റിങ്കു ഗാഥ അവസാനിക്കുന്നില്ല; നേരത്തെ ധോണിയെ മറികടന്നെങ്കില്‍ ഇത്തവണ ധോണിക്കൊപ്പം, അതില്‍ രണ്ടും ഈ സീസണില്‍
IPL
റിങ്കു ഗാഥ അവസാനിക്കുന്നില്ല; നേരത്തെ ധോണിയെ മറികടന്നെങ്കില്‍ ഇത്തവണ ധോണിക്കൊപ്പം, അതില്‍ രണ്ടും ഈ സീസണില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 21st May 2023, 3:44 pm

ഐ.പി.എല്ലിലെ കഴിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പരാജയപ്പെടുത്തിക്കൊണ്ട് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു. നൈറ്റ് റൈഡേഴ്‌സിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഒറ്റ റണ്‍സിനായിരുന്നു ലഖ്‌നൗവിന്റെ വിജയം.

ലഖ്‌നൗ ഉയര്‍ത്തിയ 177 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കൊല്‍ക്കത്തക്ക് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് മാത്രമേ നേടാന്‍ സാധിച്ചിരുന്നുള്ളൂ.

ഈഡന്‍ ഗാര്‍ഡന്‍സില്‍ വെച്ച് നടന്ന മത്സരത്തില്‍ വിജയിച്ചത് ലഖ്‌നൗ ആയിരുന്നെങ്കിലും ക്രിക്കറ്റ് ആരാധകരുടെ മനം കവര്‍ന്നത് റിങ്കു സിങ്ങായിരുന്നു. 33 പന്തില്‍ നിന്നും പുറത്താകാതെ 67 റണ്‍സാണ് താരം നേടിയത്. നാല് സിക്‌സറും ആറ് ബൗണ്ടറിയും ഉള്‍പ്പെടെയാണ് താരം 67 റണ്‍സ് സ്വന്തമാക്കിയത്.

 

അവസാന രണ്ട് ഓവറില്‍ വിജയിക്കാന്‍ 41 റണ്‍സ് വേണമെന്നിരിക്കെ റിങ്കു സിങ് ആഞ്ഞടിച്ചിരുന്നു. 19ാം ഓവര്‍ എറിയാനെത്തിയ നവീന്‍ ഉള്‍ ഹഖിനെ ആദ്യ മൂന്ന് പന്തിലും ബൗണ്ടറിക്ക് പായിച്ച റിങ്കു അഞ്ചാം ഓവറില്‍ താരത്തെ സിക്‌സറിനും പറത്തിയിരുന്നു. നവിന്റെ ഓവറില്‍ 20 റണ്‍സാണ് റിങ്കു അടിച്ചെടുത്തത്.

യാഷ് താക്കൂറിനെയായിരുന്നു അവസാന ഓവര്‍ പന്തെറിയാന്‍ പാണ്ഡ്യ നിയോഗിച്ചത്. ആദ്യ പന്തില്‍ വൈഭവ് അറോറ സിംഗിള്‍ നേടി റിങ്കുവിന് സ്‌ട്രൈക്ക് കൈമാറി. അടുത്ത പന്ത് വൈഡായപ്പോള്‍ തുടര്‍ന്നുള്ള രണ്ട് പന്തിലും റണ്ണില്ല. നാലാം പന്തും വൈഡായപ്പോള്‍ അവസാന മൂന്ന് പന്തില്‍ വിജയലക്ഷ്യം 18 റണ്‍സായി ഉയര്‍ന്നു.

ഓവറിലെ നാലാം പന്തില്‍ താക്കൂറിനെ ഡീപ് മിഡ് വിക്കറ്റിന് മുകളിലൂടെ സിക്‌സറിന് പറത്തിയ റിങ്കു ആരാധകരുടെ പ്രതീക്ഷയുയര്‍ത്തി. അവസാന രണ്ട് പന്തും സിക്‌സറിന് പറത്തിയാല്‍ വിജയിക്കാമെന്നിരിക്കെ ഒരു ബൗണ്ടറിയും ഒരു സിക്‌സറുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

മത്സരം തോറ്റെങ്കിലും ഒരു അപൂര്‍വ റെക്കോഡാണ് റിങ്കുവിനെ തേടിയെത്തിയിരിക്കുന്നത്. ക്രിക്കറ്റ് ലെജന്‍ഡ് എം.എസ്. ധോണിക്കൊപ്പമാണ് താരം ഈ നേട്ടത്തില്‍ ഒന്നാമതെത്തിയത്.

ചെയ്‌സിങ്ങില്‍ അവസാന രണ്ട് ഓവറില്‍ ഏറ്റവുമധികം തവണ 30+ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയിലാണ് റിങ്കു ധോണിക്കൊപ്പമെത്തിയത്.

സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ഒരു ഓവറില്‍ അഞ്ച് സിക്‌സറടിച്ചാണ് റിങ്കു ഈ പട്ടികയില്‍ അംഗമായത്.

 

ചെയ്‌സിങ്ങില്‍ അവസാന രണ്ട് ഓവറില്‍ ഏറ്റവുമധികം തവണ 30+ റണ്‍സ് നേടിയ താരങ്ങള്‍

റിങ്കു സിങ് – 2

എം.എസ്. ധോണി – 2

ഡേവിഡ് മില്ലര്‍ – 1

നിക്കോളാസ് പൂരന്‍ – 1

ടിം ഡേവിഡ് – 1

ജെയിംസ് ഫോക്‌നര്‍ – 1

 

Content highlight: Rinku Singh equals MS Dhoni’s missive record