എഡിറ്റര്‍
എഡിറ്റര്‍
റവന്യൂമന്ത്രി കുരുടന്‍ ആനയെ കണ്ടതുപോലെയാണ് പ്രതികരിക്കുന്നത്: മാണി
എഡിറ്റര്‍
Monday 29th October 2012 11:48pm

 

തിരുവനന്തപുരം: കുരുടന്‍ ആനയെ കണ്ടതുപോലെയാണ് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് പുതിയ ഭൂവിനിയോഗബില്ലിനെ കുറിച്ച് സംസാരിക്കുന്നതെന്ന് ധനമന്ത്രി കെ.എം മാണി. ഇതോടെ ഭൂവിനിയോഗബില്‍ സംബന്ധിച്ച് റവന്യൂമന്ത്രിയും ധനമന്ത്രിയും തമ്മിലുള്ള അഭിപ്രായഭിന്നത മറനീക്കി പുറത്തു വന്നിരിക്കുകയാണ്.  പ്രതിപക്ഷവും പരിസ്ഥിതി പ്രവര്‍ത്തകരും ബില്ലിനെതിരെ രംഗത്ത് വന്ന സാഹചര്യത്തിലാണ് മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കുന്നത്.

Ads By Google

ഭൂമി സംബന്ധമായ നിയമത്തിന്റെ കരട് ഉണ്ടാക്കേണ്ടത് റവന്യൂ വകുപ്പാണ്. നിയമവകുപ്പ് റവന്യൂവകുപ്പുമായി കൂടിയാലോചിക്കാതെയാണ് പുതിയ ഭൂവിനിയോഗ ബില്‍ സമര്‍പ്പിച്ചതെന്ന് അടൂര്‍ പ്രകാശ് തുറന്ന് പറഞ്ഞു. ഭൂവിനിയോഗ ബില്ലിനെക്കുറിച്ചുള്ള അടൂര്‍ പ്രകാശിന്റെ വിലയിരുത്തല്‍ കുരുടന്‍ ആനയെ കണ്ടതു പോലെയാണെന്നും നിയമവകുപ്പ് ഞങ്ങളുടെ അധികാരത്തില്‍ കയ്യിട്ടിരിക്കുകയാണെന്നുള്ളത് തെറ്റിദ്ധാരണ മാത്രമാണെന്നും മാണി പറഞ്ഞു. വകുപ്പ് സെക്രട്ടറിമാര്‍ക്ക് ചര്‍ച്ചക്ക് വേണ്ടി ഒരു കരട് ബില്‍ അയച്ചു കൊടുത്തതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.

ഭൂവിനിയോഗ ബില്‍ കേരളത്തിന്റെ ഭക്ഷ്യസുരക്ഷയെ ബാധിക്കുമെന്നും പ്രകൃതിക്ക് ദോഷകരമാണെന്നും കാണിച്ച് റവന്യൂവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ബി.വത്സലകുമാരി റിപ്പോര്‍ട്ട് നല്‍കിയതിന് ശേഷമാണ് അടൂര്‍ പ്രകാശ് പരസ്യമായ വിമര്‍ശനവുമായി രംഗത്തെത്തിയത്. ഭൂവിനിയോഗ ബില്ലില്‍ നിയമവകുപ്പിന്റെ ഇടപെടലുകള്‍ പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസിലും യു.ഡി.എഫിലും ഇക്കാര്യം ഉന്നയിക്കുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

വി.എം.സുധീരന്‍, വി.ഡി.സതീശന്‍, ടി.എന്‍.പ്രതാപന്‍ എന്നീ കോണ്‍ഗ്രസ് നേതാക്കളും പുതിയ ബില്ലിലെ വ്യവസ്ഥകള്‍ക്കെതിരെ പരസ്യമായ വിമര്‍ശനവുമായി രംഗത്തുവന്നിട്ടുണ്ട്. വയലുകള്‍ നികത്തുന്നതുമായി ബന്ധപ്പെട്ട ഒരു നിയമത്തിനും അംഗീകാരം കൊടുക്കുന്നത് അപകടപരമാണെന്ന് പൊതുപരിപാടിയില്‍ സുധീരന്‍ പ്രസംഗിച്ചിരുന്നു.

നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമവും ഭൂവിനിയോഗ ഉത്തരവും അട്ടിമറിക്കുന്നു

Advertisement