സ്പോര്‍ട്സ് ഡെസ്‌ക്
സ്പോര്‍ട്സ് ഡെസ്‌ക്
Sports
ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകന്‍ കോണ്‍സ്റ്റന്റൈനെതിരെ ഇന്ത്യന്‍ താരം റെനെഡി സിംഗ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday 14th March 2018 12:10am

ന്യൂദല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകന്‍ കോണ്‍സ്റ്റന്‍റെെനെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം റെനെഡി സിംഗ്. കോണ്‍സ്റ്റന്‍റെെന്‍റെ ടീം തെരഞ്ഞെടുപ്പിനെതിരെയാണ് റെനെഡി സിംഗ് രംഗത്തെത്തിയത്. സൂസൈരാജിനെ പോലെ സീസണില്‍ മികവ് തെളിയിച്ച താരങ്ങളെ തഴഞ്ഞതാണ് റെനെഡി സിംഗിനെ ചൊടിപ്പിച്ചത്.
ഏഷ്യാകപ്പില്‍ ഇന്ത്യ യോഗ്യത നേരത്തെ തന്നെ ഉറപ്പിച്ചു എന്നിരിക്കെ പുതിയ താരങ്ങള്‍ക്ക് അവസരം നല്‍കണമായിരുന്നു എന്നും റെനെഡി സിംഗ് പറഞ്ഞു.

”കിര്‍ഗ്ഗിസ്ഥാനെതിരായുള്ള മത്സരം സൂസൈരാജിനേയും സുഖ്‌ദേവ് പട്ടേലിനേയും പോലുള്ള താരങ്ങള്‍ക്ക് അവസരം കൊടുക്കേണ്ട മത്സരമായിരുന്നു. ഇന്ത്യ നല്ല ടീമുകളുമായി സൗഹൃദ മത്സരങ്ങള്‍ കളിക്കാറില്ല എന്നതുകൊണ്ട് തന്നെ ഫലങ്ങള്‍ കാര്യമാകാത്ത ഇത്തരം മത്സരങ്ങളില്‍ മികച്ച താരങ്ങള്‍ക്ക് അവസരം നല്‍കണമായിരുന്നു” റെനെഡി സിംഗ് പറഞ്ഞു.

സുമീത് പസ്സിയെ പോലുള്ള താരങ്ങളെ ഉള്‍പ്പെടുത്തുകയും സൂസൈരാജ് സി കെ വിനീത് തുടങ്ങിയ താരങ്ങളെ തഴയുകയും ചെയ്തതിന് ഫുട്‌ബോള്‍ ആരാധകര്‍ക്കിടയില്‍ കോണ്‍സ്റ്റന്റൈനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഇന്ത്യക്ക് ഏഷ്യാ കപ്പ് യോഗ്യത നേടിക്കൊടുക്കുകയും ഏഷ്യന്‍ രാജ്യങ്ങളുടെ ഫിറ റാങ്കിങ്ങില്‍ ആദ്യ പതിനഞ്ചിനുള്ളില്‍ നിലനിര്‍ത്തുകയും ചെയ്തതാണ് കോണ്‍സ്റ്റന്‍റെെന്  പരിശീലക സ്ഥാനം കിട്ടാന്‍ കാരണമായത്. 1996ന് ശേഷം ഫിഫ റാങ്കിങ്ങില്‍ ഇന്ത്യ മികച്ച നേട്ടത്തിലെത്തിയതും  ഇദ്ദേഹത്തിന്‍റെ  പരിശീലനത്തിന് കീഴിലാണ്. 2017ലെ റാങ്കിങ്ങില്‍ 96-ാം സ്ഥാനത്താണ് ഇന്ത്യയെത്തിയത്.

അതേസമയം സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ പരിശീലകനായി 2019 വരെ തുടരാനാണ് കരാര്‍. കരാര്‍ പുതുക്കി നല്‍കാന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ തീരുമാനിച്ചതോടെയാണിത്.

Advertisement