2022ല്‍ ചൈനയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി കൂടി; റെക്കോഡ് വര്‍ധന
World News
2022ല്‍ ചൈനയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി കൂടി; റെക്കോഡ് വര്‍ധന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th January 2023, 5:57 pm

ന്യൂദല്‍ഹി: കഴിഞ്ഞ വര്‍ഷം ചൈനയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതിയില്‍ റെക്കോഡ് വര്‍ധന. വ്യാപാര കമ്മി 100 ബില്യണ്‍ ഡോളറിലേക്ക് കുത്തനെ കൂടിയെന്നാണ് ചൈനീസ് കസ്റ്റംസ് റിപ്പോര്‍ട്ട്.

2022ല്‍ ഇറക്കുമതി വ്യാപാരം 135.98 ബില്യണ്‍ ഡോളറിലെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജനുവരി 13ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

കഴിഞ്ഞ വര്‍ഷം 21 ശതമാനത്തിലധികം ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി വര്‍ധിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.

2023 ജനുവരി 13ന് ബീജിങിലെ(Beijing) ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസ്റ്റംസിന്റെ(GAC) റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കഴിഞ്ഞ വര്‍ഷം വ്യാപാരം 8.4 ശതമാനം വര്‍ധിച്ച് 135.98 ബില്യണ്‍ ഡോളറിലെത്തിയെന്നും, ഇന്ത്യയിലേക്കുള്ള ഇറക്കുമതി 97.5 ബില്യണില്‍ നിന്ന് 118.5 ബില്യണ്‍ ഡോളറായി ഉയര്‍ന്നു എന്നും പറയുന്നു.

എന്നാല്‍, ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 2022ല്‍ ഇടിഞ്ഞെന്നും റിപ്പോട്ട് പറയുന്നു. വ്യാപാര കമ്മിയിലും ഇത് വലിയ തിരിച്ചടിയുണ്ടായിട്ടുണ്ട്.
വ്യാപാര കമ്മി 100 ബില്യണ്‍ ഡോളറിനപ്പുറം ഉയരുന്നത് ആദ്യമായാണ്.

ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 28.1 ബില്യണ്‍ ഡോളറില്‍ നിന്ന് 17.48 ബില്യണ്‍ ഡോളറായി കുറഞ്ഞു. വ്യാപാരക്കമ്മി 2021ലെ 69.4 ബില്യണില്‍ നിന്ന് 45 ശതമാനം വര്‍ധിച്ച് 101.02 ബില്യണ്‍ ഡോളറിലെത്തി.

കഴിഞ്ഞ വര്‍ഷം ചൈനയുടെ മൊത്തം വിദേശ വ്യാപാരം റെക്കോഡ് വര്‍ധനവാണ് രേഖപ്പെടുത്തിയത്. ചൈനയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ ആസിയാന്‍
(ASEAN) രരാഷ്ട്രങ്ങളുമായുള്ള വ്യാപാരം 11.2 ശതമാനം വര്‍ധിച്ച് 975.34 ബില്യണ്‍ ഡോളറിലെത്തി. ചൈനയുടെ വ്യാപാര പങ്കാളികളില്‍ യൂറോപ്യന്‍ യൂണിയനിലെ (EU) രാജ്യങ്ങള്‍ രണ്ടാം സ്ഥാനത്താണ്.

ഇന്ത്യയുമായുള്ള കഴിഞ്ഞ വര്‍ഷത്തെ വ്യാപാരം 2021ലെ റെക്കോഡ് മറികടന്നാണ് മുന്നേറിയത്. ഡിമാന്‍ഡ് വീണ്ടെടുക്കല്‍, ഇന്റര്‍മീഡിയറ്റ് സാധനങ്ങളുടെ ഇറക്കുമതി വര്‍ധിപ്പിക്കല്‍, മെഡിക്കല്‍ സപ്ലൈസ് പോലുള്ള പുതിയ ഉല്‍പന്നങ്ങളുടെ ഇറക്കുമതി എന്നിവ കാരണമാണ് ഈ മാറ്റമുണ്ടായത്.

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍, ചൈനയില്‍ നിന്നുള്ള ഇന്ത്യയുടെ ഏറ്റവും വലിയ ഇറക്കുമതികളില്‍ ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകള്‍(APIs),രാസവസ്തുക്കള്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ മെഷിനറികള്‍, മെഡിക്കല്‍ സപ്ലൈസ് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.