അംബാനി മാമന്‍ പണി തുടങ്ങി മക്കളേ, ദിസ് ഈസ് ബിസിനസ്... ഇത്തവണ ഐ.പി.എല്‍ കാണാന്‍ ചെലവേറും
IPL 2023
അംബാനി മാമന്‍ പണി തുടങ്ങി മക്കളേ, ദിസ് ഈസ് ബിസിനസ്... ഇത്തവണ ഐ.പി.എല്‍ കാണാന്‍ ചെലവേറും
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 24th February 2023, 6:49 pm

ജിയോ സിനിമാസിലൂടെ ഐ.പി.എല്‍ മത്സരങ്ങള്‍ കാണുന്നതിന് ഇത്തവണ ചെലവേറുമെന്ന് റിപ്പോര്‍ട്ടുകള്‍. 12 ഭാഷകളിലായി സൗജന്യമായാണ് ജിയോ സിനിമയില്‍ ഐ.പി.എല്‍ മത്സരങ്ങള്‍ സ്ട്രീം ചെയ്യുന്നതെങ്കിലും അതിന് വേണ്ടി വരുന്ന ഡാറ്റ പാക്ക് ചിലപ്പോള്‍ കൈപൊള്ളിച്ചേക്കും.

4കെ റെസലൂഷനില്‍ ഒരു മത്സരം പൂര്‍ണമായും കാണാനായി ഏകദേശം 25 ജി.ബിയോളം ഡാറ്റ ആവശ്യമായി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഫുള്‍ എച്ച്.ഡി ക്വാളിറ്റിയിലാണെങ്കില്‍ ഇത് 12 ജി.ബിയോളം ഡാറ്റ ആവശ്യമാകുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. നോര്‍മല്‍ ക്വാളിറ്റിയിലാണെങ്കില്‍ അത് രണ്ടര ജി.ബിയിലധികം വേണ്ടി വന്നേക്കും

ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറില്‍ ഒരു മത്സരം കാണാന്‍ 500 എം.ബി മുതല്‍ 700 എം.ബി വരെയായിരുന്നു ചെലവായത്. ജിയോ സിനിമാസില്‍ ഐ.പി.എല്‍ മത്സരം കാണുകയാണെങ്കില്‍ അധിക ഡാറ്റാ പാക്ക് റീചാര്‍ജ് ചെയ്യേണ്ടി വരുമെന്നാണ് അളുകള്‍ പറയുന്നത്.

അംബാനി അവസരം മുതലാക്കുകയാണെന്നും ഒരു മത്സരം കാണാന്‍ വീട് വില്‍ക്കേണ്ട അവസ്ഥയാണെന്നും ആരാധകര്‍ പറയുന്നുണ്ട്.

നേരത്തെ 2022 ഖത്തറിലെ ഫിഫ ലോകകപ്പ് മത്സരങ്ങള്‍ സ്ട്രീം ചെയ്തപ്പോഴുണ്ടായ സാങ്കേതിക തടസങ്ങളും, മത്സരം കാണാന്‍ സാധിക്കാതെ പോയതും ഐ.പി.എല്‍ സ്ട്രീമിങ്ങിനിടെയും ആരാധകരുടെ മനസിലുണ്ടാകും.

അതേസമയം, ഐ.പി.എല്ലിന്റെ സംപ്രേക്ഷത്തില്‍ വലിയ തോതിലുള്ള മാറ്റം കൊണ്ടുവരാനും ജിയോ സിനിമാസ് പദ്ധതിയിടുന്നുണ്ട്. 12 ഭാഷയിലെ കമന്ററിയും 360 ഡിഗ്രിയില്‍ മത്സരം കാണാനുള്ള അവസരവും ഇതിലുണ്ടാകും.

 

 

ഇതിന് പുറമെ സ്റ്റംപ് ക്യാം അടക്കമുള്ള വിവിധ ക്യാമറ ആങ്കിളുകളില്‍ നിന്ന് മത്സരം കാണാനുള്ള അവസരവും കമന്റേറ്റര്‍മാരുമായി ചാറ്റ് ചെയ്യാനുള്ള അവസരവും ജിയോ സിനിമാ ആപ്പിലൂടെ ലഭ്യമാകും.

മത്സരത്തിനിടെ ക്വിസ് മത്സരങ്ങളും ജിയോ സിനിമാസ് സംഘടിപ്പിക്കുന്നുണ്ട്. ഇതിനായി ജിയോ അമിതാഭ് ബച്ചനെ ബന്ധപ്പെടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

മാര്‍ച്ച് 31നാണ് ഐ.പി.എല്‍ 2023 ആരംഭിക്കുന്നത്. നിലവിലെ ചാമ്പ്യന്‍മാരായ ഹര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സ് മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടുന്നതോടെയാണ് ഐ.പി.എല്ലിന്റെ 16ാം എഡിഷന് തുടക്കമാവുന്നത്.

 

Content Highlight: Reports says that 25GB of data will be required to watch IPL in 4K