീസണ്‍ ആരംഭിക്കുമ്പോള്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് ഏറെ സന്തോഷം നല്‍കിയത് ബെംഗളൂരു എഫ്.സിയുടെ മലയാളി സൂപ്പര്‍ താരങ്ങളായ സി.കെ വിനീതും റിനോ ആന്റോയും മഞ്ഞപ്പടയ്ക്കായി ഒരുമിച്ച് കളത്തിലിറങ്ങുന്നു എന്നതാണ്. പ്രതീക്ഷിച്ചത് പോലെതന്നെ ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ ഒത്തിണക്കത്തോടെ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഇരുതാരങ്ങള്‍ക്കും കഴിയുകയും ചെയ്തു.

എന്നാല്‍ സീസണ്‍ അവസാനിച്ചതിനു പിന്നാലെ ബ്ലാസ്റ്റേഴ്‌സില്‍ നിന്നു വിനീത് പോവുകയാണെന്ന വാര്‍ത്ത ആരാധകരെ ഞെട്ടിച്ചിരുന്നു. എന്നാലിതാ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ തീര്‍ത്തും നിരാശരാക്കുന്ന വാര്‍ത്തയാണ് ടീം ക്യാമ്പില്‍ നിന്നും പുറത്തുവരുന്നത്.

മഞ്ഞപ്പടയുടെ പ്രതിരോധ നിരയില്‍ ജിങ്കനൊപ്പം മികച്ച പ്രകടനം കാഴ്ചവെച്ച റിനോ ആന്റോയുമായുള്ള കരാര്‍ ബ്ലാസ്റ്റേഴ്സ് ഇതുവരെയും പുതുക്കിയിട്ടില്ല.
താരവുമായി ക്ലബ്ബ് കരാറിലേര്‍പ്പെടാതിരിക്കുകയാണെങ്കില്‍ ബെംഗളൂരു എഫ്.സിയിലേക്ക് തിരിച്ചു പോകാനുള്ള സാധ്യത ഏറെയാണ്. ഒരു വര്‍ഷത്തെ കരാറിലായിരുന്നു റിനോ ബ്ലാസ്‌റ്റേഴ്‌സിലെത്തിയത്.

സീസണ്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ താരവുമായി ക്ലബ്ബ് യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ താരങ്ങളുമായി ചര്‍ച്ചകള്‍ നടക്കുകയും പലരുമായും കരാറിലേര്‍പ്പെടുകയും ചെയ്യുമ്പോഴാണ് നിലവിലെ താരങ്ങളെ നിലനിര്‍ത്തുന്നതില്‍ മാനേജ്‌മെന്റ് ശ്രദ്ധ പുലര്‍ത്തുനില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

കഴിഞ്ഞദിവസമായിരുന്നു ഡല്‍ഹി ഡൈനാമോസിന്റെ താരമായിരുന്ന സൈത്യസെന്‍ സിംഗിനെയാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. ഇരുപത്തിയാറുകാരനായ മണിപ്പൂരി താരവുമായി രണ്ടു വര്‍ഷത്തേക്കാണ് ബ്ലാസ്റ്റേഴ്സിന്റെ കരാര്‍.

Advertisement