'നന്നായിരിക്കുന്നു'; അധിക്ഷേപിച്ചവര്‍ക്ക് ഒ.എം.കെ.വി പറഞ്ഞ പാര്‍വ്വതിക്ക് റിമയുടെ കൈയ്യടി
Mollywood
'നന്നായിരിക്കുന്നു'; അധിക്ഷേപിച്ചവര്‍ക്ക് ഒ.എം.കെ.വി പറഞ്ഞ പാര്‍വ്വതിക്ക് റിമയുടെ കൈയ്യടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 18th December 2017, 4:32 pm

 

കോഴിക്കോട്: തനിക്കെതിരെ അധിക്ഷേപമുന്നയിച്ചവര്‍ക്കെതിരെ ഒ.എം.കെ.വി മറുപടി നല്‍കിയ നടി പാര്‍വ്വതിക്ക് പിന്തുണയുമായി നടി റിമാ കല്ലിങ്കല്‍. പാര്‍വ്വതിയുടെ ട്വിറ്ററിലെ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ഫേസ്ബുക്കില്‍ പങ്ക് വെച്ചാണ് റിമ പിന്തുണയുമായി എത്തിയത്. നന്നായിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് റിമ സ്‌ക്രീന്‍ ഷോട്ട് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഫെമിനിച്ചി സ്പീക്കിംഗ് എന്ന ഹാഷ് ടാഗില്‍ എല്ലാ സര്‍ക്കസ് മുതലാളിമാര്‍ക്കും വേണ്ടി എന്ന് പറഞ്ഞുകൊണ്ട് ഒ.എം.കെ.വി എന്ന് തുന്നിയ തൂവാലയുടെ ചിത്രമാണ് പാര്‍വ്വതി ട്വീറ്റ് ചെയ്തത്.

പാര്‍വ്വതിയുടെ ട്വീറ്റ് സംവിധായകന്‍ ജൂഡ് ആന്റണിക്കുള്ള മറുപടിയായിട്ടാണ് സോഷ്യല്‍ മീഡിയ വിലയിരുത്തുന്നത്. സര്‍ക്കസ് കൂടാരത്തില്‍ കയറി പറ്റിയ കുരങ്ങ് മുതലാളി പറയുന്നത് പോലെ ചാടുന്നു ഓടുന്നു കരണം മറിയുന്നു. ഒടുവില്‍ അഭ്യാസിയായി നാട് മുഴുവന്‍ അറിയപ്പെടുന്ന കുരങ്ങായി മാറുന്നു. അപ്പോള്‍ മുഴുവന്‍ സര്‍ക്കസ്‌കാരേയും മുതലാളിമാരെയും തെറി പറയുന്നു. മുതലാളിമാര്‍ ചൂഷണം ചെയ്തു എന്ന് പരിതപിക്കുന്നു. ഈ കുരങ്ങിന് ആദ്യമേ എല്ലാം വേണ്ടെന്നു വച്ച് കാട്ടില്‍ പോകാമായിരുന്നു. അങ്ങനെ പോയാല്‍ ആരറിയാന്‍ അല്ലെ.? എന്നായിരുന്നു ജൂഡിന്റെ പോസ്റ്റ്.

മമ്മൂട്ടി അഭിനയിച്ച കസബക്കെതിരെ പരാമര്‍ശമുന്നയിച്ചതിനെ തുടര്‍ന്ന് പാര്‍വ്വതിക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് പാര്‍വ്വതിയെ പരിഹസിക്കുന്നതിനായി ജൂഡ് പോസ്റ്റിട്ടതെന്നാണ് ജൂഡിന്റെ പോസ്റ്റിന്റെ അടിയില്‍ വരുന്ന കമന്റുകള്‍.