അദ്ദേഹത്തെ അവ​ഗണിക്കാതെ കൂടെ നിർത്തിയതിന്റെ ഫലമാണ് ഇന്ത്യ ഇപ്പോൾ അനുഭവിക്കുന്നത്: റിക്കി പോണ്ടിങ്
Cricket
അദ്ദേഹത്തെ അവ​ഗണിക്കാതെ കൂടെ നിർത്തിയതിന്റെ ഫലമാണ് ഇന്ത്യ ഇപ്പോൾ അനുഭവിക്കുന്നത്: റിക്കി പോണ്ടിങ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 6th November 2022, 1:57 pm

നിരവധി വിമർശനങ്ങൾക്ക് വിധേയനായ താരമാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഏഷ്യാ കപ്പിന് മുമ്പ് വരെ അത്ര മികച്ച ഫോമിലായിരുന്നില്ല താരം. എന്നാൽ ഏഷ്യാ കപ്പോട് കൂടി കഥ മാറുകയായിരുന്നു.

കഴിഞ്ഞ രണ്ട് വർഷത്തോളം ഫോമിൽ തിരിച്ചെത്താനാകാതെ പ്രയാസപ്പെട്ടിരുന്ന വിരാടിന് വഴിത്തിരിവായത് ഏഷ്യാ കപ്പിൽ നേടിയ സെഞ്ച്വറിയായിരുന്നു.

എന്നാൽ താരം മോശം ഫോമിൽ തുടർന്നപ്പോൾ നേരിടേണ്ടി വന്ന വിമർശനങ്ങൾ ചെറുതായിരുന്നില്ല.

ഈ വിഷയത്തിൽ തന്റെ അഭിപ്രായം അറിയിച്ചെത്തിയിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്.

തുടർച്ചയായി വിരാട് മോശം പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടും താരത്തെ ടീമിൽ നിന്ന് പുറത്താക്കാത്തതിന്റെ പേരിൽ ഇന്ത്യൻ ടീം മാനേജ്മെന്റും പഴികേട്ടിരുന്നെന്നും എന്നാൽ അന്ന് താരത്തെ ചേർത്ത് പിടിച്ചതിന്റെ ​ഗുണമാണ് ഇപ്പോൾ ടീം ഇന്ത്യ അനുഭവിക്കുന്നതെന്നുമാണ് അ​ദ്ദേഹം പറഞ്ഞത്.

മികച്ച കളിക്കാർ അവിസ്മരണീയമായ തിരിച്ചുവരവുകൾ നടത്തിക്കൊണ്ടിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

”ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകൾ എടുത്ത് പരിശോധിച്ചാലും കഴിഞ്ഞ കുറച്ചു വർഷങ്ങളായി മികച്ച കളിക്കാരൻ തന്നെയാണ് വിരാട്.

ഇത്തരം ചാമ്പ്യന്മാരെ കുറിച്ച് ഞാൻ പഠിച്ച ഒരു കാര്യമുണ്ട്. അവരെ നമുക്ക് ഒരു സമയത്തും എഴുതിത്തള്ളാനാവില്ല. എന്തെന്നാൽ അവർ തിരിച്ചുവരവുകൾ നടത്തും.

ഇക്കൂട്ടർ മികച്ച പ്രകടനങ്ങളുമായി തിരികെവരാൻ എപ്പോഴും ഒരു വഴി കണ്ടെത്തികൊണ്ടേയിരിക്കും. പ്രത്യേകിച്ച് വലിയ വേദികളിലേക്ക് വരുമ്പോൾ. വിരാടിന്റെ മോശം ഫോമിലും ഇന്ത്യ നൽകിയ പിന്തുണയുടെ പ്രതിഫലമാണ് ഇപ്പോൾ കാണുന്നത്.

ഇന്ത്യ ലോകകപ്പിന്റെ അടുത്തഘട്ടത്തിലേക്ക് പോയാൽ ഇന്ത്യക്കായി വമ്പൻ പ്രകടനങ്ങൾ കാഴ്ചവെക്കുന്നത് വിരാട് തന്നെയാവും,” പോണ്ടിങ് വ്യക്തമാക്കി.

2022ലെ ടി-20 ലോകകപ്പിൽ ഇതുവരെ നാല് ഇന്നിങ്സുകളാണ് വിരാട് കളിച്ചിട്ടുള്ളത്. ഇതിൽ 220 റൺസാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. ട്വന്റി-20 ലോകകപ്പ് ചരിത്രത്തിൽ ഏറ്റവുമധികം റൺസ് നേടിയ ക്രിക്കറ്ററെന്ന റെക്കോഡും വിരാടിന് സ്വന്തം.

Content Highlights: Ricky Ponting praises Virat Kohli