കൂടുതല്‍ സ്മാര്‍ട്ടാകാന്‍ ഒരുങ്ങിക്കോളൂ; 5ജി പരീക്ഷണത്തിന്റെ വഴിയില്‍ ജിയോ, ഉടന്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍
TechNews
കൂടുതല്‍ സ്മാര്‍ട്ടാകാന്‍ ഒരുങ്ങിക്കോളൂ; 5ജി പരീക്ഷണത്തിന്റെ വഴിയില്‍ ജിയോ, ഉടന്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍
ന്യൂസ് ഡെസ്‌ക്
Monday, 2nd March 2020, 12:42 pm

ന്യൂദല്‍ഹി: 4ജി വിപ്ലവത്തിന് ശേഷം രാജ്യത്ത് 5ജി നെറ്റ്‌വര്‍ക്ക് പരീക്ഷിക്കാനൊരുങ്ങി റിലയന്‍സ് ജിയോ. ഇടനിലക്കാരില്ലാതെ സ്വന്തമായി വികസിപ്പിച്ചെടുത്ത നെറ്റ്‌വര്‍ക്ക് സാങ്കേതിക വിദ്യ പരീക്ഷിക്കാന്‍ കൂടിയാണ് റിലയന്‍സ് 5ജി ട്രയലിനൊരുങ്ങുന്നതെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

5ജി പരീക്ഷണം വിജയിച്ചാല്‍ ഇന്ത്യയില്‍ ഇത് നടപ്പിലാക്കാനുള്ള സാങ്കേതിക വിദ്യ നിര്‍മ്മിച്ചെടുക്കാനായി വിദേശത്തേക്ക് ഔട്ട്‌സോഴ്‌സ് ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രദേശിക അടിസ്ഥാനത്തില്‍ വികസിപ്പിച്ചെടുത്ത ലോക്കല്‍ ടെലികോം എക്യുപ്‌മെന്റുകള്‍ പ്രോത്സാഹിപ്പിക്കുന്ന നിലപാട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ സ്വീകരിച്ചതിന് പിന്നാലെയാണ് സാങ്കേതി മേഖലയിലേക്കും ജിയോ കൈവെക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ വിദേശത്ത് നിന്ന് വരുന്ന ടെലികോം എക്യുപ്‌മെന്റില്‍ നിന്നും ചാരപ്രവൃത്തി നടക്കാനുള്ള സാധ്യതകള്‍ വ്യക്തമായതോടുകൂടിയാണ് ട്രായ് രാജ്യത്ത് തന്നെ വികസിപ്പിച്ചെടുത്ത നെറ്റ്‌വര്‍ക്ക് എക്യുപ്‌മെന്റുകളെ പ്രോത്സാഹിപ്പിക്കുന്ന സമീപനം സ്വീകരിച്ചു തുടങ്ങിയത്.
നിലവിലെ വ്യവസ്ഥ പ്രകാരം ടെലികോം ആവശ്യങ്ങള്‍ക്കായി നിര്‍മ്മിക്കുന്ന എല്ലാ ഉത്പന്നങ്ങളും ഇന്ത്യന്‍ വികസിത ഉത്പന്നം, വിദേശ വികസിത ഉത്പന്നം എന്നിങ്ങനെ രണ്ടായാണ് തരംതിരിച്ചിരിക്കുന്നത്.

ജിയോയുടെ 4ജി നെറ്റ് വര്‍ക്കിന് വേണ്ടി ഇത് വരെ സാങ്കേതിക സഹായം നല്‍കി വന്നിരുന്നത് സാംസങ്ങ് ആയിരുന്നു. ഇപ്പോള്‍ സാങ്കേതി പങ്കാളികളുടെ പട്ടികയില്‍ എറിക്‌സണ്‍, നോക്കിയ നെറ്റ് വര്‍ക്ക്‌സ്, ഹുവായ് എന്നിവയും ജിയോ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജിയോ 5ജി നെറ്റ് വര്‍ക്ക് കൂടി ലഭ്യമാക്കിയാല്‍ ടെലികോം മേഖലയിലെ മത്സരം ഇനിയും കൂടുമെന്നാണ് വിലയിരുത്തുന്നത്. പ്രമുഖ ടെലികോം കമ്പനികളായ എയര്‍ട്ടെല്‍, വോഡഫോണ്‍ എന്നീ കമ്പനികളും 5ജി നെറ്റ് വര്‍ക്കിലേക്ക് മാറുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ