എഡിറ്റര്‍
എഡിറ്റര്‍
സ്വകാര്യത മൗലികാവകാശം; ചരിത്രവിധി സ്വാഗതം ചെയ്യുന്നുവെന്ന് റീതിങ്ക് ആധാര്‍ ക്യാമ്പയിന്‍
എഡിറ്റര്‍
Thursday 24th August 2017 11:20pm

ന്യൂദല്‍ഹി: സ്വകാര്യത മൗലികാവകാശമായി ഉത്തരവിട്ട സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് റീതിങ്ക് ആധാര്‍ ക്യാമ്പയിന്‍. ചരിത്രദിനമാണിതെന്നായിരുന്നു റീതിങ്ക് ആധാറിന്റെ പ്രതികരണം. ആധാര്‍ പുനപരിശോധിക്കണമെന്നും പൗരന്റെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്നും ആധാറിനെതിരെ കോടതിയില്‍ പെറ്റീഷന്‍ നല്‍കിയത് റീതിങ്ക് ആധാര്‍ ക്യാമ്പയിന്‍ ആയിരുന്നു.

2012 ല്‍ ആയിരുന്നു ആധാറിനെതിരെ കോടതിയെ സമീപിക്കുന്നത്. പിന്നീട് 2015 ല്‍ സ്വകാര്യത ഭരണഘടനയില്‍ മൗലികാവകാശമായി അംഗീകരിക്കുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. അന്നു മുതല്‍ സ്വകാര്യത മൗലികാവകാശമല്ലെന്ന് സര്‍ക്കാരും ആധാര്‍ ഏജന്‍സിയും കോടതിയില്‍ ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു. ഈ അവകാശവാദങ്ങളെല്ലാം വിധിയോടെ അവസാനിച്ചുവെന്ന് റീതിങ്ക് ആധാര്‍ പത്രക്കുറിപ്പില്‍ പറയുന്നു.

രാജ്യത്തെ ജനങ്ങളുടെ സ്വകാര്യത അവരുടെ അവകാശമാണെന്ന് ബഞ്ചില്‍ ഭൂരിപക്ഷം പേരും അംഗീകരിക്കുന്നുവെന്ന് വിധിയിലൂടെ വ്യക്തമായിരിക്കുകയാണ്. സ്വകാര്യത ധനികനും ദരിദ്രനും എല്ലാം ഒരുപോലെയാണ്. ഡാറ്റകള്‍ ശേ ഖരിക്കുമ്പോള്‍ ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കാന്‍ കഴിയണമെന്നും വിധി വ്യക്തമാക്കുന്നു.

വിധിയോടെ ആധാര്‍ സംവിധാനം പുനപരിശോധനയക്ക് വിധേയമാക്കണമെന്ന കാര്യത്തിലും വ്യക്തത വന്നിരിക്കുകയാണ്. അതിനേയും സ്വാഗതം ചെയ്യുന്നതായി പ്രസ്താവനയില്‍ പറയുന്നു.

നേരത്തെ സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഒമ്പതംഗം ബെഞ്ചിന്റേതാണ് വിധി. ഐക്യകണ്ഠേനയാണ് ബെഞ്ച് വിധിപ്രഖ്യാപിച്ചത്. അതേ സമയം ആധാര്‍ സ്വകാര്യതയുടെ ലംഘനമാണോയെന്ന വിഷയത്തില്‍ കോടതി അഭിപ്രായം പറഞ്ഞില്ല. ഇക്കാര്യം അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കും.

സ്വകാര്യത ജീവിക്കാനുള്ള സ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെടുത്തി. ഭരണഘടനയുടെ 21ന്റെ ഭാഗമായാണ് സ്വകാര്യത പൗരന്റെ മൗലികാവകാശമാണെന്ന് സുപ്രീംകോടതി വിധിച്ചത്. ഇതോടെ സ്വകാര്യത മൗലികാവകാശമല്ലെന്ന 1952ലെയും 1962ലെയും കോടതിയുടെ വിശാലബെഞ്ചുകളുടെ വിധികള്‍ അസാധുവാകും.

ബെഞ്ചിന്റെ ഈ വിധി ചുവട്പിടിച്ചായിരിക്കും ആധാര്‍കേസില്‍ നിലപാടെടുക്കുക. കോടതിയുടെ വിധി ആധാറുമായി ബന്ധപ്പെട്ട വിവരശേഖരണത്തെ ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്.

Advertisement