സെറീന എ.എം
സെറീന എ.എം
i am not anumber
കൊല്ലപ്പെട്ട ഇരയെ നമ്പറിട്ട് തള്ളല്ലേ, അവളുടെ ആ പേര് തന്നെയാണ് അവള്‍
സെറീന എ.എം
Thursday 26th April 2018 9:45pm

കൊല്ലപ്പെട്ടാലും ഇരയുടെ പേര് മറച്ച് വെയ്ക്കണം എന്ന നിലപാട് കോടതി വ്യക്തമാക്കിയതോടെ ഇന്ത്യയില്‍ ബലാത്സംഗിക്ക് ഒരു മജീഷ്യന്റെ പദവി കൂടി കിട്ടിയിരിക്കുന്നു. അയാളുടെ ലിംഗം ഒരു മാന്ത്രിക വടിയാണ്. അത് വീശിയാല്‍ അത് വരെ ജീവിച്ചിരുന്ന ആരെയും അയാള്‍ക്ക് നിന്ന നില്‍പ്പില്‍ അപ്രത്യക്ഷനാക്കാനാകും.

കത്വയിലെ പെണ്‍കുട്ടി എന്ന് മാത്രം ഇപ്പോള്‍ നമുക്ക് പറയാന്‍ സാധിക്കുന്ന, ആ നിര്‍ഭാഗ്യവതിയായ കുഞ്ഞിന്റെ പേര് എഴുതിയതിന് 12 മാധ്യമസ്ഥാപനങ്ങള്‍ക്കാണ് കോടതി പത്ത് ലക്ഷം രൂപ വീതം പിഴവിധിച്ചത്. ജീവിച്ചിരിക്കുന്ന ഇരയുടെ പേര് വെളിപ്പെടുത്തരുത് എന്ന നിയമം നേരത്തെ നമുക്ക് അറിയാവുന്നതാണ്. അത് അംഗീകരിക്കാവുന്നതുമാണ്. ബലാത്സംഗത്തെ ശാരീരികമായി അതിജീവിച്ചാലും ഈ സമൂഹത്തില്‍ പുലരുന്നത് വലിയ പ്രയാസമുണ്ടാക്കുന്ന സംഗതിയാണ്. ഇരയുടെ മുന്നോട്ടുള്ള ജീവിതം അപമാനം നിറഞ്ഞതാകരുത് എന്നത് കൊണ്ടാണ് നിയമം ആ പേര് പറയുന്നതിനെ വിലക്കുന്നത്. തുടര്‍ന്നുള്ള അവളുടെ അതിജീവനത്തിന്റെ വഴിയില്‍ അത് ആശ്വാസകരമാണ്.

ആ ഹീനകൃത്യം ചെയ്ത പുരുഷനെ മാനഭംഗം ചെയ്യപ്പെട്ടവന്‍ എന്ന് ലോകം അഡ്രസ് ചെയ്തു തുടങ്ങുന്ന ഒരു കാലം വരെ അതങ്ങനെ ആവുന്നതാവും നല്ലത്. സമീപകാലത്തു പോണ്‍ സൈറ്റുകളില്‍ ഏറ്റവും കൂടുതല്‍ സേര്‍ച്ച് ചെയ്യപ്പെട്ട പേര് കത്വയിലെ പെണ്‍കുട്ടിയുടേതാണ് എന്ന് വായിച്ചതിന്റെ നടുക്കം ഇനിയും മാറിയിട്ടില്ല. എട്ടു വയസ്സുള്ള ഒരു പിഞ്ചു കുഞ്ഞു പോലും എങ്ങനെയാണ്, വെറുമൊരു ശരീരമായി മാറുന്നതെന്ന് നമ്മള്‍ കണ്ടതാണ് അവളുടെ മരണത്തിന് ശേഷം പോലും അങ്ങനെയാണെങ്കില്‍ ജീവിച്ചിരിക്കുന്നവളുടെ അവസ്ഥയെന്താവും എന്ന് ആലോചിക്കാനേ വയ്യ. അപ്പോള്‍ പോലും

 

ലൈംഗികാതിക്രമത്തിന് ഇരയായ ഒരുവള്‍, എന്റെ പേര് പുറം ലോകത്തോട് പറയാമെന്ന് സ്വമേധയാ മുന്നോട്ട് വരുന്നു എങ്കില്‍ അത് അത്യധികം പിന്തുണ അര്‍ഹിക്കുന്നുമുണ്ട് .അതിനവളെ പ്രാപ്തയാക്കുന്ന ഒരു സാമൂഹിക സാഹചര്യമാണ് ഉണ്ടാവേണ്ടത് .

എന്നാല്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും കാര്യത്തില്‍ ഇതല്ലല്ലോ ശരി. അവളാണ് കുറ്റക്കാരി എന്ന് ആര്‍ത്ത് വിളിച്ച് പരിഹസിക്കുന്ന ഒരു ലോകത്തിന് മുന്നില്‍ അവള്‍ക്ക് ഇനി ജീവിക്കേണ്ടതില്ല. അവളുടെ ജീവിച്ചിരിക്കുന്ന ബന്ധുക്കളുടെ ഐഡന്റിറ്റി വെളിപ്പെടുത്തരുത് എന്ന് കോടതിക്ക് പറയാവുന്നതാണ്. അവര്‍ ഇനിയും ഈ നരകം പിടിച്ച ലോകത്ത് പാര്‍ക്കേണ്ടവരാണല്ലോ. പ്രിയപ്പെട്ടവര്‍ ക്രൂരമായി കൊല്ലപ്പെട്ടതിന് പിന്നാലെ മരിക്കുംവരെ അപമാനജീവിതം കൂടെ അവര്‍ സഹിക്കേണ്ടതില്ല. അതിന് സ്വകാര്യത സംരക്ഷിക്കുക തന്നെ വേണം.

എന്നാല്‍ മരിച്ചവളുടെ കാര്യത്തില്‍ കാര്യങ്ങള്‍ മറ്റൊരു വിധത്തിലാണ് . അവളുടെ പേര് ഉറക്കെ ഉറക്കെ വിളിച്ച് പറയുകയാണ് വേണ്ടത്. അവളുടെ ചിരിക്കുന്ന കണ്ണുകളുള്ള ചിത്രങ്ങള്‍ സകലയിടത്തും ഉയര്‍ത്തുക തന്നെയാണ് വേണ്ടത്. എത്രയ്ക്ക് ജീവസ്സായ ഒരു ജീവിതത്തെയാണ് ക്രൂരമായ ഈ ആണധികാര രാഷ്ട്രീയം കൊന്ന് കളഞ്ഞത് എന്ന് ലോകം പിന്നെയും പിന്നെയും പറ്റുമങ്കില്‍ തിരിച്ചറിയട്ടെ. അവളുടെ ചിരിക്കുന്ന മുഖം

 

ഉറക്കം കെടുത്തും വിധം തീപിടിച്ചതാവട്ടെ . അവളുടെ പേര് കേള്‍ക്കുന്ന മാത്രയില്‍ ഓരോ സ്ത്രീയും കൂടുതല്‍ ജാഗരൂകയാകട്ടെ. വീടകങ്ങളിലെ ചെറിയ കാര്യങ്ങളില്‍ പോലും എത്ര മാത്രം കരുതലുണ്ടാവേണ്ടതുണ്ട് ,അതിലൊക്കെ എത്ര വലിയ രാഷ്ട്രീയമുണ്ട് എന്ന് പിന്നെയും ഓര്‍മ്മ വെയ്ക്കട്ടെ.

പലപ്പോഴും ബലാത്സംഗത്തിന് ഒരു രാഷ്ട്രീയമുണ്ടെന്ന് നമുക്കിപ്പോള്‍ കുറേക്കൂടെ വ്യക്തമായി അറിയാം. കത്വയിലെ കുട്ടി കൊല്ലപ്പെട്ടത് ലൈംഗികാനന്ദത്തിന് വേണ്ടിയേ അല്ലായിരുന്നു. മുസ്‌ലീം ആയ, അതില്‍ തന്നെ ബക്കര്‍വാള്‍ എന്ന ഉപസമുദായത്തില്‍ പെട്ട ഒരു കൂട്ടമാളുകളെ , ആ പ്രദേശത്ത് നിന്ന് തന്നെ ഓടിക്കാനായി നടത്തിയ കാര്യമായിരുന്നു എന്ന് നമുക്ക് അറിയാം . ഏറിയും കുറഞ്ഞും എല്ലാ ബലാല്‍ഭോഗങ്ങളും ഇത്തരം രാഷ്ട്രീയ ഉദ്ദേശ്യങ്ങള്‍ വെച്ചുള്ളവ തന്നെ. വീടിനകത്ത് നടക്കുന്ന ബലാല്‍ഭോഗങ്ങള്‍ക്ക് പോലും രാഷ്ട്രീയകാരണങ്ങളുണ്ട്.

സ്ത്രീ എന്ന ‘താഴ്ന്ന’ ജെന്‍ഡര്‍ അവസ്ഥയിലുള്ള വ്യക്തിക്ക് മേലുള്ള അധികാരപ്രയോഗം ആയിത്തന്നെ നടക്കുന്നതാണ് പല ബലാല്‍ഭോഗങ്ങളും. കത്വയില്‍ നടന്നത് ഒരു മതത്തിലും ജാതിയിലും പെട്ടവരെ ആ പ്രേദശത്ത് നിന്ന് ഓടിക്കുക എന്നതാണെങ്കില്‍, വീടകത്ത് നടക്കുന്നത് ഒരു പെണ്ണിനെ അവളുടെ സ്വതന്ത്രയിടങ്ങളില്‍ നിന്ന് തടയുന്നതിനുള്ളതും. കുഞ്ഞുങ്ങളടക്കം ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകുന്നത് പലപ്പോഴും, ഈ ഇര അത് മറച്ചു വെയ്ക്കും എന്ന ഉറപ്പിന്മേലാണ് . തുറന്നു പറഞ്ഞാല്‍ അവള്‍ക്കാണ് നാണക്കേട് . അവളാണ് അപമാനിത ,അവള്‍ക്കാണ് മാനഭംഗം ! തന്റെ ശരീരം തന്നെ വലിയൊരു തെറ്റാണ് എന്ന അധമ ബോധത്തില്‍ വളര്‍ന്നു പാകപ്പെട്ട അവള്‍ നിശ്ശബ്ദയായിരിക്കും. അങ്ങനെ മരണം കൊണ്ടോ വലിയൊരു ദുരന്തം കൊണ്ടോ ആ ജീവിതം അടയാളപ്പെടും വരെ ആരും അറിയാതെ പോകുന്ന എത്രയോ പീഢനങ്ങള്‍ നമുക്ക് ചുറ്റും നടക്കുന്നുണ്ട് .

 

2006ല്‍ മാത്രം മുപ്പത്താറായിരം ബലാത്സംഗക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് എവിടേയോ വായിച്ചു. രജിസ്റ്റര്‍ ചെയ്യപ്പെടാത്ത , പുറംലോകം അറിയാത്ത കേസുകള്‍ അതിലുമെത്രയോ ആയിരം വരും .

മുഖവും വിലാസവുമില്ലാത്തവരുടെ ആ സംഘത്തിനകത്തേക്ക് ഓരോ കൊല്ലവും എത്രയധികം സ്ത്രീകള്‍ കൂടെ ചേരുന്നു എന്നത് വല്ലാതെ ഞെട്ടിക്കുന്നതാണ്. ഒരാള്‍ കൊല്ലപ്പെടുമ്പോള്‍ കടുത്ത വേദന വരുന്നു, ഒരായിരം ആളുകള്‍ ഒന്നിച്ച് യുദ്ധത്തിലോ മറ്റോ കൊല്ലപ്പെടുമ്പോള്‍ സാധാരണ കാര്യം എന്ന നിലയ്ക്ക് നമ്മള്‍ വായിച്ച് മറക്കുകയും ചെയ്യുന്നു എന്ന മട്ടില്‍ ആലോചിച്ചു നോക്കുമ്പോള്‍ ഈ കണക്കുകള്‍ എവിടെയും തൊടാതെ അവസാനിക്കുന്നു .

ബലാത്സംഗത്തിനിരയാകുന്ന ഒരാള്‍ക്കുള്ളില്‍ പല സംഗതികളും മരിക്കുന്നുണ്ട്. അതിന് മുമ്പ് ജീവിച്ചിരുന്ന ആ സ്ത്രീയേ ആവില്ല അതിനു ശേഷം . അവളിലെ പലതും എന്നെന്നേക്കുമായി മരിക്കും. ആ അര്‍ത്ഥത്തില്‍ ബലാത്സംഗി ആദ്യ പ്രവൃത്തിയിലൂടെ തന്നെ അവളെ കൊന്നു കഴിഞ്ഞു. പിന്നീട് കത്വയിലെന്ന പോലെ നരകം പോലെ പീഡിപ്പിച്ച് ശരീരത്തെയും കൊല്ലുന്ന സംഭവങ്ങള്‍ വരുമ്പോള്‍ നമ്മള്‍ ആലോചിക്കണം, അതും കടന്ന് അങ്ങനെയൊരാള്‍ ജീവിച്ചിരുന്നിട്ടേ ഇല്ല എന്ന മട്ടില്‍ ആ ജീവിതത്തെ തന്നെ അപ്രത്യക്ഷമാക്കിക്കളയുകയാണോ വേണ്ടത്?

ബലാത്സംഗി എന്ന ക്രൂരനായ ആ മജീഷ്യന് അടയാളങ്ങളില്ലാതെ മായ്ചുകളയാന്‍ നാമവളെ വിട്ടുകൊടുക്കുകയാണോ വേണ്ടത്?

 

ഐഡന്റിറ്റി വെളിപ്പെടുത്താതിരിക്കുന്നതിലൂടെ ആത്യന്തികമായി സംഭവിക്കുന്നത് അതാണ്. നമ്മള്‍ പേരും ചിത്രവും മറച്ച് വെക്കുന്നതിലൂടെ ബലാത്സംഗിയ്ക്ക് അപാരമായ അധികാരമാണ് നല്‍കുന്നത് എന്ന ചിന്ത ഉറക്കം കെടുത്തുന്നതാണ്. ആണധികാരത്തിന്റെ ഉറപ്പില്‍ അയാളീ ലോകത്തിലേക്ക് മടങ്ങി വരികയും ,അവള്‍ ഒരു പേര് പോലും ബാക്കി വെയ്ക്കാതെ മാഞ്ഞു പോവുകയും ചെയ്യുന്നത് അനുവദിക്കപ്പെട്ടു കൂടാ അതിനിന്ദ്യമായ ക്രൈമിനെതിരായ പോരാട്ടത്തെ അത് ദുര്‍ബ്ബലപ്പെടുത്തുകയാണ് ചെയ്യുക.

അവളുടെ ചിരിക്കുന്ന മുഖത്തേയും വിടര്‍ന്ന കണ്ണുകളെയും കാഴ്ചയില്‍ നിന്നും മായ്ചുകളയാന്‍ അനുവദിക്കരുത്. നിങ്ങളുടെ ആണധികാര ലോകത്തിലെ ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്ന ക്രൈമുകളുടെ ലിസ്റ്റിലെ വെറുമൊരു നമ്പറല്ല ഞാനെന്ന് നീചമായി കൊന്നു തള്ളപ്പെട്ടവള്‍ക്ക് വന്നു പറയാനാവില്ല . അതുകൊണ്ടു അത് ഞങ്ങള്‍ പറയുന്നു. കൊല്ലപ്പെട്ട ഒരു പെണ്‍കുട്ടിയും ഒരു സ്ത്രീയും ഒരു നമ്പറല്ല. പൊള്ളുന്ന അനുഭവങ്ങള്‍ കൊണ്ട് മരണത്തെയും തോല്‍പ്പിച്ചു നമ്മിലേക്ക് തിരിച്ചു വരാന്‍ കെല്‍പ്പുള്ള അവളുടെ ആ പേര് തന്നെയാണ് അവള്‍. അത് തന്നെയാവണം അവള്‍ .

ബഹുമാന്യമായ നീതിപീഠത്തിന് ഇക്കാര്യങ്ങള്‍ ആരെങ്കിലും എങ്ങനെയെങ്കിലും മനസ്സിലാക്കിക്കൊടുക്കും എന്ന്  പ്രതീക്ഷിക്കുന്നു.

ദല്‍ഹിയിലെ ക്രൂരമായ സംഭവത്തെ നമ്മളിപ്പോള്‍ നിര്‍ഭയ എന്ന വിളിപ്പേരിലാണ് ഓര്‍ക്കുന്നത്. വളരെ ജീവസ്സായ ജീവിതം ജീവിക്കുകയായിരുന്ന ഒരു പെണ്‍കുട്ടിയെയാണ് അന്ന് അതിക്രൂരമായി കൊന്ന് കളഞ്ഞത്. രാജ്യത്തെ വളരെ സാധാരണക്കാരായ അനവധി സ്ത്രീകളെ ബലാത്സംഗത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് പഠിപ്പിച്ച സംഭവമാണത്. സോഷ്യല്‍ മീഡിയ അടക്കമുള്ളയിടങ്ങളില്‍ വലിയ ചര്‍ച്ചകള്‍ നടന്നു. അതെക്കുറിച്ച് സംസാരിക്കുന്നവരെ പരസ്പരം കേള്‍ക്കാന്‍ പ്രേരിപ്പിച്ചു. ആ പെണ്‍കുട്ടിയാണ് നമ്മളെ പല കാര്യങ്ങളും പഠിപ്പിച്ചത്. നമ്മളെയന്നാല്‍ സ്ത്രീകളെ മാത്രമല്ല, നമ്മുടെ ആണ്‍കുട്ടികളിലും അത് മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.

അമിതശുഭാപ്തിവിശ്വാസം കൊണ്ട് എഴുതുന്നതല്ല ഇത്. അത്ര വലിയ ദുരന്തമായിരുന്നിട്ട് പോലും ആ സംഭവം രാഷ്ട്രീയമായി മനുഷ്യരെ ഉണര്‍ത്തി എന്നത് കാണാതിരിക്കരുത്. ഈ നാട്ടിലെ സ്ത്രീപ്രശ്നങ്ങളിലേക്ക് വലിയൊരളവോളം വെളിച്ചം പകര്‍ന്ന ഉജ്ജ്വലസാന്നിധ്യമായി തന്നെ വേണം അവള കൊണാന്‍. പക്ഷെ, അവള്‍ക്കിപ്പോള്‍ സ്വന്തം പേര് പോലുമില്ല. അവളുടെ അമ്മയും അച്ഛനും വന്ന് ആവശ്യപ്പെട്ടിട്ട് പോലും ശരിപ്പേര് വിളിക്കാന്‍ നമ്മുടെ സംവിധാനങ്ങള്‍ ഒരുക്കമല്ല. ആ പേര് പറയുന്നത് എത്ര കഠിനമായ ദുഖത്തിലും അഭിമാനകരമാകേണ്ട നിരവധി കാരണങ്ങള്‍ രാജ്യത്തിന് ഉണ്ട്.

അറിഞ്ഞും അറിയാതെയും തന്നിലൊളിഞ്ഞിരിക്കുന്ന അളിഞ്ഞ ആണ്‍ ബോധങ്ങളിലേയ്ക്കു സൂക്ഷ്മമായി നോക്കാനും തിരുത്താനും വരെ പ്രാപ്തമായ രീതിയിലേക്ക് അന്നത്തെ ചര്‍ച്ചകളും പ്രതികരണങ്ങളും വഴിവെച്ചു . ഇങ്ങനെയൊക്കെ ആലോചിക്കുമ്പോള്‍ ആ പേര് ഉച്ചരിക്കുന്നത് അവള്‍ക്ക് അപമാനമാവില്ല എന്ന ഉറപ്പിലേക്ക് നാമെത്തുക തന്നെ ചെയ്യും . കടുത്ത വേദനയോടും രോഷത്തോടുമൊപ്പം അഭിമാനത്തോടെ തന്നെ അവളുടെ അച്ഛനുമമ്മയും മാത്രമല്ല, നമ്മളാകെത്തന്നെയും ആ പേര് ഉച്ചരിക്കുന്ന ഒരു ഭാവി വരുമായിരുന്നു, വരണമായിരുന്നു. അവളുടെ പേരില്‍ നിയമങ്ങളായും പഠനസ്ഥാപനങ്ങളായും അക്കാദമിക ചര്‍ച്ചകളായും നമ്മള്‍ക്കവള ജീവിപ്പിച്ച് നിര്‍ത്താമായിരുന്നു. പക്ഷെ നമ്മള്‍ നിര്‍ഭയ എന്ന അതിസാധാരണമായ ഒരു പ്രയോഗം കൊണ്ട് അവളെ എന്നെന്നേക്കുമായി തമസ്‌കരിക്കുന്നു. ഇനി ഇതില്‍ ഒരു മാറിച്ചിന്ത ഉണ്ടാകുമോ എന്നറിയില്ല

Advertisement