ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Kerala Literature Festival
യു.എ.ഇ യുടെ 700 കോടി ധനസഹായം കേന്ദ്രം നിഷേധിച്ചത് അന്തര്‍ദേശീയ തലത്തില്‍ ഇന്ത്യയുടെ മുഖച്ഛായ മാറ്റി: ടി. പി. ശ്രീനിവാസന്‍
ന്യൂസ് ഡെസ്‌ക്
Friday 11th January 2019 6:00pm

കോഴിക്കോട്: പ്രളയാനന്തരം യു.എ.ഇല്‍ നിന്നുള്ള 700 കോടി ധനസഹായം കേരളത്തിന് കേന്ദ്രം നിഷേധിച്ചത് അന്തര്‍ദേശീയ തലത്തില്‍ ഇന്ത്യയുടെ മുഖച്ഛായ മാറ്റിയെന്ന് ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ ടി.പി. ശ്രീനിവാസന്‍. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രണ്ടാം ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയതയുടെ വളര്‍ച്ച ഉഭയകക്ഷി ബന്ധത്തെ ബാധിക്കില്ലെന്നും ഐക്യരാഷ്ട്ര സംഘടനയുടെ തത്വങ്ങള്‍ക്ക് എതിരായാണ് നിലവില്‍ രാഷ്ട്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓരോ രാജ്യങ്ങളും നയതന്ത്രബന്ധങ്ങളില്‍ ഏര്‍പ്പെടുന്നത് സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണെന്നും അത് രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണ സഹവര്‍ത്തിത്ത്വം ഇല്ലാതാക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

ഖുറേഷി വധത്തിലും റോഹിംഗ്യന്‍ പ്രശ്നത്തിലും ഇന്ത്യയ്ക്ക് മൗനം പാലിക്കാന്‍ സാധിക്കില്ലെന്നും നയതന്ത്ര ബന്ധങ്ങളില്‍ തുലനാവസ്ഥ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read:  സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് പുറത്താക്കിയതിനു പിന്നാലെ അലോക് വര്‍മ്മ രാജിവെച്ചു; പുതിയ പദവി ഏറ്റെടുക്കില്ല

ചൈനയുടെ ത്വരിതഗതിയിലുള്ള വളര്‍ച്ച ഇന്ത്യയെ മോശമായി ബാധിക്കുമെന്നും പങ്കെടുത്ത പ്രമുഖ ഇന്ത്യന്‍ നയതത്രജ്ഞനായ വേണു രാജമണി വാദിച്ചു.

അയല്‍പക്ക രാജ്യങ്ങളുമായി സൗഹൃദബന്ധത്തില്‍ ഏര്‍പ്പെടാതെ നയതന്ത്രത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കില്ലെന്നും അവസരങ്ങള്‍ക്കനുസരിച്ച് ചൈനയെപ്പോലെ ഇന്ത്യ പെരുമാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്ത്രീ സുരക്ഷയില്‍ മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യ പിന്നോട്ടാണെന്ന് ടി. പി. ശ്രീനിവാസന്‍ പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിനുള്ള കൂടുതല്‍ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കണമെന്നും മത്സര രാഷ്ട്രീയത്തില്‍ ചില കാര്യങ്ങളില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏത് ഭരണകൂടം വന്നാലും ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് തീവ്രവാദവും ഭീകരവാദവും എന്ന് അദ്ദേഹം വിമര്‍ശിച്ചു.
ആഗോളവത്കരണം ലോകരാജ്യങ്ങള്‍ക്കിടയില്‍ തൊഴിലവസരങ്ങള്‍ നഷ്ടമാകുന്നതിന് കാരണമാകുന്നു.

റോബോട്ടുകളുടെ കണ്ടുപിടുത്തം മനുഷ്യശേഷിയെ ഇല്ലാതാക്കുകയാണെന്ന് വേണു രാജാമണി ചൂണ്ടിക്കാട്ടി. അറബ് രാജ്യങ്ങളുടെ ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കണമെന്നും അത് ഭാവിയിലേക്ക് മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement