റിഫ കുടുംബസംഗമവും 'കേരള നവോത്ഥാനത്തിന്റെ സമകാലീന പരിസരങ്ങള്‍' ചര്‍ച്ചയും
Pravasi
റിഫ കുടുംബസംഗമവും 'കേരള നവോത്ഥാനത്തിന്റെ സമകാലീന പരിസരങ്ങള്‍' ചര്‍ച്ചയും
ജിന്‍സി ടി എം
Thursday, 20th December 2018, 3:52 pm

 

റിയാദ്: റിയാദ് ഇന്‍ഡ്യന്‍ ഫ്രണ്ട്ഷിപ്പ് അസ്സോസിയേഷന്‍ (റിഫ) കുടുംബ സംഗമവും “കേരള നവോത്ഥാനത്തിന്റെ സമകാലീന പരിസരങ്ങള്‍” എന്ന വിഷയത്തെ ആസ്പദമാക്കി ചര്‍ച്ചയും നടത്തി. കഴിഞ്ഞ വെള്ളിയാഴ്ച (14 ഉലര 2018), നസ്സീം നജദ് ഇസ്ത്രയില്‍ സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍ റിഫ മെമ്പര്‍മാരും സുഹൃത്തുക്കളും പങ്കെടുത്തു.

റിഫ പ്രസിഡന്റ് ജിമ്മി പോള്‍സണ്‍ അദ്ധ്യക്ഷത വഹിച്ചു. വിജയ കുമാര്‍ വിഷയം അവതരിപ്പിച്ചു.

നവോത്ഥാന മൂല്യങ്ങള്‍ക്ക് വെല്ലുവിളി നേരിടുന്ന സമകാലീന യാഥാത്ഥ്യങ്ങളെ അഭിസംബോധന ചെയ്യേണ്ടത് കേരളത്തില്‍ നടന്ന നവോത്ഥാന പ്രവര്‍ത്തനങ്ങളെ ഓര്‍ത്തുകൊണ്ടാണെന്നും, ഭൂതകാലത്തിന്റെ അത്തരം ഓര്‍മകളിലൂടെ മാത്രമേ കേരളം നേരിടുന്ന വെല്ലുവിളികള്‍ മുഖാമുഖം നേരിടാന്‍ സാധിക്കുമെന്നും വിജയകുമാര്‍ അഭിപ്രായപ്പെട്ടു. കീഴ്ത്തട്ടില്‍ നിന്നും ആരംഭിച്ച നവോത്ഥാന പ്രവൃത്തനങ്ങളാണ് ആധുനിക സമൂഹമായി കേരളത്തെ പരുവപെടുത്തിയതെന്നും, കേരളത്തില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന പ്രതിലോമ സമരങ്ങള്‍ കേരളം ആര്‍ജ്ജിച്ച നവോത്ഥാന മൂല്യങ്ങള്‍ക്ക് എതിരാണെന്നും അത്തരം വര്‍ഗീയ സമരങ്ങളെ കേരള ജനത തള്ളിക്കളയണമെന്നും അദ്ദേഹം പറഞ്ഞു.

പടിക്കു പുറത്തു നിര്‍ത്തിയ നവോത്ഥാന മൂല്യങ്ങള്‍ കുടുംബത്തിനകത്തേക്ക് കൊണ്ടുവന്നെങ്കില്‍ മാത്രമേ നവോത്ഥാനം വിഭാവനം ചെയ്ത ആധുനിക സമൂഹമായി കേരളത്തിന് മാറാന്‍ സാധിക്കുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. മനുഷ്യത്വ വിരുദ്ധമായ ജാതിശ്രേണിയലധിഷ്ഠിതമായ ഒരു സാമൂഹിക വ്യവസ്ഥയെ ലിംഗ സമത്വത്തിന്റെ, മാനവികതയുടെ, തുല്യ നീതിയില്‍ വിഭാവനം ചെയ്യുന്ന ആധുനികതയിലേക്ക് ഉയര്‍ത്തികൊണ്ടുവന്നത് നവോത്ഥാന പ്രവൃത്തനങ്ങളാണെന്നും അതു കാത്തു സുക്ഷിക്കുകയും മുന്നോട്ടു കൊണ്ടുപോകേണ്ടതും നമ്മുടെ ബാധ്യതയാണെന്നും യോഗം വിലയിരുത്തി.

ബിജു മുല്ലശ്ശേരി, ജോര്‍ജ്ജ് തരകന്‍, ജയശങ്കര്‍ പ്രസാദ്, റസൂല്‍ സലാം, രാജു ഫിലിപ്പ്, ഷീബ രാജു ഫിലിപ്പ്, പുരുഷോത്തമന്‍, ഫൈസല്‍ കൊണ്ടോട്ടി, ഷാജഹാന്‍ ചാവക്കാട്, ഷിബു ഉസ്മാന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അംബുജാക്ഷന്‍ മാലൂര്‍, സുനില്‍ കുമാര്‍, ഹരിദാസ് പരപ്പൂള്‍, ജേക്കബ് കരാത്ര എന്നിവര്‍ സാംസ്‌കാരിക പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കെ. പി ഹരികൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

കുടുംബ സംഗമത്തോടനുബന്ധിച്ചു നടത്തിയ വിവിധ കലാ പരിപാടികളില്‍ സഞ്ജനാപ്രസാദ് , സരയു കൃഷ്ണ, നിര്‍മല്‍,നിരഞ്ജന,അന്‍വിത, ആദീവ്, ഇവാ, ജുവാന്‍,നേഹ,നോവല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജിന്‍സി ടി എം
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ എന്നിവ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2010 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.