എഡിറ്റര്‍
എഡിറ്റര്‍
യമനുമായുള്ള ഉപരോധം സൗദി എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് ഡൊണാള്‍ഡ് ട്രംപ്
എഡിറ്റര്‍
Thursday 7th December 2017 11:06am

ന്യൂയോര്‍ക്ക്: അയല്‍ രാജ്യമായ യമനുമായി സൗദി പുലര്‍ത്തിവരുന്ന ഉപരോധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജറുസലേമിനെ ഇസ്രഈലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു ട്രംപിന്റെ പുതിയ ആഹ്വാനം.

യമനിലെ ജനങ്ങള്‍ക്കാവശ്യമായ ഭക്ഷണവും വെള്ളവും മരുന്നുകളും ഇന്ധനവും എത്തിച്ചുകൊടുക്കാന്‍ സൗദി നേതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ തന്റെ സെക്രട്ടറിമാരോട് നിര്‍ദ്ദേശിച്ചതായും ട്രംപ് പറഞ്ഞു. മാനുഷിക പരിഗണന മുന്‍നിര്‍ത്തി അടിസ്ഥാനാവശ്യങ്ങള്‍ എത്രയും പെട്ടെന്ന് എത്തിച്ചു നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

മിഡില്‍ ഈസ്റ്റിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നായ യമനില്‍ സൗദി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സുന്നി അറബ് ഫോഴ്സ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നടത്തി വരുന്ന യുദ്ധ നടപടികള്‍ മൂലം ആയിരക്കണക്കിന് യമനികള്‍ കൊല്ലപ്പെടുകയും പാലായനം ചെയ്യുകയുമുണ്ടായി. ഉപരോധം കൂടി ഏര്‍പ്പെടുത്തിയതോടെ കുട്ടികളടക്കംഏകദേശം ഏഴു ലക്ഷത്തോളം യമനികള്‍ പട്ടിണിയിലാണ്. കഴിഞ്ഞ മാസം യമന്‍ തലസ്ഥാനത്തെ ഏക അന്താരാഷ്ട്ര വിമാനത്താവളം സൗദി സഖ്യം ബോംബിട്ടു തകര്‍ത്തതോടെ യു.എന്നിന്റെ നേതൃത്വത്തിലുള്ള സഹായ വിമാനങ്ങളുടെ വരവും നിലച്ചു. ഇതോടെ രാജ്യത്ത് പട്ടിണിയും രോഗങ്ങളും കൂടുതല്‍ രൂക്ഷമാവുകയുണ്ടായി.


Also Read: വിവാദങ്ങള്‍ക്കിടയിലും തല ഉയര്‍ത്തി താജ്മഹല്‍; പൈതൃക കേന്ദ്രങ്ങളുടെ പട്ടികയില്‍ താജ് മഹലിന് രണ്ടാം സ്ഥാനം


ദാരിദ്യത്തിന്റെ ഏറ്റവും ഭീകരമായ അവസ്ഥയിലാണ് തങ്ങളിപ്പോള്‍. അടുത്ത കുറച്ചു മാസത്തേക്കുള്ള പണം ലഭിച്ചില്ലെങ്കില്‍ 125000 കുഞ്ഞുങ്ങളാണ് മരണത്തിലേക്ക് നീങ്ങുകയെന്ന് യമനില്‍ പ്രവര്‍ത്തിക്കുന്ന വേള്‍ഡ് ഫുഡ് പ്രോഗ്രാം പ്രവര്‍ത്തകന്‍ പറഞ്ഞു.

യമനിലെ സ്ഥിതിഗതികള്‍ യു.എസ് നിരീക്ഷിച്ചു വരികയാണെന്നും അവര്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കാന്‍ അയല്‍ രാജ്യങ്ങളോട് അഭ്യര്‍ത്ഥിക്കുമെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി.

വടക്കന്‍ യമനിലെ പ്രമുഖ ശിയാ വിഭാഗമായ ഹൂതികള്‍ സായുധ പോരാട്ടം ആരംഭിച്ചതോടെ ക്രമേണ ആഭ്യന്തരമായ കലഹങ്ങളിലേക്ക് എടുത്തെറിയപ്പെടുകയായിരുന്നു ആ ദരിദ്ര രാജ്യം. ഇറാന്‍ പിന്തുണക്കുന്നതായി കരുതപ്പെടുന്ന ഹൂതികള്‍ തലസ്ഥാനമായ സനാ പിടിച്ചെടുക്കുന്ന ഘട്ടത്തില്‍, സ്വന്തം ഭദ്രതക്കും സുരക്ഷക്കും അത് വന്‍ ഭീഷണിയാവുമെന്നു കണ്ട സൗദി അറേബ്യ തങ്ങളുടെ രാജ്യത്ത് അഭയാര്‍ഥിയായി എത്തിയ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയെ സ്വദേശത്തേക്ക് തിരിച്ചയക്കാനും അധികാരത്തില്‍ അവരോധിക്കാനുമായി 2015ല്‍ സൈനികമായി ഇടപെട്ടതോടെയാണ് നിരന്തര ബോംബാക്രമണത്തിന് രാജ്യം ഇരയായിത്തീരുന്നത്.

Advertisement