ലോകകപ്പ് ഫൈനലിൽ ഇന്ത്യ തോൽക്കും, അവർ തോൽപ്പിക്കും; പ്രവചനവുമായി റിക്കി പോണ്ടിങ്
Cricket
ലോകകപ്പ് ഫൈനലിൽ ഇന്ത്യ തോൽക്കും, അവർ തോൽപ്പിക്കും; പ്രവചനവുമായി റിക്കി പോണ്ടിങ്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 4th November 2022, 4:45 pm

ടി-20 ലോകകപ്പിൽ ഗ്രൂപ്പ് മത്സരങ്ങളുടെ അവസാന റൗണ്ട് നടക്കുകയാണിപ്പോൾ. ഇതുവരെ ഒരു ടീമും സെമി ഫൈനൽ ബെർത്ത് ഉറപ്പിച്ചിട്ടില്ല.

ഗ്രൂപ്പ് ഒന്നിൽ നിന്ന് ന്യൂസിലാൻഡ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ശ്രീലങ്ക എന്നീ ടീമുകൾക്കും ഗ്രൂപ്പ് രണ്ടിൽ ഇന്ത്യ, ദക്ഷിണാഫ്രിക്ക, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ ടീമുകൾക്കുമാണ് സാധ്യത.

ലോകകപ്പ് മത്സരം നിർണായക ഘട്ടത്തിൽ നിൽക്കുമ്പോഴാണ് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിങ് തന്റെ പ്രവചനവുമായി എത്തിയത്.

ഫൈനലിൽ ഇന്ത്യ തോൽക്കുമെന്നാണ് അദ്ദേഹം പ്രവചിച്ചത്. ദക്ഷിണാഫ്രിക്കയുടെ അപരാജിത കുതിപ്പ് അപകടകരമാണെങ്കിലും ഓസ്‌ട്രേലിയ കിരീടം നേടുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘സത്യസന്ധമായി പറഞ്ഞാൽ മെൽബണിൽ ആര് ഫൈനൽ കളിക്കുമെന്ന് ആർക്കറിയാം. ഓസ്‌ട്രേലിയ മുന്നേറുമെന്ന് എനിക്കുറപ്പുണ്ട്. സൗത്ത് ആഫ്രിക്കയെ മാത്രമാണ് അപകടകാരിയായി ഞാൻ കാണുന്നത്.

അതല്ലാതെ തുടക്കത്തിൽ പറഞ്ഞത് തന്നെയാണ് എനിക്കിപ്പോഴും പറയാനുള്ളത്. ഫൈനലിൽ ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടി ഓസീസ് തന്നെ ജയിക്കും,’ റിക്കി പോണ്ടിങ് പറ‍ഞ്ഞു.

ഇത്തവണ ഓസ്‌ട്രേലിയ അല്പം പുറകോട്ട് പോയിട്ടുണ്ടെന്നും അതുപോലെ ടീം ഇന്ത്യയിൽ ജസ്പ്രീത് ബുംറയുടെ അഭാവം പ്രകടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നിരുന്നാലും നിലവിലെ ചാമ്പ്യൻമാരായ ഓസ്‌ട്രേലിയക്ക് തങ്ങളുടെ ഗ്രൗണ്ടിൽ ആധിപത്യം പുലർത്താൻ സാധിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

അതേസമയം ടി-20 ലോകകപ്പ് ഫൈനൽ കാണാൻ താൻ സ്റ്റേഡിയത്തിൽ എത്തുമെന്നും മെൽബൺ ഒരു ക്രിക്കറ്റ് മത്സരം ഹോസ്റ്റ് ചെയ്യുന്നത് കാണാത്തവരുണ്ടെങ്കിൽ തീർച്ചയായും എക്‌സപിരിയൻസ് ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: Ricky Ponding predicts Australia wins India in T20 world cup 2022 final