രാജ്യസഭയില്‍ നിന്ന് രാജിവെക്കൂ, അല്ലെങ്കില്‍ ബഹിഷ്‌ക്കരിക്കൂ; എം.പിമാര്‍ക്ക് കര്‍ശന നിര്‍ദേശവുമായി മെഹ്ബൂബ മുഫ്തി
India
രാജ്യസഭയില്‍ നിന്ന് രാജിവെക്കൂ, അല്ലെങ്കില്‍ ബഹിഷ്‌ക്കരിക്കൂ; എം.പിമാര്‍ക്ക് കര്‍ശന നിര്‍ദേശവുമായി മെഹ്ബൂബ മുഫ്തി
ന്യൂസ് ഡെസ്‌ക്
Thursday, 8th August 2019, 10:37 am

 

ശ്രീനഗര്‍: രാജ്യസഭയില്‍ നിന്നും രാജിവെക്കാന്‍ എം.പിമാരോട് ആവശ്യപ്പെട്ട് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി.

വീട്ടുതടങ്കലില്‍ കഴിയവേയാണ് അവര്‍ എം.പിമാര്‍ക്ക് സന്ദേശം കൈമാറിയത്. ഒന്നുകില്‍ രാജി അല്ലെങ്കില്‍ ബഹിഷ്‌കരണം എന്നാണ് മെഹ്ബൂബ മുഫ്തി എം.പിമാരോട് പറഞ്ഞതെന്നാണ് പാര്‍ട്ടിയുമായി അടുത്ത കേന്ദ്രങ്ങള്‍ അറിയിച്ചത്.

അതേസമയം രാജിക്കാര്യം തങ്ങള്‍ ആലോചിക്കുന്നുണ്ടെന്നും എന്നാല്‍ പി.ഡി.പി നേതൃത്വത്തില്‍ നിന്നും കൃത്യമായ നിര്‍ദേശം ലഭിക്കേണ്ടതുണ്ടെന്നുമാണ് എം.പി ഫയാസ് പ്രതികരിച്ചത്. വാര്‍ത്താവിനിമയ സംവിധാനങ്ങളെല്ലാം വിച്ഛേദിച്ചതുകൊണ്ട് തന്നെ ആരുമായും ആശയവിനിമയം സാധ്യമായിട്ടില്ലെന്നും പ്രത്യേക യോഗം ചേര്‍ന്ന ശേഷം കാര്യങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2018 ജൂണിലാണ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി ബി.ജെ.പിക്ക് നല്‍കിപ്പോന്ന പിന്തുണ പിന്‍വലിച്ചത്. രാജ്യസഭയില്‍ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ ആര്‍ട്ടിക്കിള്‍ 370 നും 35 എയും റദ്ദാക്കിക്കൊണ്ടുള്ള ബില്‍ അവതരിപ്പിച്ചപ്പോള്‍ ഭരണഘടന കീറിക്കൊണ്ടായിരുന്നു പി.ഡി.പി എം.പിമാരായ ഫയാസും നസീര്‍ അഹമ്മദും പ്രതിഷേധിച്ചത്. സ്വന്തം വസ്ത്രം വലിച്ചുകീറി കയ്യില്‍ കറുത്ത ബാന്റ് ധരിച്ചായിരുന്നു ഇവര്‍ പുറത്തിറങ്ങിയത്.

കശ്മീര്‍ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ രണ്ട് എം.പിമാരും രാജ്യസഭയില്‍ പ്രതിപക്ഷത്തിന്റെ സഹായം ആവശ്യപ്പെട്ടിരുന്നു.

കശ്മീരില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയില്‍ നടക്കുന്നത് എന്താണെന്ന് ജനങ്ങള്‍ക്ക് അറിയില്ലെന്നും ജനങ്ങള്‍ക്കിടയില്‍ നടക്കുന്നത് ഉദ്യോഗസ്ഥര്‍ക്ക് അറിയില്ലെന്നും എം.പിമാര്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആര്‍ട്ടിക്കിള്‍ 35 എ, ആര്‍ട്ടിക്കിള്‍ 370, കശ്മീരിന്റെ വിഭജനം എന്നിവയെ കുറിച്ച് വളരെ നിരുത്തരവാദിത്തപരമായ ഊഹക്കച്ചവടമാണ് കശ്മീരില്‍ നടക്കുന്നതെന്നും എം.പിമാര്‍ പറഞ്ഞു.

കശ്മീര്‍ പ്രശ്നം രാഷ്ട്രീയമാണെന്നും അത് രാഷ്ട്രീയമായാണ് പരിഹരിക്കേണ്ടതെന്നും എം.പിമാര്‍ പറഞ്ഞു.

പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ പ്രതിഷേധത്തെ മറികടന്നുകൊണ്ടായിരുന്നു അമിത് ഷാ പ്രമേയം അവതരിപ്പിച്ചത്. ജമ്മുകാശ്മീരിന്റെ പ്രത്യേക പരിരക്ഷ എടുത്തുകളയുന്നതാണ് ബില്‍. ഉപരാഷ്ട്രപതിക്കുള്ള വിവേചനാധികാരം ഉപയോഗിച്ചാണ് ബില്‍ അവതരിപ്പിച്ചത്.