എഡിറ്റര്‍
എഡിറ്റര്‍
വധേരയുടെ ഭൂമിയിടപാടുകളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇന്ന്: കെജ്‌രിവാള്‍
എഡിറ്റര്‍
Tuesday 9th October 2012 12:31am

ന്യൂദല്‍ഹി: സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വധേര റിയല്‍ എസ്‌റ്റേറ്റ് വമ്പന്മാരായ ഡി.എല്‍.എഫുമായി ചേര്‍ന്ന് നടത്തിയ ഭൂമിയിടപാടുകളെക്കുറിച്ച് കൂടുതല്‍ തെളിവുകള്‍ ഇന്ന് പുറത്തുവിടുമെന്ന് അഴിമതി വിരുദ്ധ ഇന്ത്യ നേതാവ് അരവിന്ദ് കെജ്‌രിവാള്‍.

റോബര്‍ട്ട് വധേരയ്‌ക്കെതിരെ ശക്തമായ തെളിവില്ലാതെ നടപടിയെടുക്കാന്‍ കഴിയില്ലെന്ന ധനമന്ത്രി പി.ചിദംബരത്തിന്റെ പ്രഖ്യാപനത്തിന് ശേഷമാണ് കെജ്‌രിവാള്‍ ഇക്കാര്യം അറിയിച്ചത്.

Ads By Google

വധേരയ്‌ക്കെതിരായ കൂടുതല്‍ തെളിവുകള്‍ തരാം, എന്നാല്‍ നടപടി എടുക്കാന്‍ ബുദ്ധിമുട്ടേണ്ടിവരില്ലല്ലോയെന്നും കെജ്‌രിവാള്‍ ചോദിച്ചു. വധേരയ്‌ക്കെതിരെയുള്ള ആരോപണം വ്യക്തികള്‍ തമ്മിലുള്ള ഇടപാടാണെന്നും അതില്‍ സര്‍ക്കാരിന് അന്വേഷണം നടത്താന്‍ കഴിയില്ലെന്നുമായിരുന്നു ചിദംബരത്തിന്റെ നിലപാട്.

റിയല്‍ എസ്റ്റേറ്റ് വ്യവസായികളായ ഡി.എല്‍.എഫ്, റോബര്‍ട്ട് വധേരയ്ക്ക് 65 കോടി രൂപ ഈടില്ലാതെ പലിശരഹിത വായ്പയായി നല്‍കിയെന്നായിരുന്നു കെജ്‌രിവാള്‍ ആരോപിച്ചത്.

തുടര്‍ന്ന് ഈ തുക ഉപയോഗിച്ച് അദ്ദേഹം ഹരിയാനയിലും ദല്‍ഹിയിലും ഭൂമി വാങ്ങിക്കൂട്ടി. ഇതിനായി അദ്ദേഹം സ്വാധീനം ചെലുത്തി. ഇത്തരത്തില്‍ വാങ്ങിയ ഭൂമി വധേര ഡി.എല്‍.എഫിന് ഉയര്‍ന്ന വിലയ്ക്ക് കൈമാറിയെന്നും കെജ്‌രിവാള്‍ ആരോപിച്ചു.

താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ വെറും ആരോപണം മാത്രമല്ലെന്നും അതിന് തെളിവുണ്ടെന്നും കെജ്‌രിവാള്‍ പറഞ്ഞു. സര്‍ക്കാരിന് നടപടിയെടുക്കാന്‍ തെളിവുകള്‍ പോരാ എന്ന് തോന്നിയതിനാലാണ് കൂടുതല്‍ തെളിവുകള്‍ താന്‍ പുറത്ത് വിടാന്‍ ഒരുങ്ങുന്നതെന്നും കെജ്‌രിവാള്‍ പറഞ്ഞു.

Advertisement