കടുവയില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍
Entertainment news
കടുവയില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 15th June 2022, 5:01 pm

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കടുവ. സിനിമയുടെ രണ്ടാം ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ജൂണ്‍ 30 നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ കടുവയില്‍ മോഹന്‍ലാലും അതിഥി വേഷത്തില്‍ എത്തുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

10 മിനുറ്റ് ദൈര്‍ഘ്യമുള്ള അതിഥി വേഷത്തിലാവും മോഹന്‍ലാല്‍ കടുവയില്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഷാജി കൈലാസിന്റെ തിരിച്ചുവരവറിയിക്കുന്ന ചിത്രം കൂടിയാണ് കടുവ. മലയാളത്തില്‍ എട്ട് വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് ആദ്യമായി പ്രഖ്യാപിച്ച ചിത്രമായിരുന്നു കടുവ.

ആദം ജോണിന്റെ സംവിധായകനും ലണ്ടന്‍ ബ്രിഡ്ജ്, മാസ്റ്റേഴ്സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്.

ബോളിവുഡ് താരം വിവേക് ഒബ്റോയ് പ്രതിനായകനായി എത്തുന്ന ചിത്രത്തില്‍ സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റു വേഷങ്ങളില്‍ എത്തുന്നു.

ലൂസിഫറിനു ശേഷം വിവേക് ഒബ്റോയ് അഭിനയിക്കുന്ന മലയാള ചിത്രമാണ് കടുവ. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മാണം.
ജന ഗണ മനയാണ് ഒടുവില്‍ റിലീസ് ചെയ്ത പൃഥ്വിരാജിന്റെ ചിത്രം.

മോഹന്‍ലാലിനെ നായകനാക്കി എലോണ്‍ എന്ന ചിത്രം നേരത്തെ ഷാജി കൈലാസ് പൂര്‍ത്തിയാക്കിയിരുന്നു. എലോണ്‍ ഡയറക്ട് ഒ.ടി.ടി റിലീസ് ആയിരിക്കുമെന്നാണ് കരുതപ്പെടുന്നത്.

Content Highlight : Reports says that Mohanlal play a guest role in Prithviraj`s  Kaduva