നവോത്ഥാനം; ജാത്യാധികാരങ്ങളോടുള്ള വിസമ്മതം 
Sabarimala women entry
നവോത്ഥാനം; ജാത്യാധികാരങ്ങളോടുള്ള വിസമ്മതം 
നാമൂസ് പെരുവള്ളൂര്‍
Wednesday, 21st November 2018, 12:09 pm

കേരളത്തില്‍ നടക്കുന്ന സ്ത്രീവിരുദ്ധ-ആചാര ലഹള നാമിന്നുവരെ ആര്‍ജ്ജിച്ച ആധുനിക-നവോത്ഥാന മൂല്യങ്ങള്‍ക്കും തുല്യത ഉറപ്പാക്കുന്ന ഭരണഘടനക്കുമെതിരെയുള്ള സവര്‍ണ്ണ-ബ്രാഹ്മണ്യാനുകൂല യുദ്ധമാണ്. ഇതിനെതിരിലാണ് മുഴുവന്‍ ജനാധിപത്യവിശ്വാസികളും യോജിച്ച് നില്‍ക്കേണ്ടത്.

കേരളീയപൊതുജീവിതത്തെ 19-ആം നൂറ്റാണ്ടിനും പിറകിലുള്ള മാനസികാവസ്ഥയിലേക്ക് പിടിച്ചുവലിക്കാനുള്ള ശ്രമത്തില്‍ ഒളിഞ്ഞും തെളിഞ്ഞും നേതൃത്വം നല്‍കുന്ന “നായര്‍ ജാതിമേധാവിത്തത്തെ വിമര്‍ശനത്തിന്റെ കേന്ദ്രസ്ഥാനത്ത് നിര്‍ത്താന്‍ നാമിനിയും അമാന്തം കാണിക്കുന്നുവെങ്കില്‍ പരിമിതമെങ്കിലും നാമിന്നനുഭവിക്കുന്ന “മനുഷ്യ”ന് തന്നെ അത് വലിയ ഭീഷണിയാകും.

സുപ്രീംകോടതി വിധിയെ ചരിത്രവിധിയെന്ന് സ്വാഗതം ചെയ്തിടത്തുനിന്നും “ആചാര ലഹള”യിലേക്ക് സംഘ്പരിവാറിനെ എത്തിച്ചതില്‍ എന്‍.എസ്.എസ്”നുള്ള പങ്ക് വ്യക്തമാണ്. പന്തളം ശശികുമാരവര്‍മ്മയെയും താഴ്മണ് തന്ത്രിയെയും ക്ഷണിച്ചിരുത്തി “അജണ്ട” സെറ്റ് ചെയ്തതും പന്തളം ശശിയുടെ നേതൃത്വത്തില്‍ സ്ത്രീകളെ അടക്കം റോഡിലിറക്കി സംഘ്പരിവാര്‍ രാഷ്ട്രീയ മുതലെടുപ്പിന് (മലക്കംമറിച്ചിലിന്) മാതൃക നല്‍കിയതും ഈ നായര്‍ ജാതിമേധാവിത്തമാണ്. ഇത് കേവലം യാദൃശ്ചികമല്ല. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെമ്പാടും മനുഷ്യവിരുദ്ധ ജാത്യാധികാരഘടന നിലനിര്‍ത്താനുള്ള എല്ലാ ശ്രമങ്ങളിലും തീര്‍ത്തും അക്രമാസക്തമായി നിലകൊണ്ടചരിത്രമേ കേരളത്തിലെ നായര്‍ മേധാവിത്തത്തിനുള്ളൂ എന്നത് നാം തിരിച്ചറിയേണ്ട ചരിത്രവസ്തുത മാത്രമാണ്. ഇതിനെമ്പാടും ഉദാഹരണങ്ങള്‍ നമ്മുടെ നവോത്ഥാന കാല ചരിത്രത്തിലുണ്ട്.

 

1830-കളിലാരംഭിച്ച ചാന്നാര്‍ ലഹള മുതല്‍ നമുക്കിത് കാണാം. 1888-ലെ അരുവിക്കര പ്രതിഷ്ഠ അതില്‍ സുപ്രധാനമാണ്. കേരളീയ നവോത്ഥാനത്തിന്റെ മഹത്തായ സമാരംഭം എന്ന് മലയാളി ഏറെ അഭിമാനപൂര്‍വ്വം പങ്കുപറ്റുന്ന അരുവിക്കര പ്രതിഷ്ഠ പക്ഷേ ബ്രാഹ്മണ്യത്തിന് മാത്രമല്ല; അന്നത്തെ നായര്‍ക്കും ആചാരലംഘനമായിരുന്നു. അവരാണ് ഗുരുവിനെതിര് നിന്ന് പ്രതിഷ്ഠക്കാരാണധികാരം തന്നതെന്ന് ആക്രോശിച്ചത്. “നിങ്ങളുടെ ശിവനല്ല, അതെന്റെ ശിവനാണ്” എന്ന് മലയാളിക്ക് ഒരു പ്രതിഭാഷയും പ്രതിബോധവും ഭാവന ചെയ്യപ്പെടുന്ന ഒരു ചരിത്രഘട്ടം ഈ നായരെതിരിടലിലാണ് കേരളത്തില്‍ സജീവമാകുന്നത്. പിന്നീട് പ്രവര്‍ത്തിച്ച “ഈഴവ ശിവന്” കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതില്‍ വലിയ പങ്കുണ്ട് എന്ന് നമുക്കുറപ്പുള്ള നവോത്ഥാന പാഠമാണ്.

1885-ല്‍ തിരുവിതാംകൂറിലെ രാജപാത സഞ്ചാരത്തിനായി എല്ലാവര്‍ക്കുമായി തുറന്നുകൊടുത്ത് ഉത്തരവായിട്ടും അതിനനുവാദമില്ലാതിരുന്ന, നീതിനിഷേധത്തിന്റെയും നിയമലംഘനത്തിന്റെയും അവകാശധ്വംസനത്തിന്റെയും നീണ്ട എട്ടുവര്‍ഷങ്ങള്‍ക്കൊടുവില്‍ “മഹാത്മാ അയ്യങ്കാളി” കേരളം അന്നേവരെ കാണാത്ത പോരാട്ടവീര്യം പ്രകടമാക്കിക്കൊണ്ട് “പൊതുവഴി” സ്ഥാപിച്ചെടുത്തത് ഇതേ നായര്‍ പ്രമാണിത്തത്തോട് കായികമായിക്കൂടി എതിരിട്ടുകൊണ്ടാണ്. രാജനിയമംപോലും അവകാശസ്ഥാപനത്തിന് മതിയാകാതെ വന്ന ഘട്ടം എന്നത് ഈ “ജാത്യാധികാര ഹിംസ” പ്രബലമായി നിന്ന നായര്‍ മേധാവിത്തത്തിന്റെ സ്വാധീനകാലത്തായിരുന്നു. അതിനെതിരെയാണ് മഹാത്മാ അയ്യങ്കാളി 1893-ല്‍ വില്ലുവണ്ടി ഓടിച്ചു ചരിത്രത്തിലേക്ക് പാഞ്ഞുകയറിയത്. അന്നതിനെതിരെ യുദ്ധം പ്രഖ്യാപിക്കുകയും കായികമായി കൈകാര്യം ചെയ്യാന്‍ ഒരുമ്പെടുകയുംചെയ്ത ആ നായര്‍ തന്നെയാണ് ഇന്നും കേരളത്തിന്റെ “പൊതു”വിന് വെല്ലുവിളിയായി തുടരുന്നത് എന്നത് ചരിത്രത്തിന്റെ കേവല തുടര്‍ച്ചയല്ല തന്നെ.!

“സര്‍ക്കാര്‍ ജോലി”ക്കുള്ള യോഗ്യത “ഉന്നതജാതിയില്‍ പിറക്കുക” എന്ന ജാത്യാധികാരവ്യവസ്ഥക്ക് പകരം “വിദ്യാഭ്യാസം” മാനദണ്ഡമാക്കിക്കൊണ്ടുള്ള 1865-ലെ തീരുമാനത്തിന് ശേഷവും അതിന്റെ ഗുണമനുഭവിക്കാന്‍ 1891-ല്‍ “മലയാളി മെമ്മോറിയല്‍” രൂപീകരിച്ച് സമരം നടത്തേണ്ടി വന്ന അതേ നായര്‍ തന്നെയാണ് “ഏത് ജാതിയിലെ മനുഷ്യര്‍ക്കും വിദ്യ അഭ്യസിക്കാം” എന്ന 1907-ലെ വിധിക്കെതിരെ ഊരൂട്ടമ്പലം സ്‌കൂള്‍ കത്തിക്കുന്ന നിലയില്‍വരെ അക്രമം നടത്തി എതിര്‍ത്തത്. ദളിതരുടെ വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിനായി അയ്യങ്കാളിക്ക് ഒരുവര്‍ഷം നീണ്ടുനിന്ന 1913-ലെ “പണിമുടക്ക് സമരം” നടത്തേണ്ടി വന്നു എന്നിടത്തുണ്ട് “ദളിത് വിദ്യാഭ്യാസാവകാശത്തിനെതിരെ”യുള്ള നായര്‍ ജാതിമേധാവിത്തിന്റെ മര്‍ക്കടമുഷ്ടി.

 

ഊരൂട്ടമ്പലം സ്‌കൂള്‍, വെങ്ങാനൂര്‍ ചാവടി സ്‌കൂള്‍ ഒക്കെയും ഇതിനുള്ള ഉദാഹരണങ്ങളായി ചരിത്രത്തിലുണ്ട്. നാമിന്ന് അവകാശപ്പെടുന്ന 100% സാക്ഷരതക്ക് നായര്‍ മേധാവിത്തത്തിനെതിരെ അയ്യങ്കാളി നയിച്ച സ്‌കൂള്‍ പ്രവേശന-വിദ്യാഭ്യാസാവകാശ-തൊഴില്‍ പണിമുടക്ക് സമരങ്ങളോട് കടപ്പെട്ടിരിക്കുന്നു എന്നത് മറച്ചുകളയാന്‍ പറ്റാത്ത, വര്‍ത്തമാന കേരളീയ ജീവിതത്തെ സാധ്യമാക്കിയ നവോത്ഥാനചരിത്രത്തിലെ സുപ്രധാനമായ ഇടപെടലാണ്.

1915-ല്‍ കൊല്ലത്ത് നടന്ന കല്ലുമാല ബഹിഷ്‌കരണം ഈ ജാത്യാധികാരഘടനയെ-അതിന്റെ നടത്തിപ്പുകാരായ നായന്മാരെ അഭിസംബോധന ചെയ്യാന്‍ ഉറച്ചുള്ളതായിരുന്നു. സ്വന്തം ശരീരത്തെ ജാത്യാധികാര-അടയാളചിഹ്നങ്ങളുടെ ആചാരപാലനത്തില്‍നിന്നും ഇതാ മുക്തമാക്കുന്നു, തുടര്‍ന്നും ജാതിനിയമങ്ങള്‍ പാലിക്കാന്‍ ഞങ്ങള്‍ ഒരുക്കമല്ല എന്ന പ്രഖ്യാപനം തീര്‍ച്ചയായും ജാതിമേധാവിത്തത്തോട് നേര്‍ക്കുനേരുള്ള അഭിസംബോധനയായാണ് നവോത്ഥാന ചരിത്രം രേഖപ്പെടുത്തുന്നത്. കേവലജാതിശരീരങ്ങളില്‍നിന്ന് ആധുനിക ജനാധിപത്യത്തിലെ മനുഷ്യനിലേക്കുള്ള മലയാളി സ്ത്രീയുടെ പ്രവേശനമായിരുന്നു കല്ലുമാല ബഹിഷ്‌കരണത്തിലൂടെ പ്രഖ്യാപിക്കപ്പെട്ടത്. ഇതിനെതിരില്‍ നിലകൊണ്ടതും കൊല്ലത്തേയും പരിസരത്തേയും നയന്മരായിരുന്നു എന്നതും ചരിത്രം.

നായര്‍ ജാത്യാധികാര ഹിംസയില്‍ തിരുവിതാംകൂറില്‍ മാത്രമല്ല കൊച്ചിയിലും മലബാറിലും ഒന്നും സ്ഥിതി വ്യത്യസ്തമായിരുന്നില്ല എന്നത് ഇതൊരു പ്രാദേശികാനുഭവം എന്നതില്‍ നിന്നുമാറി ഇവരെ നയിക്കുന്ന ധാര്‍മ്മികബോധത്തിന്റെ, അതുരുവംകൊള്ളുകയും നിലനിറുത്തുകയും ചെയ്യുന്ന ജാതിനിയമങ്ങളുടെയും ജാതിവഴക്കങ്ങളുടെയും അലംഘനീയതക്കായുള്ള അബോധസംഘാടനം അദൃശ്യതയിലും എത്രമേല്‍ സുദൃഢമായിരുന്നു എന്നാണ് തെളിയിക്കുന്നത്. ഇത് നിസ്സാരമായ ഒരു സംഗതിയല്ല. ഇത് ജാതിയും അതിന്റെ പ്രവര്‍ത്തനരീതിയും എപ്രകാരം സുബദ്ധമായി തുടരുന്നു എന്നതിന്റെ ഒരു തെളിവാണ്. ഇന്ന് കേരളം നേരിടുന്ന ആചാരലഹളയിലും ജാതിഹിംസയുടെ ഈ അബോധസംഘാടനം സൂക്ഷ്മനോട്ടത്തില്‍ ദൃശ്യമാണ്.

 

തിരുവിതാംകൂറില്‍ വിദ്യാഭ്യാസാവകാശസമരം നടക്കുന്ന അതേ കാലയളവിലാണ് കൊച്ചിയില്‍ കായല്‍ സമ്മേളനം നടക്കുന്നത്. കൊച്ചി പട്ടണത്തിലേക്ക് ദളിതര്‍ക്ക് പ്രവേശനം ഇല്ലാതിരുന്ന ഒരു കാലത്തെ സങ്കല്‍പ്പിക്കാന്‍ ചരിത്രബോധമില്ലാത്ത തലമുറക്ക് വലിയ പ്രയാസമായിരിക്കും. എന്നാല്‍, പുലയജാതി മനുഷ്യര്‍ക്ക് ഒരുമിച്ചുകൂടാന്‍ കരഭൂമി നിഷേധിക്കപ്പെട്ടപ്പോള്‍ ബോള്‍ഗാട്ടി കായലില്‍ വള്ളങ്ങള്‍ കൂട്ടിക്കെട്ടി കൃഷ്ണാതി ആശാന്റെയും പണ്ടിറ്റ് കറുപ്പന്റേയും നേതൃത്വത്തില്‍ 1913-ല്‍ നടന്ന കായല്‍സമ്മേളനം മുന്‍പോട്ടുവെച്ച ആവശ്യം പട്ടണപ്രവേശാവകാശമയിരുന്നു. ഇതിലും പ്രതിസ്ഥാനത്ത് നായര്‍ മേധാവിത്തമായിരുന്നു എന്നതില്‍ കേരളത്തിന്റെ ഭൂതകാലമോ വര്‍ത്തമാനകാലമോ നമ്മെ തെല്ലും അത്ഭുതപ്പെടുത്തുന്നേയില്ല.

1920-ലെ കല്‍പ്പാത്തി ലഹള ജാതികേരളത്തിലെ നായര്‍ മാടമ്പിത്തരത്തിന് മലബാറില്‍നിന്നുള്ള ഒരുദാഹരണം മാത്രമാണ്. രഥോത്സവപ്രഖ്യാപനത്തിന് ശേഷം ഈഴവര്‍ മുതലുള്ള അയിത്തജാതിക്കാര്‍ വഴി നടന്നാല്‍ അശുദ്ധമാകും എന്ന ആചാരപാലനം കര്‍ക്കശമായിരുന്ന ഒരുകാലത്ത് അതിനെതിരെ ഈഴവര്‍ സംഘടിക്കുകയും സമരം നടത്തുകയും ചെയ്യുന്നു. ഈ സംഘാടനത്തേയും സമരത്തേയും നേരിടാന്‍ നായന്മാര്‍ വിന്യസിക്കപ്പെടുന്നതില്‍തൊട്ട് അതൊരു ലഹളയിലേക്ക് കലാശിക്കുന്നു. പാലക്കാട്ടെ “കല്‍പ്പാത്തി ലഹള”യുടെ കാരണ-ചരിത്രം ഇവ്വിധമാണ്.

ഇതും ഇതുപോലുള്ളതുമായ അനേക പോരാട്ടങ്ങളിലൂടെയാണ് , നാമിന്നുകാണുന്ന കേരളം ഉണ്ടാകുന്നത്. അതിന്റെയെല്ലാം മറുതലക്കല്‍ മനുഷ്യവിരുദ്ധപക്ഷത്ത് നിലയുറപ്പിച്ച ജാതിമേധാവിത്തം അതിന്റെ നേതൃത്വത്തിലുള്ള മനുഷ്യരെ കൊല്ലാനും മടിച്ചിരുന്നില്ല എന്നതിന് നമ്മുടെ നവോത്ഥാന ചരിത്രത്തില്‍ തെളിവുകളുണ്ട്.

 

 

അരക്ക് മുകളിലേക്കും മുട്ടിന് താഴേക്കും വസ്ത്രം ധരിക്കാന്‍ അവകാശമില്ലാതിരുന്ന അവര്‍ണ്ണ സ്ത്രീ-പുരുഷന്മാര്‍ കേരളത്തിലെ ജാതിനിയമത്തിന്റെ സൃഷ്ടിയായിരുന്നു. കായംകുളത്തിനടുത്തൊരു പ്രദേശത്ത് ഒരു ഈഴവസ്ത്രീ ഈ നിയമം ലംഘിച്ചതിന്റെ പേരില്‍ ആ സ്ത്രീയെ നായര്‍പ്രമാണിമാര്‍ നഗ്‌നയാക്കി മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ നേതൃത്വത്തില്‍ നടന്ന “അച്ചിപ്പുടവ സമര”വും അവര്‍ണ്ണ സ്ത്രീകള്‍ സ്വര്‍ണ്ണം ധരിക്കാന്‍ പാടില്ല എന്ന ജാതിനിയമം ലംഘിച്ചതിന്റെ പേരില്‍ പന്തളത്ത് ഒരു ഈഴവസ്ത്രീ ആക്രമിക്കപ്പെട്ടപ്പോള്‍ നടന്ന “മൂക്കുത്തി സമര”വുമെല്ലാം ഈ നായര്‍ മേധാവിത്വത്തിന്നെതിരിലായിരുന്നു.

ആറാട്ടുപുഴ വേലായുധപ്പണിക്കരെ കൊന്നുകൊണ്ടാണ് നായര്‍പ്രമാണിത്തം ഇതിനോട് പകരംവീട്ടിയത്. അതായത്, കേരളത്തിലെ അവര്‍ണ്ണ സ്ത്രീകള്‍ വസ്ത്രം ധരിക്കുന്നതിലും ആഭരണങ്ങള്‍ ധരിക്കുന്നതിലും ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ (18251874) എന്ന ഈഴവമനുഷ്യന്റെ രക്തസാക്ഷിത്വത്തിന്റെ ഈടുണ്ട് എന്ന ചരിത്രം മലയാളിയുടെ പിന്‍നടത്തത്തെ തടഞ്ഞുനിറുത്താന്‍പോന്ന ഒന്നാണ്. അതുപോലെത്തന്നെ സുപ്രധാനമാണ് പാലക്കാട്ട് പുളിക്കുന്നത് എന്ന ജാതിനിഷ്‌കര്‍ഷ തെറ്റിച്ച് ഉപ്പ് എന്നുച്ചരിച്ച അവര്‍ണ്ണ യുവാവിന്റെ രക്തസാക്ഷിത്വവും.

ബ്രാഹ്മണാധികാരത്തെ നിലനിറുത്തുന്ന തരത്തില്‍ അതിന്റെ നടത്തിപ്പുകാരായി ജാതിധര്‍മ്മം നിര്‍വ്വഹിക്കുക എന്ന പണിയാണ് “മലയാളി ശൂദ്ര”രായ നായന്മാര്‍ക്ക് ഇതിലുണ്ടായിരുന്നൊള്ളൂ എന്നത് അവരുടെ പ്രവര്‍ത്തികളെ കുറ്റവിമുക്തമാക്കുന്ന ഏര്‍പ്പാട് മാത്രമല്ല; അതിന്റെ മറവില്‍ നടപ്പിലാക്കപ്പെട്ട നായര്‍ മേധാവിത്തത്തെ രക്ഷിച്ചെടുക്കല്‍കൂടിയാണ്. എന്നാല്‍, തീര്‍ച്ചയായും അതിന്റെ ദാര്‍ശനികാടിത്തറയും ധാര്‍മ്മിക-മൂല്യബോധവും ഉത്പാദിപ്പിച്ച് പ്രയോഗവത്കരിച്ചത് “ജാതി ഇന്ത്യ”യിലെങ്ങുംകാണുന്ന ഒരു “ബ്രാഹ്മണിക്കല്‍ പ്രോജക്റ്റ്” തന്നെയാണ്. ഫലത്തില്‍, കേരളത്തില്‍ അതിന്റെ നൂറുമേനി കൊയ്തത് നായരുംകൂടിച്ചേര്‍ന്നാണ് എന്നതാണ് വസ്തുത. അപ്പണി ഇന്നും തുടരുന്നു എന്നതിന്റെ തെളിവാണ് ശബരിമല വിഷയത്തിലെ നായര്‍ സാന്നിദ്ധ്യം. അതൊരു കേവലമായ തുടര്‍ച്ചയല്ല എന്നതിന്നുള്ള ഒരു സമീപസ്ഥ ഉദാഹരണം “ശബരിമല വിധി”ക്ക് തൊട്ടുമുന്‍പുള്ള ഈഴവസംവരണ സംബന്ധിയായി സുപ്രീംകോടതിയെ സമീപിച്ച എന്‍.എസ്.എസിന്റെ നീക്കത്തിലുണ്ട്.

 

മുകളില്‍ വിവരിച്ചതുപോലുള്ള അപരിഷ്‌കൃതവും അസാംസ്‌കാരികവും മനുഷ്യവിരുദ്ധവുമായ അസംബന്ധാസമത്വങ്ങളുടെ സമാഹാരമായ ജാതിയേയും അതിന്റെ ജീവിതവ്യവഹാരങ്ങളെയും നിയമങ്ങളെയും എല്ലാം അസാധുവും നിയമവിരുദ്ധ പ്രവര്‍ത്തിയുമാക്കിക്കൊണ്ട് “പൗരത്വത്തിന് ഒരൊറ്റ മൂല്യം” എന്ന വാഗ്ദാനവുമായി നിലവില്‍വന്ന ഇന്ത്യന്‍ ഭരണഘടന, യഥാര്‍ത്ഥത്തില്‍ ഇല്ലാതാക്കിയത് ഈ “ജാത്യാധികാരഘടന”യെയാണ്. അതുകൊണ്ടാണ് ഈ ഭരണഘടന കത്തിക്കണമെന്ന് ആചാരലഹളക്കിടയില്‍നിന്ന് ആക്രോശമുയരുന്നത്.

മനുഷ്യരെ തട്ടുകളാക്കി അവര്‍ക്ക്മേല്‍ കീഴാളത്തം കല്‍പ്പിച്ച് അശുദ്ധി നിര്‍ബന്ധിച്ച് അടിമകളാക്കി നേടിയെടുത്ത സര്‍വ്വ അധികാരങ്ങളും നിലനിറുത്തിപ്പോന്നത് ഇത്തരം ആചാരങ്ങളിലൂടെയാണ്. അതിനെ ലംഘിച്ചാണ് നമ്മുടെ നവോത്ഥാന പ്രസ്ഥാനം മുന്‍പോട്ടുവന്നത്. ആ നവോത്ഥാന മൂല്യങ്ങളുടേയുംകൂടി രാഷ്ട്രീയദര്‍ശന സമാഹാരമായാണ് ഇന്ത്യന്‍ ഭരണഘടന നിലവില്‍ വരുന്നത്. അപ്പോള്‍, തീര്‍ച്ചയായും ഭരണഘടന കത്തിക്കേണ്ടത് ജാതിമേധാവിത്വത്തിന്റെ ഭൂതസ്മൃതികളില്‍ ഏമ്പക്കമിടുന്നവരുടെ ആവശ്യമാവുക സ്വാഭാവികമാണ്.

 

എന്നാല്‍, ഇവിടുത്തെ ആധുനികമനുഷ്യന്, പൗരമനുഷ്യന് ഈ ജാതിമേധാവിത്വത്തിനെതിരെ സമത്വമുറപ്പുനല്‍കുന്ന ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കേണ്ടത് ഇന്നാളുമത്രയുംകൊണ്ട് നേടിയെടുത്ത “അവകാശ”ങ്ങളുടെ പ്രശ്‌നമാണ്. അതിന് ഭരണഘടനാധാര്‍മ്മികതയിലേക്ക് നയിച്ച നവോത്ഥാന ഉണര്‍വ്വുകളെ മുന്‍പോട്ടെടുക്കണം. അന്നേരം തീര്‍ച്ചയായും “മണിയടിച്ച നട്ടെല്ലുള്ള നായരേയും പുറത്തടിച്ച ഇലനക്കി നായരേയും” മലയാളി തിരിച്ചറിയും.

അതിന് നവോത്ഥാന ചരിത്രത്തിലെ ഈ സമരങ്ങളും അതിന്റെ കാരണങ്ങളും അതെതിരിട്ട മേധാവിത്വങ്ങളും മലയാളി കൃത്യമായി ഓര്‍ക്കേണ്ടതുണ്ട്. “ബ്രാഹ്മണാനുകൂല-സവര്‍ണ്ണ ഹിന്ദുത്വ”ക്ക് കേരളത്തില്‍ “അജണ്ട” സെറ്റ് ചെയ്തു നല്‍കുന്ന നായര്‍ മേധാവിത്തത്തെ തിരിച്ചറിഞ്ഞു ചെറുക്കാനുള്ള ഉള്‍ബലം നവോത്ഥാനാനന്തര-മലയാളി പൗരജീവിതം ആര്‍ജ്ജിക്കുന്നത് ഈ ഓര്‍മ്മയില്‍നിന്നാണ്. നിശ്ചയം; “ജാത്യാധികാരങ്ങളോട് വിസമ്മത”മറിയിക്കാതെ മലയാളിക്ക് ഒരടി മുന്‍പോട്ടുവയ്ക്കുക സാധ്യമല്ല

നാമൂസ് പെരുവള്ളൂര്‍
എഴുത്തുകാരന്‍