ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Sabarimala
സ്ത്രീപ്രവേശന വിധിക്കെതിരായ പ്രതിഷേധങ്ങളില്‍ സജീവമായവര്‍ക്കും ക്രിമിനല്‍ കേസുള്ളവര്‍ക്കും തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കാനാകില്ല: പൊലീസ്
ന്യൂസ് ഡെസ്‌ക്
Thursday 10th January 2019 6:59pm

പത്തനംതിട്ട: സുപ്രീംകോടതിയുടെ ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരായ പ്രതിഷേധങ്ങളില്‍ സജീവമായവര്‍ക്കും ക്രിമിനല്‍ കേസുള്ളവര്‍ക്കും തിരുവാഭരണ ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് പൊലീസ്.

ശബരിമലയുമായി ബന്ധപ്പെട്ട കേസുകളില്‍ ഉള്‍പ്പെട്ടവരെയാണ് തിരുവാഭരണ ഘോഷയാത്രയില്‍ നിന്ന് വിലക്കി ജില്ലാ പോലീസ് മേധാവി ഉത്തരവിറക്കിയത്. ഈ ഉത്തരവ് ദേവസ്വംബോര്‍ഡിന് കൈമാറിയിട്ടുണ്ട്.

ശബരിമല വിഷയത്തില്‍ ഇപ്പോള്‍ നടക്കുന്ന പ്രതിഷേധത്തിന്റെയും സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തിലാണ് നടപടിയെന്നും ഘോഷയാത്രയെ അനുഗമിക്കുന്ന പൊലീസുകാരല്ലാത്തവര്‍ക്ക് പ്രത്യേകം തിരിച്ചറിയില്‍ കാര്‍ഡ് നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും ഉത്തരവ് പറയുന്നു.

തിരുവാഭരണ ഘോഷയാത്രയ്ക്ക് കൂടുതല്‍ സുരക്ഷ നല്‍കണമെന്ന്  പന്തളം കുടുംബം
തന്നെ ആവശ്യപ്പെട്ടിരുന്നുവെന്നും മുന്‍കാലങ്ങളിലും പോലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചവരെ മാത്രമേ തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കാന്‍ അനുവദിച്ചിരുന്നതെന്നും പൊലീസ് പറയുന്നു.

മൂന്നു സംഘമായാണ് തിരുവാഭരണ ഘോഷ യാത്ര പോവുന്നത്. തിരുവാഭരണം വഹിച്ച് ഒരു സംഘം, രാജപ്രതിനിധിയുമായി പല്ലക്ക് വഹിച്ച് മറ്റൊരു സംഘം, ഒപ്പം ഘോഷയാത്രയെ അനുഗമിക്കുന്നവരുടെ സംഘം എന്നിങ്ങനെയാണ്. ഇതില്‍ മൂന്നാമത്തെ സംഘത്തില്‍ പ്രതിഷേധക്കാര്‍ ഉണ്ടാകാന്‍ പാടില്ലെന്നാണ് പൊലീസ് നിലപാട്.

പന്തളം കുടുംബാംഗങ്ങളടക്കം ശബരിമല പ്രതിഷേധത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നിരിക്കെയാണ് പൊലീസിന്റെ ഉത്തരവ്.

Advertisement