എഡിറ്റര്‍
എഡിറ്റര്‍
പാപത്തിന്റെ പ്രതിഫലമാണ് കാന്‍സറെന്ന് ആസാം ആരോഗ്യമന്ത്രി
എഡിറ്റര്‍
Thursday 23rd November 2017 10:09am

 

ഗുവാഹത്തി: പാപത്തിന്റെ പ്രതിഫലമാണ് കാന്‍സറെന്ന് ആസാം ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ഗുവാഹത്തിയില്‍ അധ്യാപകര്‍ക്കുള്ള നിയമന ഉത്തരവ് കൈമാറുന്ന ചടങ്ങില്‍ പങ്കെടുക്കവേ ആയിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം.

‘നാം പാപം ചെയ്യുമ്പോളാണ് ഈശ്വരന്‍ നമുക്ക് കഷ്ടപ്പാടുകള്‍ തരുന്നത്. ചെറുപ്പക്കാരായ യുവാക്കള്‍ അര്‍ബുദ ബാധിതരാകുന്നതും അപകടങ്ങളില്‍പ്പെടുന്നതും നാം കാണാറുണ്ട്. അവരുടെ പശ്ചാത്തലം പരിശോധിക്കുകയാണെങ്കില്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും അവര്‍ അനുഭവിക്കുന്നത് ദൈവത്തിന്റെ നീതി നടപ്പാക്കലാണെന്ന്.’


Also Read: ‘അതും പൊളിഞ്ഞു’; ടോം മൂഡിക്കെതിരെ നടന്ന സൈബര്‍ ആക്രമണം ബി.ജെ.പി ഐ.ടി സെല്ലിന്റെ അജന്‍ഡയെന്ന് സോഷ്യല്‍ മീഡിയ


ഈ ജീവിതത്തില്‍ അച്ഛനോ അമ്മയോ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടാവും. എന്നാല്‍, യുവാവായ മകന്‍ നിരപരാധി ആയിരിക്കും. പക്ഷെ മാതാപിതാക്കള്‍ ചെയ്ത തെറ്റിന്റെ ഫലം അനുഭവിക്കേണ്ടി വരും. ദൈവത്തിന്റെ നീതിപീഠത്തില്‍ നിന്ന് ആര്‍ക്കും രക്ഷപ്പെടാനാവില്ല. പ്രവൃത്തികളുടെ ഫലമാണ് ഓരോരുത്തര്‍ക്കും ലഭിക്കുക എന്ന് ഭഗവത് ഗീതയിലും ബൈബിളിലും പറഞ്ഞിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ആസാമിലെ കാന്‍സര്‍ വര്‍ധിക്കുന്നത് മൂടിവയ്ക്കാനാണ് മന്ത്രി ശ്രമിക്കുന്നതെന്ന് എ.ഐ.യു.ഡി.എഫ് നേതാവ് അമിനുള്‍ ഇസ്‌ലാം പറഞ്ഞു. മുമ്പ് കോണ്‍ഗ്രസിലായിരുന്ന ഹിമന്ത ആസാമില്‍ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ് രാജിവച്ച് ബി.ജെ.പിയില്‍ ചേരുകയായിരുന്നു.

മന്ത്രിയുടെ വിവാദപ്രസ്താവന രൂക്ഷവിമര്‍ശനങ്ങള്‍ക്കാണ് വഴിവച്ചത്. മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം ഉള്‍പ്പെടെയുള്ളവര്‍ പ്രതികരണവുമായി എത്തിയിട്ടുണ്ട്.

Advertisement