ശക്തിമാന്‍ റിട്ടേണ്‍സ്; സംവിധായകനായി ബേസില്‍ ജോസഫ്? സൂപ്പര്‍ ഹീറോയായി എത്തുക ബോളിവുഡ് സൂപ്പര്‍ താരം
Film News
ശക്തിമാന്‍ റിട്ടേണ്‍സ്; സംവിധായകനായി ബേസില്‍ ജോസഫ്? സൂപ്പര്‍ ഹീറോയായി എത്തുക ബോളിവുഡ് സൂപ്പര്‍ താരം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 20th October 2022, 8:31 pm

ഇന്ത്യയില്‍ ഏറ്റവും ജനപ്രിയനായിരുന്ന സൂപ്പര്‍ ഹീറോ ശക്തിമാന്‍ തിരിച്ചുവരുന്നു. ശക്തിമാനെ വീണ്ടും സ്‌ക്രീനിലേക്ക് എത്തിക്കുന്ന വിവരം സോണി പിക്‌ചേഴ്‌സാണ് പുറത്ത് വിട്ടത്.

ചിത്രത്തിന്റെ സംവിധായകനായി ബേസില്‍ ജോസഫായിരിക്കും എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ബേസില്‍ ജോസഫും ശക്തിമാന്‍ ടീമും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു.

ബേസിലും സിനിമയുടെ ടീമും തമ്മിലുള്ള ചര്‍ച്ചകള്‍ പോസിറ്റീവായാണ് അവസാനിക്കുന്നതെന്ന് ചിത്രത്തോടടുത്ത വൃത്തങ്ങള്‍ പറയുന്നു. ‘ഇന്ത്യന്‍ സൂപ്പര്‍ ഹീറോ ലോകത്തെ പറ്റി ബേസിലിന് നന്നായി അറിയാം. അദ്ദേഹം ശക്തിമാന്റെ വലിയ ഫാനാണ്. ബേസില്‍ ശക്തിമാന്‍ ടീമിനെ നേരത്തെ തന്നെ കണ്ടിട്ടുണ്ട്. സിനിമയുടെ ഭാഗമാകാന്‍ അദ്ദേഹത്തിനും ആഗ്രഹമുണ്ട്.

അദ്ദേഹത്തിന്റേതായ ഒരു സിനിമ വേര്‍ഷന്റെ സ്‌ക്രീന്‍ പ്ലേ നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അത് പരിശോധിച്ച ശേഷമായിരിക്കും ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുക.

ഹിന്ദി സിനിമയുടെ പൊട്ടെന്‍ഷ്യല്‍ തന്നെ മാറ്റാന്‍ ശേഷിയുള്ള ഫ്രാഞ്ചൈസിയാണ് ശക്തിമാന്‍. അതിനാല്‍ തന്നെ സംവിധായകനെ തെരഞ്ഞെടുക്കുമ്പോള്‍ ഞങ്ങള്‍ സൂക്ഷ്മത പുലര്‍ത്തുന്നുണ്ട്.

ശക്തിമാന്‍ എന്ന കഥാപാത്രത്തെ മുകേഷ് ഖന്ന ഓരോ വീട്ടിലും എത്തിച്ചു. ഇന്നത്തെ പ്രേക്ഷകരിലേക്ക് ശക്തിമാനെ വീണ്ടും അവതരിപ്പിക്കുക എന്നതാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. പല മുന്‍നിര സംവിധായകരോടും ടീം സംസാരിക്കുന്നുണ്ട്. ബേസിലിനാണ് മുന്‍ഗണന. എല്ലാ മീറ്റിങ്ങും പോസിറ്റീവായാണ് അവസാനിക്കുന്നത്.

സൂപ്പര്‍ ഹീറോയായി ഏത് താരമാണ് എത്തുന്നത് എന്ന് തീരുമാനിച്ചിട്ടില്ല. എന്നാല്‍ ലിസ്റ്റില്‍ ടോപ്പിലുള്ളത് രണ്‍വീര്‍ സിങ്ങാണ്. അദ്ദേഹം സ്‌ക്രിപ്റ്റ് കേള്‍ക്കും. ഒരു സൂപ്പര്‍ ഹീറോയെ സ്‌ക്രീനില്‍ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് ജീവിതത്തിലൊരിക്കല്‍ കിട്ടുന്ന ചാന്‍സായിരിക്കാം ഇത്. അതിനാല്‍ തന്നെ എങ്ങനെ അവതരിപ്പിക്കണമെന്നതിനെപറ്റി അദ്ദേഹത്തിനും വളരെയധികം ജാഗ്രതയുണ്ടാവും,’ ചിത്രത്തോടടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

Content Highlight: Reports say that Basil Joseph will be the director of the film sakthiman