പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി; 32 ദിവസത്തിനുള്ളില്‍ പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി
national news
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി; 32 ദിവസത്തിനുള്ളില്‍ പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി
ന്യൂസ് ഡെസ്‌ക്
Thursday, 11th July 2019, 9:52 pm

ഭോപ്പാല്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ മുപ്പത്തിയഞ്ചുകാരന് 32 ദിവസത്തിനുള്ളില്‍ വധശിക്ഷ വിധിച്ച് ഭോപ്പാല്‍ പോക്‌സോ കോടതി.

പെണ്‍കുട്ടിയെ ലൈംഗീകാക്രമണത്തിന് ഇരയാക്കിയ വിഷ്ണു ബമോറയ്ക്കാണ് ഭോപ്പാല്‍ പ്രത്യേക പോക്‌സോ കോടതി ജഡ്ജി കുമുധിനി പട്ടേല്‍ വധശിക്ഷ വിധിച്ചത്.

ഐ.പി.സി 376, 302 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. എട്ടുവയസുകാരിയെ പീഡനത്തിന് വിധേയയാക്കിയ കേസിലും ഇയാളെ ജീവപര്യന്തം ശിക്ഷയ്ക്കും കോടതി വിധിച്ചിട്ടുണ്ട്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും പീഡിപ്പിക്കുകയും ചെയ്തതിന് ഐപിസി 363, 366 വകുപ്പുകള്‍ പ്രകാരം മൂന്ന്, ഏഴ് വര്‍ഷത്തേ ശിക്ഷയും ഇയാള്‍ക്ക് കോടതി വിധിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം എട്ടിനാണ് കമലനഗറിലെ വീട്ടിന് മുന്നില്‍ നിന്ന് പെണ്‍കുട്ടിയെ കാണാതാവുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പിറ്റേന്ന് രാവിലെ പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് ജൂണ്‍ 10ന് വിഷ്ണു ബമോറയെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. ഡി.എന്‍.എ ടെസ്റ്റ് അടക്കമുള്ള തെളിവുകളും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തില്‍ ജൂണ്‍ 12ന് തന്നെ ഇയാള്‍ക്കെതിരെ 108 പേജുള്ള കുറ്റപത്രം പൊലീസ് ചുമത്തി.

തുടര്‍ന്നുള്ള വിചാരണയിലാണ് ഇയാളെ വധശിക്ഷയ്ക്ക് കോടതി വിധിച്ചത്.

DoolNews Video