എഡിറ്റര്‍
എഡിറ്റര്‍
നിരാമയ നിര്‍മിച്ചത് തണ്ണീര്‍തട നിയമം ലംഘിച്ച്; രാജീവ് ചന്ദ്രശേഖരന്റെ കയ്യേറ്റം റവന്യു വകുപ്പ് സ്ഥിരീകരിച്ചു
എഡിറ്റര്‍
Friday 24th November 2017 7:36pm

കുമരകം: ഏഷ്യാനെറ്റ് ഉടമയും ബി.ജെ.പി. എം.പിയുമായ രാജീവ് ചന്ദ്ര ശേഖരന്റെ കയ്യേറ്റം റവന്യൂ വകുപ്പ് സ്ഥിരീകരിച്ചു. പുറമ്പോക്ക് ഭൂമി കയ്യേറിയതായും തണ്ണീര്‍ത്തട നിയമം ലംഘിച്ചതായും കണ്ടെത്തി. റിസോര്‍ട്ട് നിര്‍മാണത്തിന്റെ ഭാഗമായാണ് കായലിന്റെയും തോടിന്റെയും പുറമ്പോക്ക് ഭൂമി കയ്യേറിയത്. ഇതിന്റെ ഭാഗമായി നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചതായും കണ്ടെത്തി.

കുമരകം വില്ലേജ് ഓഫീസര്‍ തോമസുകുട്ടിയാണ് ചന്ദ്രശേഖറിന്റ കയ്യേറ്റം സ്ഥിരീകരീച്ചത്. റവന്യൂ വകുപ്പിന്റെ ഉന്നത തലത്തില്‍ നിന്നും നിര്‍ദേശം ലഭിച്ചതിനെത്തുടര്‍ന്ന് ഇന്ന്തന്നെ സര്‍ക്കാര്‍ നടപടി സ്വീകിരിക്കും. ഇതിനായുളള നടപടിക്രമങ്ങള്‍ ആരംഭിച്ചതായും വില്ലേജ് ഓഫീസര്‍ വ്യക്തമാക്കി.

രണ്ട് വിത്യസ്ഥ ബ്ലോക്കുകളിലായി ഏഴര സെന്റ് ഭൂമിയാണ് കയ്യേറിയിരിക്കുന്നത്. രാജീവ് ചന്ദ്രശേഖറിന്റെ കമ്പനിയുടെ ഭൂമി കയ്യേറ്റ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് കുമരകം പഞ്ചായത്ത് പ്രസിഡന്റ് പരാതി നല്‍കിയിരുന്നു. കായലും റവന്യൂ ഭൂമിയും കയ്യേറി നിര്‍മ്മാണപ്രവര്‍ത്തനം നടത്തിയെന്നാണ് പഞ്ചായത്തിന്റെ പരാതിയിലുണ്ടായിരുന്നത്. അത് ശരിവെക്കുന്നതാണ് റവന്യൂവകുപ്പിന്റെ അന്ന്വേഷണത്തിലൂടെ മനസ്സിലായത്.

കയ്യേറ്റം ഒഴിപ്പിക്കണമെന്നു ഹൈക്കോടതി നിര്‍ദേശമുണ്ടായിട്ടും പുറമ്പോക്കു ഭൂമി അളന്നു തിട്ടപ്പെടുത്താന്‍ റവന്യു അധികൃര്‍ തയ്യാറായില്ലെന്നും പരാതിയില്‍ പറഞ്ഞിരുന്നു. കുമരകത്തു നിന്നും വേമ്പനാട് കായലിലേക്ക് ഒഴുകുന്ന നേരേ മടത്തോടിന്റെ ഒരുവശം പൂര്‍ണമായും തീരംകെട്ടി കൈയ്യേറി റിസോര്‍ട്ട് മതിലിനുള്ളിലാക്കിക്കൊണ്ടാണ് റിസോര്‍ട്ടിന്റെ നിര്‍മ്മാണം.

കുമരകം കവണാറ്റിന്‍കരയില്‍ പ്രധാന റോഡില്‍ നിന്നും കായല്‍ വരെ നീളുന്ന പുരയിടത്തില്‍ പഞ്ചനക്ഷത്ര റിസോര്‍ട്ട് നിര്‍മ്മിക്കുന്നതിനായാണ് കായല്‍ കൈയ്യേറിയിരിക്കുന്നത്. നേരേ മടത്തോടിന്റെയും റാംസര്‍ സൈറ്റില്‍ ഉള്‍പ്പെടുന്ന അതീവ പരിസ്ഥിതി പ്രാധാന്യമുള്ള വേമ്പനാട് കായലിന്റെയും തീരത്തോട് ചേര്‍ന്നാണ് ബി.ജെ.പി എം.പി ചെയര്‍മാനമായ കമ്പനിയുടെ നിര്‍മ്മാണം പുരോഗമിക്കുന്നത്.

Advertisement