'ഇത് നിങ്ങളുടെ പാചക വൈദഗ്ധ്യം പരീക്ഷിക്കേണ്ട സമയമല്ല, ദയവായി ഭക്ഷണം പാഴാക്കരുത്'; അഭ്യര്‍ത്ഥനയുമായി എറണാകുളം കളക്ടര്‍
Kerala
'ഇത് നിങ്ങളുടെ പാചക വൈദഗ്ധ്യം പരീക്ഷിക്കേണ്ട സമയമല്ല, ദയവായി ഭക്ഷണം പാഴാക്കരുത്'; അഭ്യര്‍ത്ഥനയുമായി എറണാകുളം കളക്ടര്‍
ന്യൂസ് ഡെസ്‌ക്
Thursday, 26th March 2020, 10:34 am

കൊച്ചി: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ രാജ്യമെമ്പാടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വീടുകളില്‍ കഴിയുന്ന ആളുകള്‍ പാചക പരീക്ഷണം നടത്തി ദയവായി ഭക്ഷണം പാഴാക്കരുതെന്ന അഭ്യര്‍ത്ഥനയുമായി എറണാകുളം കളക്ടര്‍. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു ഇത്തരമൊരു അഭ്യര്‍ത്ഥനയുമായി ക്‌ളക്ടര്‍ എസ്. സുഹാസ് രംഗത്തെത്തിയത്.

വരും ദിവസങ്ങളില്‍ തങ്ങളുടെ പാചക വൈദഗ്ദ്ധ്യം പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്കായുള്ള ഓര്‍മ്മപ്പെടുത്തല്‍ എന്നു പറഞ്ഞുകൊണ്ടായിരുന്നു കളക്ടറുടെ ഫേസ്ബുക്കില്‍ ഇത്തരമൊരു നിര്‍ദേശം വെച്ചത്.

പരിമിതമായ സാധനങ്ങള്‍ മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ദയവായി ഭക്ഷണം പാഴാക്കരുത്. ഇത് പലചരക്ക് കടകളില്‍ കൃത്രിമ ക്ഷാമത്തിന് കാരണമായേക്കും. സാധങ്ങള്‍ വാങ്ങാനൊരുങ്ങുമ്പോള്‍ അത് അവശ്യ സാധനമാണോ അതോ ആഡംബരമാണോ എന്ന് നല്ലതുപോലെ ചിന്തിക്കുക. നിങ്ങളുടെ വീടുകളില്‍ ശേഖരിച്ചു വെച്ച സാധനങ്ങള്‍ തീര്‍ക്കുകയും വീട്ടില്‍ നിന്നും ഇറങ്ങി ഇടക്കിടെ പലചരക്ക് കടകള്‍ സന്ദര്‍ശിക്കുകയും ചെയ്യുന്നത് പോലും അപകടകരമാണ്. മിതമായ ഒരു ജീവിതരീതി സ്വീകരിക്കേണ്ട സമയമാണിത്. ചിയേഴ്‌സ്!”, എന്നായിരുന്നു എറണാകുളം കളക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

സംസ്ഥാനത്ത് ഭക്ഷ്യവിഭവങ്ങള്‍ക്ക് ക്ഷാമമില്ലെന്നും കൂട്ടത്തോടെ കടകളില്‍ പോയി ആളുകള്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടേണ്ടതില്ലെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പുറമെ എ.പി.എല്‍-ബി.പി.എല്‍ ഉടമകള്‍ക്ക് റേഷന്‍ കടകള്‍ വഴി സൗജന്യമായി അരി ഗോതമ്പ് ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ