മമ്മൂട്ടി എപ്പോഴും വഴക്കുണ്ടാക്കുന്നത് അക്കാര്യത്തിനാണ്, എന്നാല്‍ നിങ്ങള്‍ ചെയ്ത് കാണിക്ക് എന്ന് പറഞ്ഞിട്ടുണ്ട്; രണ്‍ജി പണിക്കര്‍ പറയുന്നു
Entertainment
മമ്മൂട്ടി എപ്പോഴും വഴക്കുണ്ടാക്കുന്നത് അക്കാര്യത്തിനാണ്, എന്നാല്‍ നിങ്ങള്‍ ചെയ്ത് കാണിക്ക് എന്ന് പറഞ്ഞിട്ടുണ്ട്; രണ്‍ജി പണിക്കര്‍ പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 17th June 2021, 4:36 pm

മമ്മൂട്ടിയുമായി വഴക്കുണ്ടാവുന്നത് എപ്പോഴും ഡയലോഗിന്റെ കാര്യത്തിലാണെന്ന് തുറന്നു പറയുകയാണ് രണ്‍ജി പണിക്കര്‍. പല കഥാപാത്രങ്ങള്‍ക്കും വേണ്ടി നീളന്‍ ഡയലോഗുകള്‍ എഴുതി ചെല്ലുമ്പോള്‍ അത് കടിച്ചാ പൊട്ടാത്തതാണെന്നും നീളം കൂടുതലാണെന്നും പറഞ്ഞാണ് മമ്മൂട്ടി വഴക്കിടാറുള്ളതെന്നും രണ്‍ജി പണിക്കര്‍ പറഞ്ഞു.

‘ചിലപ്പോള്‍ ഡബ്ബിംഗ് തിയേറ്ററില്‍ ഇരിക്കുമ്പോള്‍, എന്നാല്‍ നിങ്ങള്‍ വന്നങ്ങ് ഡബ്ബ് ചെയ്യ് എന്ന് മമ്മൂട്ടി പറഞ്ഞിട്ടുണ്ട്. ഞാന്‍ പോയി ഡബ്ബ് ചെയ്തിട്ടുമുണ്ട്. എനിക്കങ്ങനെയൊന്നും ചെയ്യാന്‍ പറ്റില്ലെന്ന് അപ്പോള്‍ മമ്മൂട്ടി പറയും,’ രണ്‍ജി പണിക്കര്‍ പറയുന്നു.

ഓരോ നടീനടന്‍മാരും ഡയലോഗ് പഠിക്കുകയും പറയുകയും ചെയ്യുന്ന കാര്യത്തില്‍ വ്യത്യസ്ത രീതിയാണെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.

ഒരു നടിക്ക് വേണ്ടി താന്‍ ആദ്യമായി വലിയ ഡയലോഗ് എഴുതിയത് പത്രം സിനിമയിലെ മഞ്ജു വാര്യരുടെ കഥാപാത്രത്തിന് വേണ്ടിയാണെന്നും രണ്‍ജി പണിക്കര്‍ പറയുന്നു.

‘അത്രയും വലിയ ഡയലോഗുകള്‍ പറയുന്ന കഥാപാത്രങ്ങള്‍ മഞ്ജു അതിന് മുമ്പ് ചെയ്തിട്ടുണ്ടായിരുന്നില്ല. നീളമുള്ള ഡയലോഗ് പറയാന്‍ ബുദ്ധിമുട്ടുണ്ടോ എന്ന് ഞാന്‍ മഞ്ജുവിനോട് ചോദിച്ചിരുന്നു. ഏയ് ഇല്ല എന്ന് അവര്‍ പറഞ്ഞു. നീളമുള്ള ഡയലോഗുകള്‍ വായിച്ച് കുറച്ച് സമയത്തിനുള്ളില്‍ തന്നെ മഞ്ജു അത് മന:പാഠമാക്കിയിരിക്കും. അതെന്നെ അത്ഭുതപ്പെടുത്തിയിരുന്നു,’ രണ്‍ജി പണിക്കറിന്റെ വാക്കുകള്‍.

ലേലത്തിലെ ചില ഡയലോഗിന്റെ പേരില്‍ നടന്‍ സോമനുമായി വഴക്കുണ്ടായിട്ടുണ്ടെന്നും പിന്നീട് അതെല്ലാം തീര്‍ത്ത് വീണ്ടും ഒന്നിക്കുകയായിരുന്നുവെന്നും രണ്‍ജി പണിക്കര്‍ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Renji Panicker shares experience about Mammootty