എഡിറ്റര്‍
എഡിറ്റര്‍
വിരമിച്ച സൈനികനോട് പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെട്ട് ഫോറിനേഴ്‌സ് ട്രിബ്യൂണല്‍
എഡിറ്റര്‍
Sunday 1st October 2017 11:23am

ഗുവാഹട്ടി: 30 വര്‍ഷം സൈന്യത്തില്‍ ജോലിയെടുത്ത അസാം സ്വദേശിയോട് പൗരത്വം തെളിയിക്കണമെന്ന നിര്‍ദേശവുമായി ഫോറിനേഴ്‌സ് ട്രിബ്യൂണല്‍. കലാഹിഖാഷ് സ്വദേശിയായ മുഹമ്മദ് അസ്മാല്‍ ഹഖിനോടാണ് പൗരത്വരേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്.

‘സംശയമുള്ള വോട്ടര്‍മാരുടെ’ പട്ടികയിലാണ് ഹഖിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2016 സെപ്റ്റംബര്‍ 30നാണ് മുഹമ്മദ് സൈന്യത്തില്‍ നിന്നും വിരമിച്ചിരുന്നത്. 1986ല്‍ മെക്കാനിക്കല്‍ എഞ്ചിനീയറായി സൈന്യത്തില്‍ കയറിയ മുഹമ്മദ് ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറായാണ് വിരമിച്ചിരുന്നത്.

2012ല്‍ മുഹമ്മദിന്റെ ഭാര്യ മമതാജ് ബീഗത്തോടും പൗരത്വം തെളിയിക്കാന്‍ ട്രിബ്യൂണല്‍ ആവശ്യപ്പെട്ടിരുന്നു. അന്ന് മമതാജിനെ ഇന്ത്യക്കാരിയായി അംഗീകരിക്കാന്‍ സമര്‍പ്പിച്ച രേഖയില്‍ ഭര്‍ത്താവായി മുഹമ്മദിന്റെ പേരും ഉള്‍പ്പെടുത്തിയിരുന്നു.

1971ല്‍ രേഖകളൊന്നും കൂടാതെ ഇന്ത്യയിലെത്തിയ ആളാണ് മുഹമ്മദെന്നാണ് ട്രിബ്യൂണലിന്റെ കണ്ടെത്തല്‍. എന്നാല്‍ തന്റെ പിതാവ് മഖ്ബൂല്‍ അലിയുടെ പേര് 1966ലെ വോട്ടേഴ്‌സ് ലിസ്റ്റില്‍ ഉണ്ടെന്നും 1961,62 വര്‍ഷത്തെ വില്ലേജ് സര്‍വേയിലും പേരുണ്ടായിരുന്നെന്ന് മുഹമ്മദ് പറയുന്നു. തന്റെ മാതാവിന്റെ പേര് 1951ലെ നാഷനല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സിലുണ്ടെന്നും അദ്ദേഹം പറയുന്നു.

മുഹമ്മദിന്റെ മക്കളിലൊരാള്‍ ഡെറാഡൂണിലെ രാഷ്ട്രീയ മിലിട്ടറി കോളേജ് വിദ്യാര്‍ത്ഥിയാണ്.

ജൂലൈയില്‍ അസാമിലെ കോണ്‍സ്റ്റബിളായ അബൂ താഹിര്‍ അഹമ്മദ് എന്നയാളോടും ട്രിബ്യൂണല്‍ പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

Advertisement