ഒരു ദിവസത്തെ പ്രതിഫലം നാല് ലക്ഷം വരെ, അര്‍ഹമായത് ചോദിച്ച്‌ വാങ്ങിക്കുന്നു; ആളുകള്‍ കമന്റിടട്ടെ: പ്രിയാമണി
Entertainment news
ഒരു ദിവസത്തെ പ്രതിഫലം നാല് ലക്ഷം വരെ, അര്‍ഹമായത് ചോദിച്ച്‌ വാങ്ങിക്കുന്നു; ആളുകള്‍ കമന്റിടട്ടെ: പ്രിയാമണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 17th February 2022, 8:24 pm

ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഒഴിച്ചുകൂടാനാവാത്ത ഒരാളായി വളര്‍ന്ന താരമാണ് പ്രിയാമണി. എന്നാല്‍ അതിനിടക്ക് കുറച്ചുകാലം താരം തെന്നിന്ത്യന്‍ സിനിമാ മേഖലയില്‍ നിന്ന് വിട്ട് നില്‍ക്കുകയും ഹിന്ദിയിലേക്ക് കൂടുമാറ്റം നടത്തുകയും ചെയ്തിരുന്നു. ഒരുപക്ഷെ മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെയായിരിക്കും താരം മലയാളികള്‍ക്കിടയില്‍ കൂടുതല്‍ സുപരിചിതയായത്.

ഹിന്ദിയിലെ സൂപ്പര്‍ഹിറ്റ് വെബ് സീരിസായ ഫാമിലി മാന്റെ ഒന്ന്, രണ്ട് സീരിസുകളിലും പ്രിയാമണി അഭിനയിച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി സിനിമകളില്‍ നായികയായി അഭിനയിക്കാന്‍ പ്രിയാമണിക്ക് സാധിച്ചിരുന്നു.

സൂപ്പര്‍താരങ്ങളുടെ സിനിമകളില്‍ സജീവമായതോടെ നടി പ്രതിഫലത്തിന്റെ കാര്യത്തില്‍ വലിയൊരു വര്‍ധനവ് നടത്തിയെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പ്രിയാമണി. ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തിലാണ് താരം പ്രതിഫലത്തെ കുറിച്ച് സംസാരിക്കുന്നത്.

അതുമാത്രമല്ല ബോളിവുഡിലെ പ്രമുഖ നടിമാര്‍ പ്രതിഫലം വര്‍ധിപ്പിച്ചതിനെ പറ്റി പ്രിയാമണി പറഞ്ഞ കാര്യങ്ങളും ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ്.

നേരത്തെ പ്രിയാമണി ഒരു ദിവസം ഒന്നരലക്ഷം രൂപയായിരുന്നു പ്രതിഫലമായി വാങ്ങിയിരുന്നത്. എന്നാലിപ്പോള്‍ മൂന്ന് മുതല്‍ നാല് ലക്ഷം വരെയായി ഉയര്‍ത്തി എന്നാണ് വിവരം. മുമ്പ് ലഭിച്ചിരുന്നതിലും രണ്ടിരട്ടിയോളം തുകയാണ് താരം കൂട്ടിയിരിക്കുന്നത്.

അടുത്തിടെ പ്രതിഫലം വര്‍ധിപ്പിച്ച ബോളിവുഡിലെ കരീന കപൂര്‍ അടക്കമുള്ള നായികമാരെ പ്രിയാമണി അഭിനന്ദിച്ചിരുന്നു.

‘അവരൊക്കെ അത് അര്‍ഹിച്ചിരുന്നു. ഈ സ്ത്രീകള്‍ തങ്ങള്‍ക്ക് ആവശ്യമുള്ളത് പറയാന്‍ കഴിയുന്ന ഒരു ഘട്ടത്തില്‍ എത്തിയിരിക്കുന്നു. അര്‍ഹമായത് ചോദിച്ച്‌ വാങ്ങിക്കണം. അത് തെറ്റാണെന്നുള്ള ആളുകളുടെ കമന്റുകള്‍ കൊണ്ട് ആ വ്യക്തി അതിന് അര്‍ഹനല്ലാതാകില്ല,’ പ്രിയാമണി പറയുന്നു.

ബോളിവുഡില്‍ നടന്‍ അജയ് ദേവ്ഗണിനൊപ്പം മൈതാന്‍, ഷാരുഖ് ഖാന്‍- ആറ്റ്ലി ചിത്രം വീരാത പര്‍വ്വം, എന്നിങ്ങനെ നിരവധി സിനിമകളാണ് പ്രിയാമണിയുടേതായി വരാനിരിക്കുന്നത്.


Content Highlights: Remuneration up to Rs. 4 lakhs per day Let people comment: Priyamani