വിവാഹത്തിന് വിസമ്മതിച്ചു; ജാര്‍ഖണ്ഡില്‍ 19കാരിക്ക് പഞ്ചായത്ത് അംഗങ്ങളുടെ ക്രൂരമര്‍ദനം
national news
വിവാഹത്തിന് വിസമ്മതിച്ചു; ജാര്‍ഖണ്ഡില്‍ 19കാരിക്ക് പഞ്ചായത്ത് അംഗങ്ങളുടെ ക്രൂരമര്‍ദനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th May 2023, 9:58 pm

പലാമു: വിവാഹത്തിന് വിസമ്മതിച്ചതിന്റെ പേരില്‍ ജാര്‍ഖണ്ഡില്‍ 19കാരിക്കെതിരെ ക്രൂര മര്‍ദനം. പെണ്‍കുട്ടിയുടെ മുടി മുറിക്കുകയും, ക്രൂരമായി മര്‍ദിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ജാര്‍ഖണ്ഡിലെ പലാമു ജില്ലയിലാണ് പഞ്ചായത്ത് അംഗങ്ങളുടെ ക്രൂരമായ ആക്രണം നടന്നിരിക്കുന്നത്.

വിവാഹ ദിവസം നാട്ടില്‍ നിന്ന് കാണാതായ യുവതി ഞായറാഴ്ച തിരിച്ചു വന്നപ്പോഴാണ് മര്‍ദനത്തിനിരയായതെന്ന് പതാന്‍ പൊലീസ് സ്‌റ്റേഷന്‍ ഇന്‍- ചാര്‍ജ് ഗുല്‍ഷാന്‍ ഗൗരവ് പി.ടി.ഐയോട് പറഞ്ഞു.

‘മൂന്ന് പഞ്ചായത്തംഗങ്ങളെയും പെണ്‍കുട്ടിയുടെ സഹോദരന്റെ ഭാര്യയെയും ചോദ്യം ചെയ്യുന്നുണ്ട്. അയല്‍വാസികള്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം ഏപ്രില്‍ 20ന് യുവതിയുടെ വിവാഹം ഉറപ്പിച്ചതാണ്. എന്നാല്‍ വിവാഹത്തിനായി വരനും കുടുംബവും വീട്ടില്‍ വന്നപ്പോള്‍ യുവതി വിസമ്മതിക്കുകയായിരുന്നു.

അതിന് ശേഷം യുവതിയെ കാണാതാകുകയും ഞായറാഴ്ച തിരികെ വീട്ടിലേക്ക് വരികയും ചെയ്തു.

തിരികെ വന്ന യുവതിയെ കുടുംബാംഗങ്ങളുടെ മുന്നില്‍ വെച്ച് ഗ്രാമ പഞ്ചായത്ത് വിളിച്ചുകൂട്ടുകയായിരുന്നു. എന്നാല്‍ ഇത്രയും ദിവസം എവിടെയായിരുന്നു എന്ന പഞ്ചായത്തിന്റെ ചോദ്യത്തിന് അവര്‍ മറുപടി നല്‍കിയില്ല. തുടര്‍ന്ന് പഞ്ചായത്ത് അംഗങ്ങളുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ അവരുടെ മുടി മുറിച്ച് ഗ്രാമത്തിലൂടെ ഓടാന്‍ ആവശ്യപ്പെട്ടു,’ ഗുല്‍ഷാന്‍ പറഞ്ഞു.

അതേസമയം മേദിനിനഗര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് യുവതിയിപ്പോള്‍.

CONTENT HIGHLIGHT: refused to marry; 19-year-old girl brutally beaten by panchayat members in Jharkhand