നാര്‍ക്കോട്ടിക്‌സ് ജിഹാദ് പരാമര്‍ശം; ഭൂരിപക്ഷ അഭിപ്രായം എന്താണോ അതിനൊപ്പം നില്‍ക്കും: സുരേഷ് ഗോപി
Kerala News
നാര്‍ക്കോട്ടിക്‌സ് ജിഹാദ് പരാമര്‍ശം; ഭൂരിപക്ഷ അഭിപ്രായം എന്താണോ അതിനൊപ്പം നില്‍ക്കും: സുരേഷ് ഗോപി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th September 2021, 12:30 pm

തൃശൂര്‍: പാല ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ ഭൂരിപക്ഷ അഭിപ്രായം എന്താണോ അതിനൊപ്പം നില്‍ക്കുമെന്ന് സുരേഷ് ഗോപി എം.പി.

ബിഷപ് സഹായം തേടിയാല്‍ ഇടപെടുമെന്നും എന്നാല്‍ അങ്ങേട്ടുപോയി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ കൂടുതല്‍ അഭിപ്രായം വരട്ടെയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് വിഷയങ്ങള്‍ ഉപയോഗിക്കണമെന്നാണ് ബി.ജെ.പി തീരുമാനം. വിഷയം രാഷ്ട്രീയമായി ഉപയോഗിക്കണമെന്നും ദേശീയ തലത്തില്‍ ചര്‍ച്ചയാക്കണമെന്നുമാണ് ഞായറാഴ്ച കൊച്ചിയില്‍ നടന്ന കോര്‍കമ്മറ്റി യോഗത്തില്‍ തീരുമാനിച്ചത്.

ലൗ ജിഹാദ് വിഷയം ബി.ജെ.പി നേരത്തെ തന്നെ കേരളത്തില്‍ ഉന്നയിച്ചിരുന്നു. ഇപ്പോള്‍ ക്രൈസ്തവ സമുദായം വിഷയം ഏറ്റെടുത്തിട്ടുണ്ട്. ഇത് രാഷ്ട്രീയമായി ഉപയോഗിക്കണം എന്നാണ് കോര്‍കമ്മറ്റി യോഗത്തില്‍ ഉരുത്തിരിഞ്ഞ അഭിപ്രായം.

വിഷയത്തില്‍ ഇടപെടാന്‍ ന്യൂനപക്ഷ മോര്‍ച്ചയ്ക്ക് സംസ്ഥാന ബി.ജെ.പി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ പാല ബിഷപ്പിന് പിന്തുണയുമായി ബി.ജെ.പി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ രംഗത്ത് എത്തിയിരുന്നു.

പാലാ ബിഷപ്പ് ഭീകരവാദികള്‍ക്ക് എതിരായ നിലപാട് ആണ് സ്വീകരിച്ചതെന്നും ഇതിന്റെ പേരില്‍ ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കുകയാണ് സി.പി.ഐ.എമ്മും കോണ്‍ഗ്രസുമെന്നായിരുന്നു കെ.സുരേന്ദ്രന്‍ പറഞ്ഞത്.

നേരത്തെ ബിഷപ്പിന്റെ പ്രസ്താവനയെ പിന്തുണച്ച് കെ.സി.ബി.സിയും പാല രൂപതയും കത്തോലിക്ക സഭയുടെ നിയന്ത്രണത്തിലുള്ള ദീപിക ദിനപ്പത്രവും രംഗത്തുവന്നിരുന്നു.

കേരളസമൂഹം നേരിടുന്ന കടുത്ത വെല്ലുവിളികള്‍ തുറന്നുപറയുന്നത് ഏതെങ്കിലും സമുദായത്തിനെതിരായ ആരോപണമല്ല. അത്തരം തുറന്നുപറച്ചിലുകള്‍ വര്‍ഗീയ ലക്ഷ്യത്തോടെയാണെന്ന് മുന്‍വിധി ആശാസ്യമല്ല. പകരം, ഇത്തരം അപചയങ്ങള്‍ പരിഹരിച്ച് സാമൂഹിക മൈത്രി നിലനിര്‍ത്താനുള്ള ചുമതല സമുദായ നേതൃത്വങ്ങള്‍ ഏറ്റെടുക്കണമെന്നായിരുന്നു കെ.സി.ബി.സിയുടെ പ്രസ്താവന.

എന്നാല്‍ പാല ബിഷപ്പിന്റെ പ്രസ്താവന തള്ളി കല്ദായ സുറിയാനി സഭാധ്യക്ഷന്‍ ബിഷപ് മാര്‍ അപ്രേം, മലങ്കര യാക്കോബായ സഭ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് തുടങ്ങിയവര്‍ രംഗത്ത് എത്തിയിരുന്നു.

നാര്‍ക്കോട്ടിക്സ് ജിഹാദ് പരാമര്‍ശം സംഘപരിവാര്‍ അജണ്ടയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Reference to drug jihad; Suresh Gopi says he agrees with the majority opinion