എഡിറ്റര്‍
എഡിറ്റര്‍
ഡി.ആര്‍.ടി.ഒ യിലെ ജോലി തിരിച്ചു ലഭിക്കണമെന്ന് ആഗ്രഹിക്കുന്നു:ഇജാസ് അഹ്മദ് മിര്‍സ
എഡിറ്റര്‍
Thursday 7th March 2013 10:00am

ബംഗളൂരു:  തന്റെ വലിയൊരു സ്വപ്‌നമായിരുന്നു ഡി.ആര്‍.ടി.ഒ യിലെ ജോലി. ഇതു തിരിച്ചു ലഭിക്കുന്നതിനായി പരിശ്രമിക്കുമെന്ന്  ഇജാസ് അഹ്മദ് മിര്‍സ.

Ads By Google

തീവ്രവാദ ബന്ധം ആരോപിക്കപ്പെട്ട് പരപ്പന അഗ്രഹാര ജയിലില്‍ തടവിലായിരുന്ന ഇജാസ് ജാമ്യത്തിലിറങ്ങിയ ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇങ്ങിനെ അഭിപ്രായപ്പെട്ടത്.

കേസില്‍ ജയിലില്‍ കഴിയുന്ന സഹോദരന്‍ ശുഐബ് ഉള്‍പ്പെടെയുള്ളവര്‍ നിരപരാധിത്വം തെളിയിച്ച് ഉടന്‍ പുറത്തുവരുമെന്നും നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും  ഇജാസ്  പറഞ്ഞു.

അറസ്റ്റിലായതോടെ ജീവിതം അവസാനിച്ചുവെന്നാണ് കരുതിയതെന്നും ആറു മാസത്തെ തടവിനൊടുവില്‍ ജാമ്യം കിട്ടിയതോടെ പ്രതീക്ഷയുടെ നേര്‍ത്ത കവാടം തുറന്നുകിട്ടിയിരിക്കുന്നതായും ഇജാസ് അഭിപ്രായപ്പെട്ടു.

അധികം വൈകാതെ കുറ്റവിമുക്തനാവുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നത്. എന്‍.ഐ.എക്ക് ഇതുവരെ തെളിവുകളൊന്നും കിട്ടിയിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ തന്റെ ഡി.ആര്‍.ടി.ഒ യിലെ ജോലി തിരികെ ലഭിക്കുന്നതിനായി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആഗസ്റ്റ് 29ന് യൂനിഫോമിലല്ലാതെ വന്ന ഉദ്യോഗസ്ഥര്‍ മുഖത്തടിച്ചതിനു ശേഷമാണ് സംസാരിച്ചത്. ആരാണെന്നും എന്തിനാണ് കൊണ്ടുപോകുന്നതെന്നും ചോദിച്ചെങ്കിലും മിണ്ടരുതെന്നായിരുന്ന മറുപടി.

കൈ ബന്ധിച്ച് തന്നെ കാറിലിടുകയായിരുന്നു. അന്ന് വൈകീട്ട് മഡിവാളയിലുള്ള കേന്ദ്രത്തിലെത്തിച്ചുവെന്നും, ആരൊക്കെയാണ് ചോദ്യം ചെയ്തതെന്ന് അറിയില്ലെന്നും ഇജാസ് പറഞ്ഞു.

പിന്നീട് പാകിസ്താനിലേക്ക് എന്തിനാണ് പോയതെന്നും അവിടെ തീവ്രവാദികളില്‍നിന്ന് എന്തു പരിശീലനമാണ് കിട്ടിയതെന്നുമായിരുന്നു ചോദ്യം.

പാകിസ്താനിലേക്ക് പോയിട്ടില്ലെന്നും പാസ്‌പോര്‍ട്ട് പരിശോധിക്കാമെന്നും കരഞ്ഞുപറഞ്ഞെങ്കിലും ആരും കേട്ടില്ലെന്നും ശാരീരിക പീഡനത്തേക്കാളേറെ മാനസിക പീഡനമായിരുന്നു പൊലീസ് കസ്റ്റഡിയില്‍ അനുഭവിക്കേണ്ടി വന്നതെന്നും ഇജാസ് മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചു.

ഡി.ആര്‍.ഡി.ഒയില്‍നിന്ന് എന്തൊക്കെ രഹസ്യങ്ങളാണ് ചോര്‍ത്തിയതെന്നായിരുന്നു ചിലര്‍ക്ക് അറിയേണ്ടിയിരുന്നത്. കര്‍ശന പരിശോധന നടത്തിയതിനുശേഷമേ ഡി.ആര്‍.ഡി.ഒ ജീവനക്കാരെ അകത്തേക്കും പുറത്തേക്കും വിടുകയുള്ളൂവെന്നും അവിടെനിന്ന് ഒന്നും കൊണ്ടുവരാനോ കൊണ്ടുപോകാനോ കഴിയില്ലായെന്ന് താന്‍ മറുപടി പറഞ്ഞു.

പക്ഷെ  ആയിരക്കണക്കിന് മുസ്ലിംകളില്‍ ഒരാള്‍ക്കു മാത്രം കിട്ടുന്ന അവസരമാണ് ഡി.ആര്‍.ടി.ഒയിലെ ജോലിയെന്നും എന്തിനാണത് നശിപ്പിച്ചതെന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ ചോദ്യമെന്ന് ഇജാസ് പറഞ്ഞു.

തങ്ങളില്‍ നിന്ന് പൊലീസ് പിടികൂടിയ ഉര്‍ദു സാഹിത്യ ഗ്രന്ഥങ്ങള്‍ പിന്നീട് പൊലീസ് ഭാഷ്യത്തില്‍ ജിഹാദി സാഹിത്യങ്ങളായി മാറിയെന്നും പ്രശസ്ത ഉര്‍ദു കവികളായ ഗാലിബും അല്ലാമ ഇഖ്ബാലുമൊക്കെ എഴുതിയ കവിതാ സമാഹാരങ്ങളാണ് മുറിയില്‍നിന്ന് പിടിച്ചെടുത്തതെന്നും, സലാഹുദ്ദീന്‍ അയ്യൂബി നയിച്ച കുരിശുയുദ്ധത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ഉര്‍ദു പുസ്തകവും കൂട്ടത്തിലുണ്ടായിരുന്നതായും ഇജാസ്  വിശദീകരിച്ചു.

ഇന്ത്യയിലെ മൂന്ന് സംസ്ഥാനത്ത് ഭീകരാക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടുവെന്നാരോപിച്ച് ബംഗളൂരു െ്രെകംബ്രാഞ്ച് ഇജാസ് ഉള്‍പ്പെടെയുള്ള പതിനഞ്ചു പേരെ അറസ്റ്റ് ചെയ്തിരുന്നു.

തീവ്രവാദക്കേസില്‍ ആഗസ്റ്റ് 29ന് പിടിയിലായ ഇജാസിനെതിരെ തെളിവുകള്‍ കണ്ടെത്താന്‍ എന്‍.ഐ.എക്ക് കഴിഞ്ഞിട്ടില്ല. നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമപ്രകാരം 180 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കണമെന്നാണ് നിയമം.

ഇതനുസരിച്ച് ഇജാസിനെ വെറുതെ വിടേണ്ടതായിരുന്നു. എന്നാല്‍, അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന് എന്‍.ഐ.എക്കുവേണ്ടി ഹാജരായ പ്രോസിക്യൂട്ടര്‍ അബ്ദുല്‍ ഖാദറിന്റെ അഭ്യര്‍ഥന മാനിച്ച് കോടതി വെറുതെ വിടുന്നത് ഒഴിവാക്കി ഫെബ്രുവരി 28ന് എന്‍.ഐ.എ കോടതി ഇദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയായിരുന്നു.

എന്നാല്‍ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ സമര്‍പ്പിച്ച സ്വത്തുവകകളില്‍ സംശയം പ്രകടിപ്പിച്ച എന്‍.ഐ.എ കോടതി ജഡ്ജി സോമനാഥ് ഉത്തരവിന്റെ പകര്‍പ്പ് നല്‍കുന്നത് മാറ്റിവെക്കുകയായിരുന്നു.പിന്നീട്  ബുധനാഴ്ചയാണ് ഇജാസ് അഹ്മദ് മിര്‍സി ജാമ്യത്തിലിറങ്ങിയത്.

കേസില്‍ പ്രതികളായ ഡെക്കാന്‍ ഹെറാള്‍ഡ് ലേഖകന്‍ മുതീഉര്‍റഹ്മാന്‍ സിദ്ദീഖി, മുഹമ്മദ് യൂസുഫ് നല്‍ബന്ദി എന്നിവരെ കഴിഞ്ഞ മാസം  തെളിവുകളില്ലെന്ന് കണ്ട് വെറുതെ വിട്ടിരുന്നു.

കേസില്‍ മറ്റൊരു പ്രതിയായ മുഹമ്മദ് തന്‍സീമിനെതിരെയും ഇതുവരെ തെളിവുകള്‍ കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇജാസിന്റെ സഹോദരന്‍ ശുഐബ് അഹ്മദ് മിര്‍സ ഉള്‍പ്പെടെ 11 പേര്‍ക്കെതിരെ എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

Advertisement