'അക്രമവും പ്രതിരോധവും രണ്ടും രണ്ടാണ്'; ഹമാസ് വിഷയത്തിൽ വി.ടി. ബൽറാമിനെതിരെ തഹ്‌ലിയ
Kerala News
'അക്രമവും പ്രതിരോധവും രണ്ടും രണ്ടാണ്'; ഹമാസ് വിഷയത്തിൽ വി.ടി. ബൽറാമിനെതിരെ തഹ്‌ലിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th October 2023, 9:23 pm

തിരുവനന്തപുരം: കോൺഗ്രസ്‌ നേതാവ് വി.ടി. ബൽറാം പറയുന്നത് പോലെ ലളിതമായി പരിഹരിക്കാൻ പറ്റുന്ന പ്രശ്നമല്ല ഇസ്രഈൽ – ഫലസ്തീൻ സംഘർഷമെന്ന് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ.

രാജ്യാതിർത്തികൾ ബഹുമാനിക്കുന്ന ശീലം ഇസ്രഈലിന് ഉണ്ടായിരുന്നെങ്കിൽ, ഇങ്ങനെയൊരു പ്രതിസന്ധി തന്നെ ഉണ്ടാകുമായിരുന്നില്ലെന്നും ഇസ്രഈലിൻറെ അധിനിവേശം അവസാനിപ്പിക്കാതെ ഗസയിൽ സമാധാനം ഉണ്ടാവില്ല എന്നും ഫേസ്ബുക്ക് പോസ്റ്റിൽ തഹ്‌ലിയ പറഞ്ഞു.

ഹമാസിനെ പൂർണ്ണമായി നിരായുധീകരിക്കണമെന്നും ഇരു രാജ്യങ്ങളും യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണമെന്നുമുള്ള ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് നേരത്തെ വിമർശനങ്ങൾക്ക് വിധേയമായിരുന്നു.

ഐക്യരാഷ്ട്ര സഭ ഇടപെട്ട് ഇസ്രഈൽ – ഫലസ്തീൻ അതിർത്തികൾ കൃത്യമായി നിശ്ചയിക്കണമെന്നും ബൽറാം പറഞ്ഞിരുന്നു. സേഫ് സോണിലിരുന്ന് ഇരുഭാഗത്തും പക്ഷം ചേർന്ന് ആക്രോശം മുഴക്കുന്നവരെ തിരിച്ചറിയണമെന്നും ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്.

അതേസമയം, നിഷ്പക്ഷത എല്ലായ്പ്പോഴും ശരിയായ പക്ഷമാവില്ലെന്നും നിരുപാധികമായി ഫലസ്തീൻ ജനതയോടൊപ്പം നിൽക്കലാണ് ഇന്നിന്റെ ശരിയെന്നുമായിരുന്നു തഹ്‌ലിയുടെ നിലപാട്.

‘ഫലസ്തീനികളെ സംബന്ധിച്ചിടത്തോളം ഇസ്രഈൽ അധിനിവേശം ചെറുത്ത് തോൽപ്പിക്കുക എന്നല്ലാതെ മറ്റൊരു മാർഗവും അവരുടെ മുന്നിലില്ല. അക്രമവും പ്രതിരോധവും രണ്ടും രണ്ടാണ്.

അക്രമികളേയും അവരെ പ്രതിരോധിക്കുന്നവരേയും ഒരേ നാണയത്തിന്റെ ഇരു വശങ്ങളായി ചിത്രീകരിക്കുന്നത് നീതിയല്ല. നിഷ്പക്ഷത എല്ലായ്പ്പോഴും ശരിയായ പക്ഷമാവില്ല. നിരുപാധികമായി ഫലസ്തീൻ ജനതയോടൊപ്പം നിൽക്കലാണ് ഇന്നിന്റെ ശരി,’ തഹ്‌ലിയ പറഞ്ഞു.

Content Highlight: Resistance and violence are different; Fathima Thahliya against VT Balram on Israel – Palestine conflict