39 വര്‍ഷങ്ങള്‍ക്ക് ശേഷം... സുഹൃത്തുക്കളുടെ കയ്യിലും വീടുകളിലും പലതവണ കണ്ടത് പ്രതീക്ഷിക്കാത്ത സമയത്ത് എന്നെ തേടിയെത്തിയിരിക്കുന്നു: പുരസ്‌കാര നേട്ടത്തില്‍ രേവതി
Entertainment news
39 വര്‍ഷങ്ങള്‍ക്ക് ശേഷം... സുഹൃത്തുക്കളുടെ കയ്യിലും വീടുകളിലും പലതവണ കണ്ടത് പ്രതീക്ഷിക്കാത്ത സമയത്ത് എന്നെ തേടിയെത്തിയിരിക്കുന്നു: പുരസ്‌കാര നേട്ടത്തില്‍ രേവതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 25th September 2022, 8:34 am

52ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന്റെ പുരസ്‌കാര സമര്‍പ്പണം കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്.

മികച്ച നടിക്കുള്ള അവാര്‍ഡ് രേവതിയും മികച്ച നടനുള്ള അവാര്‍ഡ് ബിജു മേനോനും ജോജു ജോര്‍ജും സ്വീകരിച്ചു. 39 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു സംസ്ഥാന പുരസ്‌കാരം ലഭിച്ചതിന്റെ സന്തോഷം പങ്കുവെക്കുകയാണ് നടി രേവതി.

39 വര്‍ഷങ്ങള്‍ക്ക് ശേഷം, ഒട്ടും പ്രതീക്ഷിക്കാതിരുന്ന സമയത്ത് ഭൂതകാലം എന്ന സിനിമയിലൂടെ അവാര്‍ഡ് ലഭിച്ചതിന്റെ സന്തോഷമാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ രേവതി പറയുന്നത്.

”കേരള സംസ്ഥാന അവാര്‍ഡ്… 39 വര്‍ഷങ്ങള്‍ക്ക് ശേഷം! എന്റെ സുഹൃത്തുക്കളുടെ കൈകളിലും അവരുടെ വീടുകളിലും ഞാന്‍ ഇത് പലതവണ കണ്ടിട്ടുണ്ട്… ചിലപ്പോഴെങ്കിലും ഇത് എനിക്ക് എത്തിപ്പിടിക്കാനാവില്ല എന്ന് തോന്നി…

ഒടുവില്‍… ഞാന്‍ പ്രതീക്ഷിക്കാത്ത ഒരു സമയത്ത് ഇതാ എത്തിയിരിക്കുന്നു!

ഭൂതകാലത്തിന്റെ സംവിധായകന്‍ രാഹുല്‍ സദാശിവന്‍, ആ ആവേശത്തില്‍ ഞാന്‍ നിങ്ങളുടെ പേര് സ്റ്റേജില്‍ പരാമര്‍ശിച്ചില്ല. പക്ഷേ ഒടുവില്‍ ഈ കേരള സംസ്ഥാന പുരസ്‌കാരം എനിക്ക് ലഭിച്ചതിന് പ്രധാന പങ്ക് വഹിച്ച് നിങ്ങള്‍ എന്റെ മനസില്‍ എന്നും ഓര്‍മിക്കപ്പെടുമെന്ന് നിങ്ങള്‍ക്കറിയാമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,” രേവതി കുറിച്ചു.

താരങ്ങളായ നിത്യ മേനോന്‍, ചിന്നു ചാന്ദ്‌നി, സംവിധായകരായ അഞ്ജലി മേനോന്‍, സത്യജീത് ദൂപെ തുടങ്ങി നിരവധി പേരാണ് രേവതിയുടെ പോസ്റ്റിന് താഴെ ആശംസകള്‍ നേര്‍ന്നുകൊണ്ടും സ്‌നേഹം അറിയിച്ചുകൊണ്ടും കമന്റ് ചെയ്യുന്നത്.

നടന്‍ ഷെയ്ന്‍ നിഗം ആദ്യമായി നിര്‍മാതാവായ ചിത്രം കൂടിയായ ഭൂതകാലത്തില്‍ രേവതിയും ഷെയ്‌നുമായിരുന്നു പ്രധാന കഥാപാത്രങ്ങളായെത്തിയത്. ഒ.ടി.ടി റിലീസായെത്തിയ ചിത്രത്തിലെ ഇരുവരുടെയും പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു.

മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥ പറഞ്ഞ മേജര്‍ എന്ന സിനിമയാണ് രേവതിയുടേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം.

അതേസമയം കഴിഞ്ഞദിവസം നടന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണ ചടങ്ങില്‍ മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാരായ വി.എന്‍. വാസവന്‍, വി. ശിവന്‍കുട്ടി, ആന്റണി രാജു എന്നിവരും പങ്കെടുത്തിരുന്നു.

Content Highlight: Revathi emotional note after receiving Kerala state film award for best actress