ലോകകപ്പിന് മുമ്പ് തന്നെ ഇന്ത്യക്ക് വമ്പന്‍ തിരിച്ചടി; അവനില്ലാതെ കളിക്കേണ്ടി വരും
Sports News
ലോകകപ്പിന് മുമ്പ് തന്നെ ഇന്ത്യക്ക് വമ്പന്‍ തിരിച്ചടി; അവനില്ലാതെ കളിക്കേണ്ടി വരും
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 6th January 2023, 3:36 pm

ഈ വര്‍ഷം ഇന്ത്യയില്‍ വെച്ച് നടക്കുന്ന ഐ.സി.സി ഏകദിന ലോകകപ്പില്‍ സൂപ്പര്‍ താരം റിഷബ് പന്ത് കളിച്ചേക്കില്ല. പരിക്കില്‍ നിന്നും പൂര്‍ണമായി തിരിച്ചുവരാന്‍ ഇനിയും സമയം വേണ്ടി വരുമെന്ന ഡോക്ടര്‍മാരുടെ വിലയിരുത്തലാണ് താരത്തിന് തിരിച്ചടിയായിരിക്കുന്നത്.

ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയില്‍ നിന്നും താരത്തെ മുംബൈയിലെ കോകിലാ ബെന്‍ ആശുപത്രിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തിട്ടുണ്ട്. ബി.സി.സി.ഐ ഡോക്ടര്‍മാരുടെ പരിചരണത്തിലാണ് പന്ത് ഇപ്പോള്‍.

ഡിസംബര്‍ 30നായിരുന്നു പന്തിന് കാറപടത്തില്‍ പരിക്കേറ്റത്. കാലിന്റെ ലിഗമെന്റ് പൊട്ടുകയും നെറ്റിയില്‍ പരിക്കേല്‍ക്കുകയുമായിരുന്നു. ഇതിന് പുറമെ പുറം ഭാഗത്ത് പൊള്ളലേറ്റിട്ടുമുണ്ട്.

മൂന്ന് മാസം മുതല്‍ ആറ് മാസം വരെ താരത്തിന് പരിപൂര്‍ണമായ വിശ്രമം വേണ്ടി വരുമെന്നായിരുന്നു ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നത്. 2023 ഐ.പി.എല്‍ പൂര്‍ണമായും താരത്തിന് നഷ്ടപ്പെടും.

എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പന്ത് പൂര്‍ണമായും അരോഗ്യസ്ഥിതി വീണ്ടെടുക്കാന്‍ എട്ടോ ഒമ്പതോ മാസം വേണ്ടി വന്നേക്കുമെന്ന് അദ്ദേഹത്തിന്റെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാരണം കൊണ്ടുതന്നെ പന്തിന് 2023 ലോകകപ്പ് നഷ്ടമായേക്കും.

ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്‌പോര്‍ട്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഡോക്ടര്‍ ദിന്‍ഷോ പര്‍ദിവാല റിഷബ് പന്തിനെ പരിശോധിച്ചെന്നും ലിഗമെന്റ് പൊട്ടിയതിനാലുള്ള വീക്കം തുടരുന്നതിനാല്‍ ശസ്ത്രക്രിയ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞതായി ഇന്‍സൈഡ് സ്‌പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു.

‘മൂന്നോ നാലോ ദിവസങ്ങള്‍ക്കകം ഈ കാര്യത്തെ കുറിച്ചുള്ള വ്യക്തമായ ഒരു ചിത്രം ലഭിക്കും. ലിഗമെന്റ് പൊട്ടിയത് അല്‍പം ഗുരുതരമാണ്. അവന്‍ ഒരു വിക്കറ്റ് കീപ്പര്‍ കൂടി ആയതിനാല്‍ പൂര്‍ണമായും റിക്കവര്‍ ചെയ്യാന്‍ ചുരുങ്ങിയത് എട്ടോ ഒമ്പതോ മാസങ്ങള്‍ വേണ്ടി വന്നേക്കും,’ അദ്ദേഹം പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒക്ടോബറിലാണ് ലോകകപ്പ് നടക്കുന്നത്. ഇന്ത്യയാണ് വേദി. 2011 ലോകകപ്പിന് ശേഷം ഐ.സി.സി ഏകദിന ലോകകപ്പ് ഇതാദ്യമായാണ് ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നത്.

2011നെ അപേക്ഷിച്ച് ഇന്ത്യ മാത്രമാണ് 2023 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. 2011 ഐ.സി.സി ഏകദിന ലോകകപ്പില്‍ ഇന്ത്യക്കൊപ്പം ശ്രീലങ്കയും ബംഗ്ലാദേശും ആതിഥേയത്വം വഹിച്ചിരുന്നു.

 

Content Highlight: Reports says Rishabh Pant will not be able to play 2023 World Cup