എഡിറ്റര്‍
എഡിറ്റര്‍
സിറിയയില്‍ നാലുദിവസത്തെ വെടിനിര്‍ത്തലിന് തയ്യാറാണെന്ന് അസദ് ഭരണകൂടം
എഡിറ്റര്‍
Thursday 25th October 2012 12:10am

ദമാസ്‌കസ്: ഈദ് പ്രമാണിച്ച് സിറിയയില്‍ നാലുദിവസത്തെ വെടിനിര്‍ത്തലിന് തയ്യാറാണെന്ന് അസദ് ഭരണകൂടവും വിമതരും സമ്മതിച്ചതായി യു.എന്‍ ദൂതന്‍ ലക്ദര്‍ ബ്രാഹിമി അറിയിച്ചു.

Ads By Google

ഇതിനുമുമ്പ് പ്രഖ്യാപിച്ച വെടിനിര്‍ത്തലുകള്‍ താമസിയാതെ ലംഘിക്കപ്പെടുകയായിരുന്നു. ഇത്തവണത്തെ വെടിനിര്‍ത്തല്‍ കരാര്‍ വിജയിച്ചാല്‍ ദീര്‍ഘമായ മറ്റൊരു വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടാക്കാമെന്നും സിറിയയിലെ പ്രശ്‌നത്തിന് രാഷ്ട്രീയപരിഹാരം കണ്ടെത്തുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്താമെന്നും കരുതുന്നതായി അറബ്‌ ലീഗ് നേതാവ് നബീലുമായുള്ള ചര്‍ച്ചയ്ക്കുശേഷം ബ്രാഹിമി വ്യക്തമാക്കി.

വെള്ളിയാഴ്ച മുതല്‍ നാലുദിവസത്തെ വെടിനിര്‍ത്തലിന്‌ തയാറാണെന്ന് ഫ്രീ സിറിയന്‍ ആര്‍മി വ്യക്തമാക്കി. വെടിനിര്‍ത്തല്‍ നിര്‍ദേശം സര്‍ക്കാര്‍ സേന പരിഗണിച്ചുവരികയാണെന്നും ഇന്ന് ഇതു സംബന്ധിച്ച തീരുമാനം പ്രഖ്യാപിക്കുമെന്നും സിറിയന്‍ അധികൃതര്‍ വ്യക്തമാക്കി.

ബഷാര്‍ അല്‍ അസാദ് ഭരണകൂടത്തിനെതിരേ 19 മാസമായി നടക്കുന്ന ജനകീയ പ്രക്ഷോഭത്തില്‍ ഇതിനകം മുപ്പതിനായിരത്തിലേറെപ്പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. വിമതരും സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. പതിനായിരങ്ങള്‍ അയല്‍ രാജ്യങ്ങളില്‍ അഭയം തേടി പലായനം ചെയ്തു.

സിറിയന്‍ സേന വെടിനിര്‍ത്തിയാല്‍ തങ്ങളുടെ തോക്കുകളും നിശബ്ദമാകുമെന്ന് ഫ്രീ സിറിയന്‍ ആര്‍മിയുടെ ചീഫ് ജനറല്‍ മുസ്തഫ അല്‍ ഷേക്ക് പറഞ്ഞു. എന്നാല്‍ സിറിയന്‍ സേന വാക്കുപാലിക്കുമോ എന്ന് തീര്‍ച്ചയില്ലെന്നും മുമ്പ് പലതവണ അവര്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്നലെ സിറിയയില്‍ 190 പേര്‍ കൊല്ലപ്പെട്ടതായി ബ്രിട്ടന്‍ ആസ്ഥാനമായുള്ള സിറിയന്‍ ഒബ്‌സര്‍വേറ്ററി അറിയിച്ചു. ഇതിനിടെ സിറിയന്‍ വിമതര്‍ക്ക് സ്റ്റിംഗര്‍ മിസൈല്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ലഭിച്ചിട്ടുള്ളതായി റഷ്യ കുറ്റപ്പെടുത്തി.

Advertisement