ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗക്കേസ്: പ്രതികളെ വിട്ടയച്ച സര്‍ക്കാര്‍ കമ്മിറ്റിയില്‍ പകുതി പേരും ബി.ജെ.പിക്കാര്‍; റിപ്പോര്‍ട്ട്
national news
ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗക്കേസ്: പ്രതികളെ വിട്ടയച്ച സര്‍ക്കാര്‍ കമ്മിറ്റിയില്‍ പകുതി പേരും ബി.ജെ.പിക്കാര്‍; റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th August 2022, 8:17 pm

അഹമ്മദാബാദ്: ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗക്കേസില്‍ പ്രതികളെ വെറുതെ വിടാന്‍ ഉത്തരവിട്ട സര്‍ക്കാര്‍ സമിതിയിലെ പകുതി പേരും ബി.ജെ.പി അനുഭാവികളെന്ന് റിപ്പോര്‍ട്ട്. പത്ത് പേരുള്ള കമ്മിറ്റിയിലെ അഞ്ച് പേരും ബി.ജെ.പിക്കാരാണെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഔദ്യോഗിക റിപ്പോര്‍ട്ട് പ്രകാരം അഡ്വൈസറി കമ്മിറ്റിയില്‍ ഉള്‍പ്പെട്ടവരില്‍ ബി.ജെ.പി എം.എല്‍.എമാരും, ബി.ജെ.പി സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗവും ഉള്‍പ്പെട്ടിട്ടുണ്ട്. ഇതുകൂടാതെ പാര്‍ട്ടിയുമായി ബന്ധമുള്ള മറ്റു രണ്ടുപേരും കമ്മിറ്റിയിലുണ്ട്.

കമ്മിറ്റിയില്‍ ഉള്‍പ്പെട്ടിരിക്കുന്ന വിനിത ലെലെയെ സാമൂഹിക പ്രവര്‍ത്തകയെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നതെങ്കിലും ഇവര്‍ ബി.ജെ.പി പ്രവര്‍ത്തകയാണെന്നാണ് ഇവരുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ നിന്ന് വ്യക്തമാകുന്നതെന്നും എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.

കമ്മിറ്റിയിലുള്ള പവന്‍ഭായ് സോണിയെയാണ് ബി.ജെ.പി അടുത്ത സാമൂഹിക പ്രവര്‍ത്തകയാക്കി വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ബി.ജെ.പിയുടെ വെബ് പേജില്‍ നിന്നും അവര്‍ ബി.ജെ.പിയുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

അതേസമയം പവന്‍ഭായ് സോണിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ സോണി വിസമ്മതിച്ചെന്നും പാര്‍ട്ടിയുമായുള്ള ബന്ധത്തെ എതിര്‍ത്തില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

സര്‍ദാര്‍സിങ് പട്ടേലാണ് ബി.ജെ.പിയുടെ പട്ടികയിലെ കമ്മിറ്റിയിലുള്‍പ്പെട്ട അടുത്ത സാമൂഹ്യപ്രവര്‍ത്തകന്‍. ഗോധ്രയില്‍ നിന്നുള്ള എം.എല്‍.എയായ സി.കെ. റൗല്‍ജി, കലോള്‍ എം.എല്‍.എ സുമാബെന്‍ ചൗഹാന്‍ തുടങ്ങിയവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍.

ഇവര്‍ക്ക് പുറമെ ജയില്‍ സൂപ്രണ്ട്, പ്രിന്‍സിപ്പള്‍ ജില്ലാ ജഡ്ജി, ജില്ലാ പൊലീസ് സൂപ്രണ്ട്, ജില്ലാ സോഷ്യല്‍ വെല്‍ഫെയര്‍ ഓഫീസര്‍ എന്നിവരും ഉള്‍പ്പെട്ടിരുന്നു. പഞ്ചാമഹല്‍ ജില്ലാ മജിസ്‌ട്രേറ്റ് ആണ് കമ്മിറ്റിയെ നയിക്കുന്നത്.

കമ്മിറ്റിയെ ബില്‍ക്കീസ് ബാനു കേസിന് വേണ്ടി നിയമിച്ചതല്ലെന്നും ഇളവ് അപേക്ഷകള്‍ പരിശോധിക്കാന്‍ വേണ്ടി നേരത്തെ രൂപീകരിച്ച സമിതിയാണെന്നും പഞ്ചാമഹല്‍ ജില്ലാ മജിസ്‌ട്രേറ്റ് സുജല്‍ മായത്ര പറഞ്ഞു.

പ്രതികളെ വെറുതെവിട്ടുകൊണ്ടുള്ള തീരുമാനം ഏകകണ്ഠമായിരുന്നോ എന്ന ചോദ്യത്തിന് പ്രതികള്‍ ജയിലില്‍ കഴിഞ്ഞ കാലാവധി കണക്കിലെടുത്താണ് വെറുതെ വിടാന്‍ താന്‍ അനുമതി നല്‍കിയത് എന്നായിരുന്നു സുജല്‍ മായത്രയുടെ പ്രതികരണം.

1992ലെ റിമിഷന്‍ പോളിസിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ വെറുതെ വിടാന്‍ കമ്മിറ്റി ഉത്തരവിട്ടതെന്നും അദ്ദേഹം പറഞ്ഞു. ഈ പോളിസി പ്രകാരം ബലാത്സംഗക്കേസിലെ പ്രതികളായാലും വിട്ടയക്കുന്നതില്‍ നിയന്ത്രണങ്ങളുണ്ടായിരുന്നില്ല. അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട് പ്രകാരം ബലാത്സംഗക്കേസുകളില്‍ പ്രതിയായവരെ വിട്ടയക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

Content Highlight: Reports says that half of the members of committee by gujarat government who released bilkis bano rape case culprits are bjp workers