യു.എസ് ഇടക്കാല തെരഞ്ഞെടുപ്പ്; ജനപ്രതിനിധി സഭയില്‍ ഭൂരിപക്ഷമുറപ്പിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി, സെനറ്റില്‍ ഒപ്പത്തിനൊപ്പം
World News
യു.എസ് ഇടക്കാല തെരഞ്ഞെടുപ്പ്; ജനപ്രതിനിധി സഭയില്‍ ഭൂരിപക്ഷമുറപ്പിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി, സെനറ്റില്‍ ഒപ്പത്തിനൊപ്പം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th November 2022, 10:42 am

അമേരിക്കയില്‍ നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് മുന്നേറ്റം, ഡെമോക്രാറ്റിക് പാര്‍ട്ടിക്കും പ്രസിഡന്റ് ജോ ബൈഡനും തിരിച്ചടി. 435 അംഗ ജനപ്രതിനിധി സഭയിലെ (House of Representatives) ആദ്യ ഫലസൂചനകള്‍ ലഭിക്കുമ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭൂരിപക്ഷം ഉറപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

165 സീറ്റുകളില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും 118 സീറ്റുകളില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുമാണ് ലീഡ് ചെയ്യുന്നത്. 218 സീറ്റുകള്‍ ലഭിച്ചാലാണ് സഭയില്‍ ഭൂരിപക്ഷം ഉറപ്പിക്കാനാകുക.

ഡെമോക്രാറ്റുകളുടെ കൈവശമുണ്ടായിരുന്ന ആറ് സീറ്റുകള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പിടിച്ചെടുത്തു.

ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടാല്‍ പ്രസിഡന്റ് ജോ ബൈഡന് ഇനിയുള്ള ഭരണകാലം വലിയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തലുകള്‍.

വോട്ടെണ്ണല്‍ നിലവില്‍ അവസാന ഘട്ടത്തിലാണ്.

ഡെമോക്രാറ്റുകള്‍ പ്രതീക്ഷ വെക്കുന്ന കാലിഫോര്‍ണിയ പോലുള്ള സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ജോര്‍ജിയ, പെന്‍സില്‍വാനിയ എന്നീ രണ്ട് സംസ്ഥാനങ്ങളിലെ ഫലവും നിര്‍ണായകമാകും. രണ്ടിടത്തും നിലവില്‍ ഇരു പാര്‍ട്ടികളും ഒപ്പത്തിനൊപ്പമാണെന്നാണ് റിപ്പോര്‍ട്ട്.

ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയുണ്ടാകുമെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടി വമ്പന്‍ ഭൂരിപക്ഷത്തോടെ വിജയിക്കും എന്ന് തന്നെയായിരുന്നു തെരഞ്ഞെടുപ്പിന് മുമ്പ് വന്ന അഭിപ്രായ സര്‍വേകള്‍ നല്‍കിയിരുന്ന സൂചന.

ജനപ്രതിനിധി സഭയില്‍ അധികാരമാറ്റമുണ്ടാകും എന്ന് തന്നെയാണ് നിലവിലെ ട്രെന്‍ഡ് നല്‍കുന്ന സൂചനയും.

സെനറ്റില്‍ (Senate) ഇപ്പോഴും തുല്യ നിലയില്‍ തന്നെയാണ് ഇരു പാര്‍ട്ടികളും മുന്നേറുന്നത്. ഭൂരിപക്ഷത്തിന് 51 സീറ്റുകള്‍ വേണ്ട സെനറ്റില്‍ 45 റിപ്പബ്ലിക്കന്‍, 44 ഡെമോക്രാറ്റുകള്‍ എന്ന നിലയിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്.

36 സംസ്ഥാനങ്ങളിലാണ് ഗവര്‍ണര്‍ തെരഞ്ഞെടുപ്പ് നടന്നത്.

Content Highlight: Republican party takes lead in US mid term election