എഡിറ്റര്‍
എഡിറ്റര്‍
കാവ്യാമാധവന്റെ വില്ലയിലെ സന്ദര്‍ശക രജിസ്റ്റര്‍ നശിച്ചനിലയില്‍; രജിസ്റ്റര്‍ മനഃപൂര്‍വം നശിപ്പിച്ചതാണോ എന്ന അന്വേഷണവുമായി പൊലീസ്
എഡിറ്റര്‍
Tuesday 12th September 2017 10:40am

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ വില്ലയിലെ സന്ദര്‍ശക രജിസ്റ്റര്‍ നശിച്ചനിലയില്‍. കാവ്യാ മാധവന്റെ കൊച്ചി വില്ലയിലെ സന്ദര്‍ശക രജിസ്റ്റര്‍ നശിച്ചുവെന്ന് സുരക്ഷാ ജീവനക്കാരാണ് അന്വേഷണസംഘത്തോട് വ്യക്തമാക്കിയത്.

കേസിലെ മുഖ്യ പ്രതിയായ സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനി താന്‍ കാവ്യയുടെ വില്ലയില്‍ എത്തിയിരുന്നെന്ന് മൊഴി നല്‍കിയിരുന്നു. രജിസ്റ്ററില്‍ പേരും ഫോണ്‍ നമ്പരും കുറിച്ചിരുന്നുവെന്നും സുനി മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സന്ദര്‍ശക രജിസ്റ്റര്‍ നശിച്ചതായി കണ്ടെത്തിയത്.


Dont Miss തെരഞ്ഞെടുപ്പിന് മുന്‍പേ പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കാന്‍ തയ്യാറെന്ന് രാഹുല്‍ഗാന്ധി; മോദി തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന മെഷീനെന്നും വിമര്‍ശനം


കാവ്യ മാധവന്റെ കൊച്ചിയിലെ വില്ലയില്‍ താന്‍ പോയിട്ടുണ്ടെന്നും അവിടുത്തെ സന്ദര്‍ശക രജിസ്റ്ററില്‍ തന്റെ പേരും മൊബൈല്‍ നമ്പരും കുറിച്ചിരുന്നെന്നും നേരത്തെ പള്‍സര്‍ സുനി പൊലീസിന് മൊഴി നല്‍കിയിരുന്നു.

അതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സന്ദര്‍ശക രജിസ്റ്റര്‍ അന്വേഷിച്ചിറങ്ങിയതും. അതേസമയം രജിസ്റ്റര്‍ മനഃപൂര്‍വം നശിപ്പിച്ചതാണോ എന്നുളള അന്വേഷണവും പൊലീസ് നടത്തുന്നുണ്ട്. രജിസ്റ്ററിലൂടെ കാവ്യയും പള്‍സര്‍ സുനിയുമായുളള ബന്ധം സ്ഥിരീകരിക്കാനാണ് പൊലീസിന്റെ ശ്രമം.

വെള്ളം വീണ് നശിച്ചെന്നാണ് വില്ലയിലെ സുരക്ഷാ ജീവനക്കാരുടെ വാദം. കൊച്ചിയില്‍ നടി ആക്രമിക്കപ്പെടുന്നതിന് മുമ്പും ശേഷവുമുള്ള രജിസ്റ്ററാണ് നശിച്ചത്.

അതേസമയം രണ്ടുമാസത്തിലേറെയായി ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് നാളെ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കും. പ്രധാന സാക്ഷികളുടെയെല്ലാം മൊഴിയെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇനി ദിലീപിന്റെ ജാമ്യം തടയേണ്ട കാര്യമില്ലെന്നാണ് പ്രതിഭാഗത്തിന്റെ നിലപാട്.

എന്നാല്‍ ദിലീപ് ജയിലില്‍ അടക്കപ്പെട്ട് 90 ദിവസം തികയുന്ന ഒക്ടോബര്‍ പത്തിന് മുന്‍പായി കുറ്റപത്രം സമര്‍പ്പിച്ച് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് തടയാനുളള നീക്കത്തിലാണ് പൊലീസ്. നേരത്തെ രണ്ടുതവണ ജാമ്യത്തിനായി ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ച് ഹൈക്കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.

Advertisement