പണം തരുന്ന സിനിമക്ക് പുകഴ്ത്തലും പണം തരാത്തവക്ക് ഇകഴ്ത്തലും ചെയ്യുന്ന ഗ്രൂപ്പുകള്‍ സര്‍ക്കാര്‍ നിരോധിക്കണം ; മരക്കാറിന് പിന്തുണയുമായി രഞ്ജിത്ത് ശങ്കര്‍
Malayalam Cinema
പണം തരുന്ന സിനിമക്ക് പുകഴ്ത്തലും പണം തരാത്തവക്ക് ഇകഴ്ത്തലും ചെയ്യുന്ന ഗ്രൂപ്പുകള്‍ സര്‍ക്കാര്‍ നിരോധിക്കണം ; മരക്കാറിന് പിന്തുണയുമായി രഞ്ജിത്ത് ശങ്കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd December 2021, 3:04 pm

പ്രിയദര്‍ശന്റെ മോഹന്‍ലാല്‍ ചിത്രം മരക്കാറിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍. വിവിധ ഭാഷകളില്‍ നിന്നുമുള്ള വമ്പന്‍ താരനിരയെ അണിനിരത്തി വലിയ പ്രതീക്ഷകളുമായെത്തിയ ചിത്രത്തിന് റിലീസിന് പിന്നാലെ വലിയ വിമര്‍ശനങ്ങളും സൈബര്‍ ആക്രമണങ്ങളുമാണ് നേരിടേണ്ടി വന്നത്. ഇതിനെതിരെയാണ് രഞ്ജിത്ത് ശങ്കര്‍ രംഗത്ത് വന്നത്.

‘പണം തരുന്ന സിനിമക്ക് പുകഴ്ത്തലും പണം തരാത്തവക്ക് ഇകഴ്ത്തലും ചെയ്യുന്ന ഗ്രൂപ്പുകളും സൈറ്റുകളും സര്‍ക്കാര്‍ കണ്ടെത്തി നിരോധിക്കുന്നത് സിനിമയെടുക്കുന്ന പ്രൊഡ്യൂസര്‍മാര്‍ക്ക് വലിയ ആശ്വാസം ആയിരിക്കും.’ രഞ്ജിത്ത് ഫേസ്ബുക്കില്‍ കുറിച്ചു.

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഡിസംബര്‍ രണ്ടിനാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം പുറത്തിറങ്ങിയത്. വന്‍ പ്രതീക്ഷയോടെ ഇറങ്ങിയ ചിത്രത്തിന് മോശം പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.


മരക്കാറിനെതിരെ വ്യാപകമായ ഡീഗ്രേഡിങ് നടക്കുന്നുവെന്നും ആരോപണമുണ്ട്. സിനിമയെ മോശമായി ചിത്രീകരിക്കുന്ന രീതിയില്‍ പ്രചരണം നടക്കുന്നുണ്ടെന്നാണ് ആക്ഷേപം.

മോഹന്‍ലാല്‍ നെടുമുടി വേണു, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, മുകേഷ്, സുനില്‍ ഷെട്ടി, ഇന്നസെന്റ്, മാമുക്കോയ തുടങ്ങിയ താരങ്ങളുടെ നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്.


ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് നൂറ് കോടിക്കടുത്താണ് ബഡ്ജറ്റ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: renjith sankar facebook post on marakkar