എന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഒരിക്കല്‍ ഹാക്ക് ചെയ്തു; ഒരു സാധാരണ പയ്യന്‍; അവന്റെ ഉദ്ദേശം ഇതായിരുന്നു: റസൂല്‍ പൂക്കുട്ടി
Entertainment news
എന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഒരിക്കല്‍ ഹാക്ക് ചെയ്തു; ഒരു സാധാരണ പയ്യന്‍; അവന്റെ ഉദ്ദേശം ഇതായിരുന്നു: റസൂല്‍ പൂക്കുട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 21st April 2022, 10:48 pm

തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതിനെക്കുറിച്ചും ഫേസ്ബുക്കിലൂടെ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ചും സംസാരിക്കുകയാണ് ഓസ്‌കാര്‍ പുരസ്‌കാര ജേതാവായ സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടി.

കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതിനെക്കുറിച്ചും അത് ചെയ്തയാളുടെ ഉദ്ദേശത്തെക്കുറിച്ചും അദ്ദേഹം വെളിപ്പെടുത്തിയത്.

”ഒരു ഫേസ്ബുക്ക് അക്കൗണ്ട് ഒരിക്കല്‍ ഹാക്ക് ചെയ്തു. എന്റെ മറ്റ് അക്കൗണ്ടുകളിലൂടെ, ഫേസ്ബുക്കിലെ ഈ അക്കൗണ്ട് ഒരാള്‍ ഹാക്ക് ചെയ്ത വിവരം ഞാന്‍ പറഞ്ഞു.

ഉടനെ സൈബര്‍ സെല്ലിലെ ഒരാള്‍ എന്നെ സഹായിച്ചു. ഹാക്ക് ചെയ്ത ആളെ ഞങ്ങള്‍ പിടിച്ചു.

കൊട്ടാരക്കര ഉള്ള ഒരു പയ്യനായിരുന്നു. അവന് പ്രത്യേകിച്ച് ഉദ്ദേശം ഒന്നുമില്ല.

എന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് എന്റെ ഫ്രണ്ട്‌സ് സര്‍ക്കിളിലുള്ള സിനിമാക്കാരുടെ കോണ്‍ടാക്ട് കിട്ടി, അവരെ വിളിച്ച് ചാന്‍സ് ചോദിക്കണം, എന്നതായിരുന്നു അവന്റെ ഉദ്ദേശം. സാധാരണ പയ്യനായിരുന്നു, നല്ലവനാണ്.

എനിക്ക് ഒരുപാട് മെസേജുകള്‍ വരാറുണ്ട്. നിങ്ങള്‍ക്ക് ഒരുപാട് ഫോളോവേഴ്‌സുണ്ട്. ഫോളോവേഴ്‌സെല്ലാം ഹൈ ക്വാളിറ്റി ആള്‍ക്കാരാണ്. നിങ്ങളുടെ അക്കൗണ്ട് വഴി ഞങ്ങള്‍ ഒരു അഡ്വര്‍ട്ടൈസ്‌മെന്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നു.

ആഴ്ചയില്‍ ഒരു പോസ്റ്റ് ചെയ്താല്‍ മാസം ഇത്ര പൈസ തരാം, എന്ന് പറഞ്ഞ് മെസേജുകള്‍ വരും. ഞാന്‍ റെസ്‌പോണ്ട് ചെയ്തില്ല. ഈ ഓഫറുകളെല്ലാം വരുന്നത് യു.എസ്, യു.കെ പോലുള്ള രാജ്യങ്ങളില്‍ നിന്നാണ്.

പിന്നെ ഓഫറിന്റെ തുക കൂടിക്കൂടി വന്നു. അപ്പോള്‍ ഞാന്‍ ഇതിനെപ്പറ്റി അന്വേഷിച്ചു, എന്താണ് സംഭവം എന്ന്.

നിങ്ങള്‍ ഒരിക്കല്‍ ഇവരെ അനുവദിച്ചാല്‍, ഇവര്‍ക്ക് യെസ് കൊടുത്താല്‍, നിങ്ങളുടെ അക്കൗണ്ട് ഇവര്‍ ഹാക്ക് ചെയ്യും. നിങ്ങള്‍ക്ക് ഒരു കണ്‍ട്രോളുമുണ്ടാകില്ല,” റസൂല്‍ പൂക്കുട്ടി പറഞ്ഞു.

‘മുസാഫിര്‍’ എന്ന ഹിന്ദി ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് വന്ന റസൂല്‍ പൂക്കുട്ടി ഹോളിവുഡ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായി സിനിമകള്‍ക്ക് ശബ്ദ മിശ്രണം നിര്‍വഹിച്ചിട്ടുണ്ട്.

അതേസമയം ‘ഒറ്റ്’ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് റസൂല്‍ പൂക്കുട്ടി. ആസിഫ് അലി, അര്‍ജുന്‍ അശോകന്‍, സത്യരാജ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

Content Highlight: Resul Pookutty about his Facebook account being hacked