| Friday, 16th April 2010, 7:41 am

പുതുമകള്‍ നിറഞ്ഞ റെഡ്ഡി കല്യാണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ര്‍ണ്ണാടകയിലും തമിഴ്‌നാട്ടിലുമുള്ള ഒരു പ്രത്യേക വിഭാഗമാണ് റെഡ്ഡികള്‍ . തെലുങ്കാണ് ഇവരുടെ സംസാരഭാഷ. എവിടെ താമസിക്കുന്നുവോ അവിടുത്തെ ജീവിതരീതികളുമായി പൊരുത്തപ്പെടുന്ന വിഭാഗമാണ് ഇക്കൂട്ടര്‍ . ഇവരുടെ വിവാഹം ഏറെ പുതുമ നിറഞ്ഞതും നിരവധി ആചാരങ്ങളോട് കൂടിയതുമാണ്. ഹിന്ദുമതാചാര പ്രകാരമുള്ള ജ്യോതിഷം നോക്കി ശുഭദിനവും സമയവും കണ്ടുപിടിച്ച് വിവാഹം നിശ്ചയിക്കുന്ന രീതിയാണ് റെഡ്ഡികളുടേതും.

വിവാഹഉടമ്പടിയോടെയാണ് കല്യാണചടങ്ങുകള്‍ ആരംഭിക്കുക .മഞ്ഞതുണിയില്‍ തയ്യാറാക്കുന്ന ഈ ഉടമ്പടി വധൂവരന്മാരുടെ പിതാക്കന്മാര്‍ പൂജാരിയുടെ ആശീര്‍വാദത്തോടെ കൈമാറും. പിന്നീട് 100 ല്‍ താഴെ വരുന്ന സംഘവുമായി വരന്‍ വധൂഗൃഹത്തിലെത്തും. വധുവിന്റെ വീട്ടുകാര്‍ക്ക് വരന്‍ താലത്തില്‍ സമ്മാനങ്ങളും പഴങ്ങളും നല്‍കും .

വരന്റെ മാതാവ് വധുവിനെ ആദ്യം കാണുമ്പോള്‍ തന്നെ കുങ്കുമം ചാര്‍ത്തും. സാരിയും ആഭരണങ്ങളും നല്‍കും. പിന്നീട് വരപൂജയാണ്. ഈ സമയത്ത് വധുവിന്റെ വീട്ടുകാര്‍ വരന് സമ്മാനങ്ങള്‍ കൊടുക്കും. വസ്ത്രങ്ങള്‍, പണം, സ്വര്‍ണ്ണാഭരണങ്ങള്‍, വാച്ച് തുടങ്ങിയ നിരവധി സമ്മാനങ്ങള്‍ .

അടുത്ത ചടങ്ങിന് പൈണ്ട്‌ലിപിള്ള എന്നാണ് പേര്. വധുവിനെ കുളിപ്പിച്ച് സുന്ദരിയാക്കുന്നതാണ് ഈ ചടങ്ങ്. വിവാഹദിവസം പുലര്‍ച്ചെയാണ് ഈ ചടങ്ങ്. അഞ്ച്, ഒന്‍പത്, അല്ലെങ്കില്‍ പതിനൊന്ന് സുമംഗലികളാണ് ഈ ചടങ്ങിനുണ്ടാവുക. വധുവിനെ അണിയിച്ചൊരുക്കലാണ് പിന്നെ. വിവാഹചടങ്ങുകള്‍ നടത്തുക വധുവിന്റെ തറവാട്ടിലാണ്. രണ്ട് പൂജാരികള്‍ ചടങ്ങിന് ഉണ്ടാകും.

ദേവാനുഗ്രഹം നേടാനുള്ള കങ്കണശാസ്ത്രം റെഡ്ഡി സമൂഹത്തിലെ വളരെ പ്രധാനപ്പെട്ട ചടങ്ങാണ് .രണ്ട് പിടി അരി ഒരു താലത്തില്‍ വച്ച് അതിന്മേല്‍ മഞ്ഞളില്‍ മുക്കിയ നാളികേരം വക്കും. ഇരട്ടനൂല്‍ കൊണ്ട് ബന്ധിച്ച രണ്ട് മഞ്ഞള്‍ക്കഷണങ്ങളും വക്കും. പൂജാരിമാര്‍ മന്ത്രോച്ചാരണം നടത്തുമ്പോള്‍ വധുവിന്റെ പിതാവ് വധുവിന്റെ കൈകളിലെ നാളികേരം വരന് കൈമാറും. പുത്രിയെ വരന് കൈമാറുന്നതിന്റെ പ്രതീകാത്മകമായ ചടങ്ങാണിത് .

പിന്നീട് ഒരു ചെമ്പുപാത്രത്തില്‍ നിന്ന് വധുവിന്റെ മാതാവ് നാളികേരത്തില്‍ ജലം തൂവുന്നു. ഇതാണ് കന്യാദാനം. ഇതോടെ പുത്രിയുടെ മേലുള്ള മാതാപിതാക്കളുടെ അവകാശങ്ങള്‍ അവസാനിക്കുകയാണ്. മഞ്ഞളില്‍ മുക്കിയ ചരടില്‍ കോര്‍ത്ത പവിത്രമായ താലിമാല വരന്‍ വധുവിന്റെ കഴുത്തില്‍ കെട്ടും. മൂന്നു കുടുക്കിട്ടാണ് ഇത് കെട്ടുന്നത് .വിവാഹത്തിന്റെ പ്രതിജ്ഞാ വചനങ്ങള്‍ ചൊല്ലികൊണ്ട് വധൂവരന്മാര്‍ അഗ്നിക്ക് 7 വലം വക്കും.

വരന്റെ വീട്ടില്‍ എത്തുന്ന വധൂവരന്മാര്‍ക്ക് ഓരോ ഗ്ലാസ് പാല്‍ നല്‍കുന്നതോടെ റെഡ്ഡി കല്യാണം പൂര്‍ണമാവും.

We use cookies to give you the best possible experience. Learn more